'വിശ്വാസികളെ വേദനിപ്പിച്ച സര്‍ക്കാരാണിത്,';കാലില്‍ പിടിച്ച് പുറത്തെറിയണമെന്ന് സുരേഷ് ഗോപി
Kerala News
'വിശ്വാസികളെ വേദനിപ്പിച്ച സര്‍ക്കാരാണിത്,';കാലില്‍ പിടിച്ച് പുറത്തെറിയണമെന്ന് സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th December 2020, 2:45 pm

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപി.
ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി പ്രസംഗത്തില്‍ ആരോപിച്ചത്. ഈ സര്‍ക്കാരിനെ എടുത്ത് കാലില്‍ പിടിച്ച് പുറത്തെറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. തളാപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍.ഡി.എ.സ്ഥാനാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുന്നതിനെടെയായിരുന്നു ആരോപണം.

തട്ടിപ്പും വെട്ടിപ്പും കൊള്ളയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ഇത്തരം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം പാവമാണെന്നും ഇല്ലെങ്കില്‍ ആദ്യ പ്രളയത്തിനു ശേഷം തന്നെ സര്‍ക്കാരിനെയെടുത്ത് പുറത്തു കളഞ്ഞേനെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

‘വിശ്വാസികളെ വേദനിപ്പിച്ച സര്‍ക്കാരാണിത്. അത്തരത്തില്‍ മൂന്നാം മണ്ഡലകാലമാണിത്. എല്ലാത്തിനും ഒരു തീര്‍ത്തെഴുത്തുണ്ടാകും എന്നു തന്നെയാണ് കരുതുന്നത്. പത്ത് ബി.ജെ.പി. എം.എല്‍.എ.മാര്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഈ അവസരത്തില്‍ ചിന്തിച്ചു പോകുന്നു’, സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ബി.ജെ.പി ഭരണം പിടിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
”ഇത്രയും നാള്‍ പ്രവര്‍ത്തകര്‍ നന്നായി പണിയെടുത്തു. എല്ലാത്തിന്റെയും വിലയിരുത്തലുണ്ടാകും, വിലയിരുത്തല്‍ പൂര്‍ണവും സത്യസന്ധവുമാണെങ്കില്‍ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാകും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇങ്ങു വരണം” , എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP MP Suresh Gopi Slams LDF