ഫ്രാന്‍സില്‍ പള്ളിയില്‍ വെച്ച് സ്ത്രീയെ തലയറുത്ത് കൊന്നു; തീവ്രവാദമെന്ന് മേയര്‍
World News
ഫ്രാന്‍സില്‍ പള്ളിയില്‍ വെച്ച് സ്ത്രീയെ തലയറുത്ത് കൊന്നു; തീവ്രവാദമെന്ന് മേയര്‍
ന്യൂസ് ഡെസ്‌ക്
Thursday, 29th October 2020, 6:17 pm

പാരീസ്: ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍പ്പെട്ട ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും ചെയ്തു.
നടന്നത് തീവ്രവാദാക്രമണമാണെന്ന് നീസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററില്‍ പറഞ്ഞു.

ആക്രമണകാരി അറസ്റ്റ് ചെയ്യപ്പെട്ട ശേഷവും ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞെന്ന് മേയര്‍ പറഞ്ഞു. നോത്രദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഫ്രാന്‍സില്‍ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

കൊല്ലപ്പെട്ട അധ്യാപകന്‍ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഇരയാണെന്നായിരുന്നു മക്രോണ്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെ പിന്നാലെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകനാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സുകാരനായ പ്രതി പൊലീസ് വെടിവെപ്പില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Updates From France, Woman Beheaded As 3 Killed At France Church, Mayor Says Terror Attack