എഡിറ്റര്‍
എഡിറ്റര്‍
യു.പി.എ സര്‍ക്കാരിനേക്കാള്‍ ഭേദം മധ്യപ്രദേശിലെ കൊള്ളക്കാര്‍: നിതിന്‍ ഗഡ്കരി
എഡിറ്റര്‍
Friday 12th October 2012 12:50am

ഭോപ്പാല്‍: കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാരിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് തട്ടിപ്പും വെട്ടിപ്പും നടത്തുന്ന മധ്യപ്രദേശിലെ കൊള്ളക്കാരെന്ന് ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി.

എന്തൊക്കെ വിധത്തില്‍ അഴിമതി നടത്തി രാജ്യത്തെ കൊള്ളയടിക്കാമോ അങ്ങനെയെല്ലാം യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ ദ്രോഹിക്കുന്നുണ്ടെന്നും ഗഡ്കരി കുറ്റപ്പെടുത്തി.

Ads By Google

76,000 കോടി രൂപയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, 1.86 ലക്ഷം കോടിയുടെ കല്‍ക്കരി അഴിമതി, 1.76 ലക്ഷം കോടിയുടെ ടുജി സ്‌പെക്ട്രം അഴിമതി തുടങ്ങി ഒട്ടനവധി അഴിമതികളാല്‍ കേന്ദ്രസര്‍ക്കാര്‍ മുങ്ങിയിരിക്കുകയാണ്.

വെറും ആരോപണത്തിന് വേണ്ടിയല്ല അഴിമതി നടത്തിയെന്ന് പറയുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസ് നടത്തിയ അഴിമതികള്‍ക്കൊക്കെ വ്യക്തമായ തെളിവുകള്‍ ഉണ്ട്.

കോണ്‍ഗ്രസും യു.പി.എ സര്‍ക്കാരും അഴിമതി നടത്തിയെന്നത് ബി.ജെ.പിയുടെ ആരോപണങ്ങളല്ല, മറിച്ച് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വെളിപ്പെടുത്തിയതാണ്.

വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. വിലക്കയറ്റം കുതിച്ചുയരുകയും അഴിമതി അനിയന്ത്രിതവുമായിരിക്കുകയാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലേറി കഴിഞ്ഞാല്‍ പിന്നെ സ്വന്തം പോക്കറ്റ് എങ്ങനെ വലുതാക്കാം എന്ന് നോക്കുന്നവരാണ് കോണ്‍ഗ്രസിലെ എല്ലാ പ്രവര്‍ത്തകരും. ജനങ്ങള്‍ക്ക് വേണ്ടിയോ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഗഡ്ഗരി പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പിയുടെ യുജനവിഭാഗം സംഘടിപ്പിച്ച ‘യുവസങ്കല്പ’ ബൈക്ക് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisement