'ഇതരമതസ്ഥനെ പ്രണയിച്ചു'; യു.പിയില്‍ പതിനെട്ടുകാരിയെ വീട്ടുകാര്‍ കൊന്ന് കുഴിച്ചുമൂടി, യുവാവിനേയും കൊലപ്പെടുത്തി
national news
'ഇതരമതസ്ഥനെ പ്രണയിച്ചു'; യു.പിയില്‍ പതിനെട്ടുകാരിയെ വീട്ടുകാര്‍ കൊന്ന് കുഴിച്ചുമൂടി, യുവാവിനേയും കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2022, 3:21 pm

ലഖ്നൗ: ഇതരമതസ്ഥനെ പ്രണയിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ പതിനെട്ട് വയസുള്ള യുവതിയേയും യുവാവിനേയും വീട്ടുകാര്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം നടന്നത്.

യുവതിയേയും യുവാവിനേയും കൊന്നതിന് ശേഷം യുവതിയുടെ ശരീരം കുഴിച്ചു മൂടുകയും, യുവാവിന്റെ ശരീരം അടുത്തുള്ള കരിമ്പ് പാടത്ത് കൊണ്ടുപോയി കളയുകയുമായിരുന്നു. കേസില്‍ റുദൗലി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

ഇപ്പോള്‍ യുവതിയുടെ കുഴിച്ചുമൂടിയ മൃദദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് പൊലീസ്. രണ്ട് പേരുടേയും മൃദദേഹങ്ങള്‍ ഒരുമിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് എ.എസ്.പി ദീപേന്ദ്ര ചൗധരി അറിയിച്ചു.

‘കൊലപാതകം നടന്ന പ്രദേശം മുഴുവന്‍ പൊലീസ് നിയന്ത്രണത്തിലാണ്, എല്ലാ ഭാഗത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടന്ന് പിടിക്കും’ എ.എസ്.പി ദീപേന്ദ്ര ചൗധരി പറഞ്ഞു.

കര്‍ഷകനായ പരാസ് നാഥ് ചൗദരിയാണ് കരിമ്പ് പാടത്ത് നിക്ഷേപിക്കപ്പെട്ട യുവാവിന്റെ മൃദദേഹം ആദ്യം കാണുന്നത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.

കൊലപാതക വിവരത്തെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ യുവാവിന്റെ ദേഹത്ത് ധാരാളം മുറിവുകള്‍ പൊലീസ് കണ്ടെത്തി. യുവാവ് ധരിച്ചിരുന്ന ഷര്‍ട്ടിന്റെ ബട്ടനുകള്‍ എല്ലാം തുറന്നിട്ടതായും, പാന്റ് അഴിഞ്ഞ് കിടക്കുന്ന രീതിയിലുമായിരുന്നു മൃദദേഹം കണ്ടെത്തിയത്.

ട്രാക്ടര്‍ ഡ്രൈവറായ യുവാവ് രാത്രി ജോലിക്ക് പോയതാണെന്നും, അതിന് ശേഷം തിരിച്ചുവന്നില്ലെന്നും, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നെന്നും യുവാവിന്റെ കുടുംബം പൊലീസിനോട് പറഞ്ഞു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവതിയെയും സംശയാത്മകമായ സാഹചര്യത്തില്‍ കൊന്ന് കുഴിച്ച് മൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Content Highlight: UP Teen Girl Killed Allegedly By Her Family Over Inter-Faith Relationship