രാജിക്ക് പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; പിന്നാലെ വീണ്ടും പാര്‍ട്ടിയിലേക്കെന്ന പ്രഖ്യാപനവുമായി യു.പി മന്ത്രി
national news
രാജിക്ക് പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; പിന്നാലെ വീണ്ടും പാര്‍ട്ടിയിലേക്കെന്ന പ്രഖ്യാപനവുമായി യു.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st July 2022, 9:54 pm

ലഖ്‌നൗ: ദളിതനായതിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നു എന്നാരോപിച്ച് യോഗി മന്ത്രിസഭയില്‍ നിന്നും രാജിവെച്ച മന്ത്രി യോഗിയ്‌ക്കൊപ്പം തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക്കാണ് കഴിഞ്ഞ ദിവസം ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തുന്നുവെന്നാരോപിച്ച് മന്ത്രിസ്ഥാനം രാജിവെച്ചത്.

യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്‌തെന്നും പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഖാതികിന്റെ തിരിച്ചുവരവ്. ഇദ്ദേഹം യു.പി ജലവിഭവ വകുപ്പ് മന്ത്രി സ്ഥാനത്തു തന്നെ തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മന്ത്രിസഭയിലെത്തി നൂറുദിവസം പിന്നിട്ടിട്ടും തനിക്ക് യാതൊരു ഉത്തരവാദിത്തങ്ങളും നല്‍കിയില്ലെന്നും ദളിതനായതിനാല്‍ തന്നെ മാറ്റിനിര്‍ത്തുകയാണെന്നും ഖാതിക് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം കത്തയച്ചിരുന്നു.

‘ഞാന്‍ ദളിതനായതിനാല്‍ മന്ത്രിസഭയില്‍ എനിക്ക് ഒരു പ്രാധാന്യവും ആരും നല്‍കിയില്ല, എനിക്ക് മന്ത്രി എന്ന നിലയില്‍ അധികാരവുമില്ല.

സംസ്ഥാനത്തെ ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഞാന്‍ മന്ത്രിസഭയിലുള്ളത് കൊണ്ട് ദളിത് വിഭാഗത്തിന് ഉപകാരമില്ലാത്ത അവസ്ഥയാണ്. എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല, എന്റെ വകുപ്പിനെ കുറിച്ച് മാത്രം ഒന്നും പറയുന്നില്ല. ഇത് ദളിത് സമൂഹത്തെ അപമാനിക്കലാണ്,’എന്നായിരുന്നു രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്.

ഏറെ മാനസിക സംഘര്‍ഷത്തോടെയാണ് പാര്‍ട്ടി വിടുന്നതെന്നും കത്തില്‍ കുറിച്ചിരുന്നു.

ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് രണ്ടാം വട്ടവും യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. ഈ വസ്തുതയിരിക്കെ ജാതി കാരണം താന്‍ മന്ത്രിസഭയില്‍ പരാമര്‍ശിക്കപ്പെടുന്നില്ലെന്ന മന്ത്രിയുടെ വാദവും രാജിയും സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ദിനേശ് ഖാതിക്കിന് പുറമെ മന്ത്രിയായ ജിതിന്‍ പ്രസാദും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന വാദങ്ങളും ഉയര്‍ന്നിരുന്നു. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥനെ യോഗി ആദിത്യനാഥ് സസ്പെന്‍ഡ് ചെയ്തതാണ് ഇരുവരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം നടന്ന യു.പി തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിതിന്‍ പ്രസാദ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയത്. യു.പി പി.ഡബ്ല്യൂ.ഡി വകുപ്പ് മന്ത്രിയാണ് ജിതിന്‍ പ്രസാദ്.

എന്നാല്‍ ബി.ജെ.പി സര്‍ക്കാരുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും മുതിര്‍ന്ന് നേതക്കളെ കാണാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ജിതിന്‍ പ്രസാദ് പറഞ്ഞു.

‘യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പം പ്രവര്‍ത്തിക്കുന്നത് വഴി എനിക്ക് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കനായി. കേന്ദ്ര നേതാക്കളെ കാണുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമയം കിട്ടുമ്പോള്‍ അവരെ കാണാമെന്നതാണ് തീരുമാനം,’ ജിതിന്‍ പ്രസാദ് പറഞ്ഞു.

‘പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി ആദിത്യനാഥിന്റെയും സീറോ ടോളറന്‍സ് നയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. വകുപ്പില്‍ ക്രമക്കേടുകള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. നീതിയുക്തമായ അന്വേഷണം ഉണ്ടാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: UP minister said that he will return to the minister chair; decision came after meeting with cm yogi