സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ ഒരു രാത്രി കൂടെ വിടണമെന്ന് മേലുദ്യോഗസ്ഥന്‍; യുവാവ് തീകൊളുത്തി മരിച്ചു
national news
സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ ഒരു രാത്രി കൂടെ വിടണമെന്ന് മേലുദ്യോഗസ്ഥന്‍; യുവാവ് തീകൊളുത്തി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th April 2022, 6:58 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കില്‍ ‘ഭാര്യയെ ഒരു രാത്രി അയക്കണമെന്ന്’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുല്‍ പ്രസാദ് ഡീസല്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.

ജൂനിയര്‍ എഞ്ചിനീയറും സഹായിയും തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പൊലീസിനെ സമീപിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും മരിക്കുന്നതിന് മുമ്പ് ഷൂട്ടി ചെയ്ത വീഡിയോയില്‍ ഗോകുല്‍ പറയുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രതികള്‍ ഗോകുലിനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മറ്റൊരു വീഡിയോയില്‍ ഭാര്യ ആരോപിക്കുന്നുണ്ട്. ‘അദ്ദേഹം വിഷാദാവസ്ഥയിലായി, മരുന്ന് കഴിക്കാന്‍ തുടങ്ങി, പക്ഷേ അവര്‍ അദ്ദേഹത്തെ വെറുതെ വിട്ടില്ല. അലിഗഞ്ചിലേക്ക് മാറ്റി, യാത്രയ്ക്ക് ബുദ്ധിമുട്ടായതുകൊണ്ട് വീട്ടിനടുത്തേക്ക് ഒരു ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടു. ‘നിന്റെ ഭാര്യയെ ഞങ്ങളോടൊപ്പം കിടക്കാന്‍ വിട്ടാല്‍ ഞങ്ങള്‍ നിങ്ങളെ ട്രാന്‍സ്ഫര്‍ ചെയ്യും എന്നാണ് അവര്‍ പറഞ്ഞത്,” ഭാര്യ പറഞ്ഞു.

ജൂനിയര്‍ എഞ്ചിനീയര്‍ നാഗേന്ദ്ര കുമാറിനെയും ഒരു ക്ലര്‍ക്കിനെയും സസ്പെന്‍ഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

 

Content Highlights:  UP Man, Allegedly Asked By Boss To “Send Wife For A Night”, Kills Himself