Administrator
Administrator
നീതി തൂക്കിലേറ്റപ്പെട്ടപ്പോള്‍…
Administrator
Monday 27th June 2011 1:14pm

സി.കെ സുബൈദ

വേലിതന്നെ വിളവു തിന്നുന്ന അവസ്ഥയാണ് ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ കുറച്ചു ദിവസങ്ങളായി കാണുന്നത്. കഴിഞ്ഞയാഴ്ച പതിനൊന്നുവയസ്സുകാരിയായ സോനത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് രാജ്യത്തെ മൊത്തം പിടിച്ചുലച്ച ഒന്നായിരുന്നു. ലാഖിംപൂര്‍ ഗ്രാമത്തിലെ പോലീസ് സ്‌റ്റേഷനടുത്താണ് മരക്കൊമ്പില്‍ തൂങ്ങിയാടുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഭൂമിയില്‍നിന്നും വെറും നാലടി മാത്രം ഉയരത്തിലുള്ള മരക്കൊമ്പില്‍  പെണ്‍കുട്ടി ‘ തൂങ്ങിമരിച്ച’ സംഭവത്തില്‍ പോലീസിന് പങ്കുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറയുമ്പോഴും അധികാരികള്‍ ഈ വാര്‍ത്തയെ നിഷേധിക്കുകയാണുണ്ടായത്.

തങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്നും ബോധപൂര്‍വം പിന്‍മാറുന്ന ജനരക്ഷകരെയാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്. പ്രശാന്തസുന്ദരമായ ഈ മനോഹരഗ്രാമത്തിലേക്ക് കാക്കിവസ്ത്രമണിഞ്ഞവരുടെ പൈശാചിക വിളയാട്ടം നടത്തിയത് ഗ്രാമത്തിന്റെ ശാന്തിയും സമാധാനവും എന്നെന്നേക്കുമായി നഷ്ടപ്പെടാനിടയായി. ഏതുനിമിഷവും പ്രക്ഷുബ്ധമായേക്കാവുന്ന ഒരന്തരീക്ഷമാണ് ഉത്തര്‍പ്രദേശിലെ ഈ ജില്ലയില്‍. സംഘര്‍ഷഭരിതമാണ് അവിടുത്തെ ആളുകളുടെ മനസ്സും.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു ചുറ്റും കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവരുടെ ഓരോ നീക്കങ്ങളും സൂക്ഷമനിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ പിതാവ് ഇന്‍തിസാം അലി മാത്രമല്ല, പുറംലോകമറിയാതെ ഇത്തരം പ്രശ്‌നങ്ങള്‍ ആ ഗ്രാമത്തില്‍ ഏകദേശം 50 ഓളംകുടുംബങ്ങളനുഭവിക്കുന്നുണ്ട്. ഏകദേശം ഒരാഴ്ചയ്ക്കുമുമ്പാണ് അലിയുടെ പതിനൊന്ന്കാരിയായ  മകളെ ലോക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അധികാരസ്വാധീനമുപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സോനത്തിന്റേത് ആത്മഹത്യയാണെന്ന് പോലീസ് വരുത്തിത്തീര്‍ക്കുകയാണുണ്ടായത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ട് തുടര്‍പരിശോധനയ്ക്കുവിധേയമാക്കപ്പെട്ടപ്പോള്‍ അതൊരാത്മഹത്യയല്ല, മറിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയാനിടയായി. എന്നാല്‍ റിപ്പോര്‍ട്ട് തിരുത്തിയതുകൊണ്ടോ വാക്കുകളില്‍ മാത്രമൊതുങ്ങുന്ന നടപടികള്‍ പോലീസുകാര്‍ക്കെതിരെയെടുത്തതുകൊണ്ടോ നഷ്ടപ്പെട്ടതു തിരിച്ചുകിട്ടില്ലെന്നതായിരിക്കാം സോനത്തിന്റെ മാതാപിതാക്കള്‍ ഈ റിപ്പോര്‍ട്ട് തീര്‍ത്തും അവഗണിച്ചത്.

മകള്‍ക്ക് 11 വയസ്സാണെന്നും മാധ്യമങ്ങളില്‍ കൊടുത്തത് 14 വയസ്സാണെന്നും സോനത്തിന്റെ മാതാവ് തരന്നും അലി പറയുന്നു. സ്‌റ്റേഷനില്‍വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷി വിവരണമുണ്ട്. സോനത്തിന്റെ സഹോദരനായതുകൊണ്ടായിരിക്കണം ദൃക്‌സാക്ഷിയ്ക്കും സ്ഥാനം ലഭിച്ചില്ല.

ജൂണ്‍ 27 ന് നിശ്ചയിച്ചിട്ടുള്ള സോനത്തിന്റെ സഹോദരി റുക്‌സാനയുടെ വിവാഹക്ഷണക്കത്തുമായി പിതാവ് അലി അടുത്ത ഗ്രാമമായ ഷാജഹാന്‍പൂരിലേക്ക് പോയ ദിവസമാണ് സംഭവം നടക്കുന്നത്. സംഭവത്തെക്കുറിച്ച് തരന്നും അലി വിവരിക്കുന്നതിങ്ങനെ: സോനവും സഹോദരനായ അര്‍മാനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൃഷിവളപ്പില്‍ പശുവിനെ നോക്കിനില്‍ക്കുകയായിരുന്നു ഞാന്‍. കയറുപൊട്ടിച്ചോടിയ പശുവിന്റെ പിന്നാലെ എന്നാലാവുംവിധം ഞാന്‍ ഓടി. എനിക്ക് പറ്റില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ സോനത്തിനോടാവശ്യപ്പെട്ടു.

അനുസരണശീലമുള്ള സോനം പശുവിനെ അന്വേഷിച്ചുപോയി. അവളുടെ പിന്നാലെ അര്‍മാനും. സമയം 10 മണിയായിക്കാണും. ഏകദേശം 12 മണിയോടെ പശു തിരിച്ചെത്തി. എന്നാല്‍ അതിന്റെ കൂടെ എന്റെ മക്കളുണ്ടായിരുന്നില്ല. കാണാതായതിനെത്തുടര്‍ന്ന് ഞാന്‍ വിഷമിച്ചു. പലയിടത്തും അന്വേഷിച്ചു. പോലീസ് സ്‌റ്റേഷനില്‍ അവളുണ്ടാകുമെന്നത് ഞാനോര്‍ത്തില്ല. അതുകൊണ്ടുതന്നെ അവിടെ ഞാനന്വേഷിച്ചുമില്ല. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് പോലീസിന്റെ ചുമതല. അവരുടെ ശ്രദ്ധയില്‍പെട്ടാല്‍ സോനത്തെ അവര്‍ വീട്ടിലെത്തിക്കുമെന്ന് ഞാന്‍ കരുതി.

എല്ലായിടത്തും അന്വേഷിച്ചെങ്കിലും എനിക്കെന്റെ മക്കളെ കണ്ടെത്താനായില്ല. വൈകുന്നേരത്തോടെ അര്‍മാനെ ഞാന്‍ കണ്ടു. അയല്‍വാസിയുടെ വീട്ടില്‍ ടി.വി കാണുകയായിരുന്നു അവന്‍. സോനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവനാകെ പരിഭ്രാന്തനായി കാണപ്പെട്ടു. അമ്മയുടെ സമാശ്വാസവാക്കുകള്‍ക്കൊടുവിലാണ് അഞ്ചുവയസ്സുകാരന്‍ അര്‍മാന്‍ ഞെട്ടിപ്പിക്കുന്ന സത്യം തുറന്നു പറഞ്ഞത്.

കൃഷിസ്ഥലത്തുനിന്നും വിറളി പിടിച്ചോടിയ പശു ചെന്നെത്തിയത് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലാണ്. പശുവിനെ രണ്ടു പോലീസുകാര്‍ തടഞ്ഞുവെച്ചു, ഒപ്പം വന്ന സോനത്തെയും അര്‍മാനെയും. അവരിലൊരാള്‍ സോനത്തെയുംകൂട്ടി അകത്തെ മുറിയിലേക്ക് പോയി. മറ്റെയാള്‍ അര്‍മാനെ പുറത്തു കാവലിരുത്തി. അകത്തുനിന്നുയരുന്ന ശബ്ദങ്ങള്‍ക്ക് ഒരു നിശബ്ദസാക്ഷിയെന്നോണം അര്‍മാന്‍ മുറിയുടെ പുറത്തിരുന്നു. ഇതിനിടെ വീട്ടിലേക്ക് പോകാന്‍ വാശിപിടിച്ച സോനത്തിനോട് ശബ്ദമുണ്ടാക്കാതെ മുറിയ്ക്കുള്ളിലിരിക്കാന്‍ പോലീസുകാര്‍ ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അലര്‍ച്ചയാണ് കേട്ടത്.

എല്ലാം കേട്ടുകൊണ്ട് മൂകസാക്ഷിയായി അപ്പോഴും അര്‍മാന്‍ പുറത്തിരിപ്പുണ്ടായിരുന്നു. അല്‍പസമയത്തിനകം പോലീസുകാര്‍ മുറിവിട്ട് പുറത്തേക്ക് വന്നു. അവിടെ നടന്ന സംഭവങ്ങളെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് പോലീസുകാര്‍ ഭീഷണി മുഴക്കിയതായും അര്‍മാന്‍ പറയുന്നു. അകത്തെ മുറിയിലേക്ക് ചെന്ന അര്‍മാനെ കാത്തിരുന്നത് ചേതനയറ്റ സഹോദരിയുടെ ശരീരമായിരുന്നു.

വിനയ് കുമാര്‍ സിംഗ്, ശിവ് കുമാര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരാണ് കൃത്യത്തിനുപിന്നിലെന്ന് അര്‍മാന്റെ മൊഴിയില്‍നിന്നും വ്യക്തമായി. മക്കളെ കാണാതെ അലയുന്ന അമ്മയുടെ വിഷമം മനസ്സിലാക്കാനുള്ള പ്രായമെത്തിയിട്ടില്ലാത്തതുകൊണ്ടായിരിക്കാം സ്‌റ്റേഷനില്‍നിന്നും അര്‍മാന്‍ നേരെ പോയത് അയല്‍വാസിയുടെ വീട്ടിലേക്ക്. അമ്മയെ കണ്ടെങ്കിലും ഭയം കാരണം അവനൊന്നും തുറന്നുപറഞ്ഞില്ല.

രാത്രി ഏറെ വൈകിയാണ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ സോനത്തെ കണ്ടെത്തിയത്. മരക്കൊമ്പില്‍ തൂങ്ങിയാടുന്ന അവളുടെ അവസ്ഥ തരന്നുമിനെ അലട്ടുന്നതായിരുന്നു. അവളുടെ കഴുത്ത് ദുപ്പട്ട കൊണ്ട് ചുറ്റിയിരുന്നു. പ്രാര്‍ത്ഥനയ്ക്കായി കുനിഞ്ഞുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു അവള്‍. ആത്മഹത്യയാണെന്ന പോലീസ് ഭാഷ്യത്തെ പൂര്‍ണമായും പിന്തള്ളാന്‍ ആ കാഴ്ച തന്നെ മതിയായിരുന്നു.

അവളുടെ കാല്‍ നിലത്തുതട്ടിനില്‍ക്കുന്ന സ്ഥിതിയിലായിരുന്നു. അങ്ങനെയുള്ളൊരവസ്ഥയില്‍ എങ്ങനെയാണ് ആത്മഹത്യ സാധ്യമാകുന്നത്. മാത്രമല്ല, വെറും പതിനൊന്നു വയസ്സു പ്രായമുള്ള ഒരു കുട്ടിയ്ക്ക് ആത്മഹത്യയെക്കുറിച്ച് എന്തറിയാനാണ്. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. സോനം സ്‌റ്റേഷന്‍ വളപ്പിലെത്തിയതെങ്ങനെയാണെന്ന് സദാ ജാഗരൂകനായിരിക്കേണ്ട പോലീസുകാര്‍ക്കറിയാതെ പോയത് എന്തുകൊണ്ടായിരിക്കാം.

ആധുനികസാങ്കേതികവിദ്യയുടെ അതിപ്രസരമില്ലാത്ത ആ ഗ്രാമത്തില്‍ മൊബൈല്‍ഫോണ്‍ ലഭ്യമല്ലായിരുന്നു. സന്ദേശങ്ങള്‍ കൈമാറാന്‍ അവരെസംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. മകളുടെ വിവാഹത്തിനു ക്ഷണിക്കാന്‍ പോയ അലിയെ ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് തരന്നും വിളിക്കുന്നത്. ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞ് രാത്രിയോടെ വീട്ടിലെത്തിയ തരന്നുമിനെ കാത്ത് വീടിനുചുറ്റും വന്‍ജനാവലി തന്നെയുണ്ടായിരുന്നു. രണ്ടുപോലീസുകാര്‍ സോനത്തിന്റെ മൃതദേഹം വെള്ളത്തുണിയില്‍ പൊതിഞ്ഞുകൊണ്ടുവന്നു. മൃഗങ്ങള്‍ക്കുനല്‍കുന്ന പരിഗണനപോലും അവര്‍ ആ ബാലികയോടു ചെയ്യാന്‍ തയ്യാറായില്ലെന്നത് വേദനാജനകമാണ്.

മൃതദേഹവുംകൊണ്ട് പോലീസുകാര്‍ ആശുപത്രിയിലേക്ക് തിരിച്ചു. മൃതദേഹത്തെ അനുഗമിക്കാന്‍ തരന്നുമിനെ അവര്‍ അനുവദിച്ചില്ല. ഒരമ്മയ്ക്കു നല്‍കേണ്ട പരിഗണന അവിടെ നിഷേധിക്കപ്പെട്ടു. എങ്കിലും ഒരു വാടകക്കാറില്‍ ആ അമ്മ അവരെ പിന്തുടര്‍ന്നു. അവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടെഴുതി, സോനം ആത്മഹത്യ ചെയ്തതാണെന്ന്. സംഭവം ഇത്രയായപ്പോഴേക്കും കാര്യങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

ആത്മഹത്യ ചെയ്തതാണെന്നു സ്ഥിരീകരിച്ച ആ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ സാധുതയെ നാട്ടുകാരും മാധ്യമങ്ങളും ചോദ്യം ചെയ്തു. പ്രതിഷേധത്തെത്തുടര്‍ന്ന് സോനത്തിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തനു വിധേയമാക്കി. ആദ്യറിപ്പോര്‍ട്ടില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു പുതിയ റിപ്പോര്‍ട്ട്. സോനം മരിച്ചത് ശ്വാസംമുട്ടലിനെത്തുടര്‍ന്നല്ലെന്നും കഴുത്തുഞെരിച്ചുകൊന്നതാണെന്നുമായിരുന്നു പുതിയ റിപ്പോര്‍ട്ട്. മാത്രമല്ല, അവള്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി.

എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ രക്ഷിതാക്കള്‍ തൃപ്തരായിരുന്നില്ല. സോനത്തെ കൊല്ലപ്പെടുത്തിയതിന്റെ കാരണം പോലീസ് വ്യക്തമാക്കാതിരുന്നതില്‍ അവര്‍ പ്രതിഷേധിച്ചു. മാനഭംഗപ്പെടുത്തി എന്നുള്ളത് വാസ്തവമാണ് എന്നാല്‍ എന്തിന് കൊലപ്പെടുത്തി എന്നത് വ്യക്തമല്ല. നീതി ആവശ്യപ്പെട്ടുകൊണ്ട് ആ മാതാപിതാക്കള്‍ സി.ബി.ഐയെ സമീപിച്ചു. കുറ്റം ചെയ്തവര്‍ ആരായിരുന്നാലും അവര്‍ ശിക്ഷിക്കപ്പെടണം. ഒരു നിയമത്തിന്റെ മുന്നിലും അവര്‍ സംരക്ഷിക്കപ്പെടാന്‍ പാടില്ലെന്നതിനാല്‍ കേസ് സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് അവര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചു.

സംഭവത്തെത്തുടര്‍ന്ന് സ്‌റ്റേഷനില്‍ പുതിയതായി നിയമിതരായ ഉദ്യോഗസ്ഥരുടെ പെരുമാറ്റവും വിചിത്രമായിരുന്നു. കേസിനെക്കുറിച്ച് സംസാരിക്കാന്‍ സോനത്തിന്റെ മാതാപിതാക്കള്‍ അവരെ സമീപിച്ചെങ്കിലും അവരൊഴിഞ്ഞുമാറുകയാണുണ്ടായത്. തങ്ങള്‍ പുതിയതായി വന്നതാണെന്നും ആരോപണവിധേയര്‍ സ്ഥലത്തതിനാല്‍ കൂടുതല്‍ അന്വേഷണം സാധ്യമല്ലെന്നും പോലീസുകാര്‍ വ്യക്തമാക്കി. ഇതിനിടയില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ചില നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.

സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന 11 പോലീസുകാരെയും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ രവി ശ്രീവാസ്തവയെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഈ സസ്‌പെന്‍ഷന്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സംരക്ഷിക്കാനാണ് അവരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതെന്ന ആരോപണമുയര്‍ന്നു. എല്ലാ അര്‍ത്ഥത്തിലും അത് ശരിയാണ്. കാരണം എല്ലാത്തിനും സാക്ഷിയായി ഒരു അഞ്ചുവയസ്സുകാരനുണ്ടെന്ന കാര്യം അപരാധികളെ സംരക്ഷിക്കുന്ന ഭരണകൂടത്തിനോര്‍മ്മയുണ്ടായിരുന്നു. ഒരു പക്ഷേ അവര്‍ ആ ഗ്രാമത്തില്‍തന്നെ തുടരുകയാണെങ്കില്‍ ആ അഞ്ചുവയസ്സുകാരന്‍ അവരെ തിരിച്ചറിയുമെന്ന് സംരക്ഷകര്‍ ഭയന്നിരിക്കണം.

സംഭവത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സംസ്ഥാനമൊട്ടാകെ പ്രതിഷേധാഗ്‌നി ആളിക്കത്തി. മായാവതി സര്‍ക്കാരിനെതിരെ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തി. നിയമപാലകരാകേണ്ട സര്‍ക്കാര്‍ നിയമലംഘകരായിത്തീരുന്നത് പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി. പാര്‍ട്ടിപ്രതിഷേധങ്ങളെക്കാള്‍ ശ്രദ്ധേയമായത് യുപിയിലെ ഗ്രാമവാസികള്‍ നടത്തിയ പ്രക്ഷോഭമായിരുന്നു. പാര്‍ട്ടിഭേദമന്യെ നീതിയ്ക്കായി അവര്‍ നിലകൊണ്ടു. ജനങ്ങളെ സംരക്ഷിക്കേണ്ടവരാണ് പോലീസുകാര്‍. സംരക്ഷിക്കേണ്ടവര്‍തന്നെ ശിക്ഷകരായി മാറിയാല്‍ സംസ്ഥാനത്തെ നിയമവ്യവസ്ഥ എന്തായിത്തീരും.

Advertisement