Administrator
Administrator
കാശ്മീരിലെ കുഴിമാടങ്ങള്‍; 2000ത്തിലധികം അജ്ഞാത മൃതദേഹങ്ങള്‍
Administrator
Monday 22nd August 2011 11:27am

ശ്രീനഗര്‍: തിരിച്ചറിയപ്പെടാത്ത 2,156 മൃതദേഹള്‍ അടക്കിയ 38 ശവക്കുഴികള്‍ വടക്കന്‍ കാശ്മീരിലുള്ളതായി മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. ബരാമുല്ല, ബന്ദിപ്പൂര്‍, കുപ്‌വാര എന്നീ മൂന്ന്് സംസ്ഥാനങ്ങളിലായിട്ടാണ് ആയിരക്കണക്കിന് മൃതദേഹങ്ങള്‍ അടക്കിയ അജ്ഞാത ശവവക്കുഴികള്‍ വ്യാപിച്ചു കിടക്കുന്നത്. 1277 മൃതദേഹങ്ങളടക്കിയ കുപ്‌വാരയിലാണ് ഏറ്റവും കൂടുതല്‍ അജ്ഞാത മൃതദേഹങ്ങള്‍ ഉള്ളത്. ബാരാമുല്ലയില്‍ 851 തിരിച്ചറിയാത്ത മൃതദേഹങ്ങളുണ്ട്. രണ്ടായിരത്തിലധികമുള്ള മൃതദേഹങ്ങള്‍ക്കൊപ്പം 557 തിരിച്ചറിഞ്ഞ മൃതദേഹങ്ങളുമുള്‍പ്പെടുന്നതായി ജമ്മുകശ്മീര്‍ ഹ്യൂമന്റൈറ്റ്‌സ് കമീഷന്‍ (എസ്. എച്ച്. ആര്‍. സി) പതിനേഴ് പേജുള്ള റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരിക്കുന്നു.

‘അജ്ഞാത തീവ്രവാദികള്‍’ എന്ന സംശയത്തിന്മേലാണ് ഇവരില്‍ പലരെയും കൊന്ന് കുഴിമാടത്തില്‍ തള്ളിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ശേഖരിക്കാന്‍ ശ്രമം നടന്നില്ല. ഭൂരിപക്ഷം മൃതദേഹങ്ങളിലും വെടിയുണ്ടകളേറ്റതാണ്. ചില മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വയ്യാത്ത വിധം നശിപ്പിച്ചതായും കണ്ടെത്തി. ചില കുഴിമാടങ്ങളില്‍ തലയോട്ടികള്‍ മാത്രമാണ് ശേഷിച്ചത്. പ്രാദേശിക പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ പല കേസുകളിലും എഫ്.ഐ.ആര്‍ പോലുമില്ലെന്ന് കമീഷന്‍ കണ്ടെത്തി. അത്‌കൊണ്ട് കുഴിമാടങ്ങളിലെ അസ്ഥികളുടെ ഡി.എന്‍.എ പരിശോധന നടത്തി ആളുകളെ തിരിച്ചറിയാന്‍ നടപടി വേണമെന്ന് സമിതി നിര്‍ദേശിക്കുന്നു. ഈ മൃതദേഹങ്ങള്‍െ വിവിധ സമരത്തിലേര്‍പ്പെട്ടവരുടേതാണെന്നും മൃതദേഹങ്ങള്‍ സൈന്യം ലോക്കല്‍ പോലീസ് കൈമാറിയതാവാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

1990ല്‍ താഴ്‌വരയില്‍ തീവ്രവാദം പിടിമുറുക്കിയതു മുതല്‍ പതിനായിരത്തിലേറെ പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരെയും വീടുകളില്‍ നിന്ന് സൈന്യം പിടിച്ചിറക്കി കൊണ്ടു പോവുകയായിരുന്നു. അജ്ഞാത കുഴിമാടങ്ങളുണ്ടെന്നും അവ കണ്ടെത്തണമെന്നും ചൂണ്ടിക്കാട്ടി കശ്മീരിലെ കാണാതായവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മ (എ. പി. ഡി. പി) മുമ്പ് പല വിവരങ്ങളും പുറത്തുവിട്ടിരുന്നു. 2008ല്‍ ആണ് ഈ നീക്കം ശക്തിയാര്‍ജിച്ചത്. ഇതിനെത്തുടര്‍ന്ന് 2009ലാണ് സര്‍ക്കാര്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍, സാക്ഷികള്‍ എന്നിവര്‍ക്കു പുറമെ ഗ്രാമസമിതികള്‍, പള്ളി കമ്മിറ്റികള്‍, ശ്മശാന മേല്‍നോട്ടക്കാര്‍ എന്നിവരില്‍ നിന്നുള്ള വിവരങ്ങളും സമിതി ശേഖരിച്ചു. ജീവഭയത്താല്‍ തങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കരുതെന്ന നിബന്ധനയോടെയാണ് പലരും കമീഷന് മൊഴി നല്‍കിയത്. കുറേ പേര്‍ കുഴിമാടങ്ങളുള്ള സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ മടിച്ചെങ്കിലും 62 സാക്ഷികള്‍ വിവരങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വരികയായിരുന്നു.

സൈനികര്‍ക്ക് പ്രത്യേകവകാശങ്ങള്‍ നല്‍കുന്ന നിയമം ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. കാണാതായ പൗരന്മാരെക്കുറിച്ചെല്ലാം നീതിയുക്തമായ പക്ഷഭേദമില്ലാത്ത അന്വേഷണം വേണമെന്ന് കമ്മീഷന്‍ ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ആവിശ്യപ്പെട്ടിരിക്കുകയാണ്. മൂന്നു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിസ്സംഗതയോടെയാണ് സംസ്ഥാന ഗവണ്‍മെന്റ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ‘ഞങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് പഠിക്കട്ടെ. എന്നിട്ടാകാം പ്രതികരണം. ഈ റിപ്പോര്‍ട്ട് ഞ്ഞാനിത് വരെ കണ്ടിട്ടില്ല’-മന്ത്രി നസീര്‍ അസ്ലം വാനി പ്രതികരിച്ചു.

സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ്  വിവരങ്ങള്‍ പുറത്തുവന്നത്. വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടാന്‍ ദേശീയ മനുഷ്യാവകാശ കമീഷനും ഒരുങ്ങുകയാണ്. കശ്മീര്‍ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും സാധ്യമായ ഇടപെടല്‍ നടത്തുമെന്നും ദേശീയ മനുഷ്യാവകാശ കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Advertisement