ആ അജ്ഞാത വാഹിനികളുടെ വീഡിയോകള്‍ ഔദ്യോഗികമായി പുറത്തു വിട്ട് അമേരിക്ക, അന്യഗ്രഹ ജീവികളുടെ സാന്നിധ്യമെന്ന് ഒരു കൂട്ടര്‍, എന്താണെന്ന് വ്യക്തമാവാതെ അമേരിക്ക
World News
ആ അജ്ഞാത വാഹിനികളുടെ വീഡിയോകള്‍ ഔദ്യോഗികമായി പുറത്തു വിട്ട് അമേരിക്ക, അന്യഗ്രഹ ജീവികളുടെ സാന്നിധ്യമെന്ന് ഒരു കൂട്ടര്‍, എന്താണെന്ന് വ്യക്തമാവാതെ അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th April 2020, 12:29 pm

വാഷിംഗ്ടണ്‍: ആകാശത്തിലൂടെ സഞ്ചരിക്കുന്നതായി കാണപ്പെട്ട മൂന്ന് അഞ്ജാത വാഹിനികളുടെ വീഡിയോ യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക. സൈനിക കേന്ദ്രമായ പെന്റഗണ്‍ ആണ് നാവിക സേനയെ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ച അജ്ഞാത വസ്തുക്കളുടെ മൂന്ന് വീഡിയോകള്‍ ഔദ്യോഗികമായി പുറത്തു വിട്ടത്.

വര്‍ഷങ്ങളായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോകള്‍ ആണിത്. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഇതുവരെ സേന നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യു.എസ് സേന ഔദ്യോഗികമായി ഈ വീഡിയോകള്‍ സ്ഥീകരിച്ചത്. FLIR, GODFAST, GIMBAL എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന മൂന്ന് വീഡിയോകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

2004 ല്‍ അമേരിക്കന്‍ നാവിക സേനയാണ് ആകാശത്ത് കൂടി പറക്കുന്ന അജ്ജാത വാഹിനിയെ ആദ്യമായി കാണുന്നത്. പിന്നീട് 2015 ജനുവരിയില്‍ ഇത്തരത്തില്‍ രണ്ടെണ്ണം കൂടി കണ്ടെത്തി. അന്ന് ഇതൊരു സൈനിക നീക്കമാണെന്നായിരുന്നു ആദ്യം കരുതിയത്.

സുരക്ഷയെ കണക്കിലെടുത്ത് വീഡിയോകള്‍ പരിശോധിച്ച് ശേഷം അമേരിക്കക്കെതിരെയുള്ള സൈനിക നീക്കമോ മറ്റു സുരക്ഷാ ഭീഷണികളോ ഇല്ലെന്നാണ് ഇപ്പോള്‍ അമേരിക്കന്‍ സൈന്യം അറിയിക്കുന്നത്.

അതേസമയം ഈ വീഡിയോകളില്‍ കാണുന്ന വാഹിനികള്‍ എന്താണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുമില്ല. ഇതിനിടയിലാണ് ഇപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് അന്യഗ്രഹ ജീവികളുടെ സാന്നിധ്യമാണെന്ന വാദവുമായി ഒരു വിഭാഗം വീണ്ടും മുന്നോട്ട് വന്നിരിക്കുന്നത്.

2004 ലാണ് ഈ വീഡിയോകളിലൊന്നിനാസ്പദമായ സംഭവം നടന്നത്. പസഫിക്കില്‍ നിന്നും 100 മൈല്‍ അകലെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്ന് നാവിക കപ്പലിനെ ട്രാക്ക് ചെയ്യുന്ന ഈ അജ്ഞാത വാഹിനിയെ പറ്റി അന്വേഷിക്കാന്‍ രണ്ട് യുദ്ധ വിമാന പൈലറ്റുമാരെ അയച്ചിരുന്നു. 40 അടി നീളമുള്ള ഒരു വസ്തുവിനെ കാണാമെന്നും അത് ജലത്തിന്റെ ഉപരിതലത്തില്‍ നിന്ന് 50 അടി ഉയരത്തില്‍ സഞ്ചരിക്കുകയുമാണെന്നാണ് പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തത്.

‘ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അത് വേഗത കൂട്ടി’ പൈലറ്റുമാരിലൊരാള്‍ അന്ന് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞതിങ്ങനെയാണ്. 2015 ലിറങ്ങിയ രണ്ട് വീഡിയോകളിലും ഇത്തരത്തില്‍ അതിവേഗത്തില്‍ ഈ വാഹിനികള്‍ സഞ്ചരിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.