അണ്ടര്‍ 15 ബാലന്‍ പണ്ഡിറ്റ് ക്രിക്കറ്റില്‍ ഫാല്‍ക്കണ്‍സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് ചാംപ്യന്‍മാര്‍
Sports
അണ്ടര്‍ 15 ബാലന്‍ പണ്ഡിറ്റ് ക്രിക്കറ്റില്‍ ഫാല്‍ക്കണ്‍സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് ചാംപ്യന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th January 2019, 12:39 pm

കോഴിക്കോട്: കേരളത്തിന്റെ ക്രിക്കറ്റ് ഇതിഹാസം ബാലന്‍ പണ്ഡിറ്റിന്റെ സ്മരണാര്‍ത്ഥം എസ്.വി.ജി.എസ്. സോബേഴ്‌സ് സംഘടിപ്പിച്ച അഞ്ചാമത് അണ്ടര്‍ 15 അഖില കേരളാ ബാലന്‍ പണ്ഡിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫാല്‍ക്കണ്‍സ് ക്ലബ് കോഴിക്കോട് ചാംപ്യന്‍മാര്‍. ഫൈനലില്‍ ആര്‍.എസ്.സി എസ്.ജി. എറണാകുളത്തെ ഒരുവിക്കറ്റിനാണ് തോല്‍പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ആര്‍.എസ്.സി എസ്.ജി 160 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സൗരവ് ജെഫ്രി, സുനില്‍ മേനോന്‍, വിനയ് വര്‍ഗീസ് എന്നിവരുടെ പ്രകടനമാണ് ആര്‍.എസ്.സിയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാന്‍ ഫാല്‍ക്കണിനെ തുണച്ചത്.

ALSO READ: ചരിത്ര വിജയം; ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ മഗ്രാത്തും ടോം മൂഡിയും, ട്വിറ്റര്‍ റിയാക്ഷന്‍

മറുപടി ബാറ്റിനിറങ്ങിയ ഫാല്‍ക്കണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചുറി തികച്ച അദിഷേക് ജി.നായരുടേയും 31 റണ്‍സെടുത്ത സൗരവ് ജെഫ്രിയുടേയും പ്രകടനമാണ് ഫാല്‍ക്കണിനെ വിജയത്തിലെത്തിച്ചത്. 79 റണ്‍സ് എടുത്ത് ടീമിന്റെ ജയത്തില്‍ നിര്‍ണായക സാന്നിധ്യമായ അദിഷേകാണ് മാന്‍ ഓഫ് ദ മാച്ച്.

ആര്‍.എസ്.സിയുടെ തന്നെ പ്രിത്വിഷ് പവനാണ് ടൂര്‍ണമെന്റിലെ താരം. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി ഫാല്‍ക്കണിന്റെ പ്രോമിസ് വര്‍ഗീസിനേയും ബോളര്‍മാരായി ഫാല്‍ക്കണിന്റെതന്നെ സൗരവ് ജെഫ്രിയേയും ദേവ് മനോജിനേയും തെരഞ്ഞെടുത്തു. മുത്തൂറ്റ് ഇ.സി.സിയുടെ ഋത്വിക് റാമാണ് മികച്ച വിക്കറ്റ് കീപ്പര്‍. ആര്‍.എസ്.സി.യുടെ പ്രത്വിഷ് പവനാണ് മികച്ച ഫീല്‍ഡര്‍.

വിജയികള്‍ക്കുള്ള സമ്മാനദാനം ബാലന്‍ പണ്ഡിറ്റിന്റെ ഭാര്യ ലീല പണ്ഡിറ്റ് നിര്‍വഹിച്ചു.