ഇത്രയും മികച്ച ഇന്നിംഗ്സ് കളിച്ച പാടിദാറിന് ഒരിക്കലും വാല്‍ത്താട്ടിയുടെ ഗതി വരരുത്, അങ്ങനെ വന്നാല്‍ അത് ബി.സി.സി.ഐയുടെ പിടിപ്പുകേട്
IPL
ഇത്രയും മികച്ച ഇന്നിംഗ്സ് കളിച്ച പാടിദാറിന് ഒരിക്കലും വാല്‍ത്താട്ടിയുടെ ഗതി വരരുത്, അങ്ങനെ വന്നാല്‍ അത് ബി.സി.സി.ഐയുടെ പിടിപ്പുകേട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th May 2022, 8:14 pm

ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ലഖ്‌നൗ സൂപ്പര്‍ ജയന്റസ് ഐ.പി.എല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ആര്‍.സി.ബി വിജയകൊടി പാറിച്ചിരുന്നു.

ഫാഫ് ഡു പ്ലസിസ്, വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നീ വമ്പന്‍ താരനിര അടങ്ങിയ ആര്‍.സി.ബിയുടെ ഇന്നലത്തെ താരം രജത് പാടിദാറായിരുന്നു. ഡൊമസ്റ്റിക്ക് ലെവലില്‍ മാത്രം കളിച്ചിട്ടുള്ള പാടിദാര്‍ ഇന്നലെ അടിച്ചുകൂട്ടിയത് 112 റണ്ണാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങോറാതെ ഐ.പി.എല്‍ പ്ലേ ഓഫില്‍ സെഞ്ച്വറി അടിച്ച ആദ്യ താരമാണ് പാടിദാര്‍. വെറും 54 പന്തില്‍ നിന്നുമാണ് യുവതാരം 112 റണ്‍ നേടിയത്. എലിമിനേറ്ററില്‍ നൂറടിക്കുന്ന ആദ്യത്തെ താരവും പാടിദാര്‍ തന്നെ.

യുവതാരങ്ങളെ മുന്‍ നിരയിലേക്ക് കൊണ്ട് വരാന്‍ ഐ.പി.എല്ലിന് എന്നും സാധിക്കാറുണ്ട്. ആദ്യമായല്ല ഐ.പി.എല്ലില്‍ അണ്‍ക്യാപ്ഡ് കളിക്കാരന്‍ സെഞ്ച്വറി തികക്കുന്നത്. പാടിദാര്‍ന് മുമ്പേ ആ ലിസ്റ്റില്‍ ഇടം നേടിയത് ആരൊക്കെയാണെന്ന് നോക്കാം.

2008ലെ പ്രഥമ ഐ.പി.എല്‍ സീസണില്‍ ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷായിരുന്നു സെഞ്ച്വറി നേടുന്ന ആദ്യ അണ്‍ക്യാപ്ഡ് കളിക്കാരന്‍. ആ സീണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ മാര്‍ഷ് രാജസ്ഥാനെതിരെയാണ് സെഞ്ച്വറി നേടിയത്.

69 പന്തില്‍ 115 റണ്ണാണ് മാര്‍ഷ് അടിച്ചുകൂട്ടിയത്.

ഇന്ത്യന്‍ താരങ്ങളില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാതെ സെഞ്ച്വറി നേടിയ ആദ്യ കളിക്കാരന്‍ മനീഷ് പാണ്ഡെയാണ്. 2009ല്‍ ആര്‍.സി.ബി.ക്ക് വേണ്ടിയാണ് പാണ്ഡെ സെഞ്ച്വറിയടിച്ചത്.

ആ വര്‍ഷം കിരീടം നേടിയ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 73 പന്തില്‍ 114 റണ്ണാണ് പാണ്ഡെ നേടിയത്. ഐ.പി.എല്ലില്‍ ആദ്യമായി 100 അടിച്ച ഇന്ത്യന്‍ താരവും മനീഷ് പാണ്ഡെയാണ്.

2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്തെറിഞ്ഞ പോള്‍ വാല്‍ത്തട്ടിയുടെ ഇന്നിംഗ്‌സ് ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. 188 റണ്ണെടുത്ത സി.എസ്.കെയെ പഞ്ചാബ് ആറ് വിക്കറ്റിന് തകര്‍ക്കുകായിയുന്നു.

120 റണ്‍സാണ് വാല്‍താട്ടി പുറത്താകാതെ നേടിയത്. ഒരു അണ്‍ക്യാപ്ഡ് പ്ലെയറിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്. 2011 സീസണില്‍ 400നു മുകളില്‍ റണ്ണുകള്‍ നേടിയങ്കിലും പിന്നീടുള്ള സീസണുകളില്‍ ഒന്നും ചെയ്യാനാകാതെ പോയി.

പരിക്കുകള്‍ പിടികൂടിയ അദ്ദേഹം വണ്‍ സീസണ്‍ വണ്ടറായി മാറുകയായിരുന്നു.

വാല്‍താട്ടിക്ക് ശേഷം ഒരു അണ്‍ക്യാപ്ഡ് പ്ലെയര്‍ സെഞ്ച്വറി നേടുന്നത് 2021ലാണ്. ആര്‍.സി.ബിയുടെ മലയാളി താരമായിരുന്ന ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാനെതിരെയാണ് സെഞ്ച്വറി അടിച്ചത്. 52 പന്തില്‍ പുറത്താകാതെ 101 റണ്ണാണ് പടിക്കല്‍ നേടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാതെ സെഞ്ച്വറി നേടിയ കളിക്കാരില്‍ മൂന്ന് പേരും ആര്‍.സി.ബിയില്‍ കളിക്കുമ്പോഴാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ബാക്കി രണ്ട് പേര്‍ പഞ്ചാബിന് വേണ്ടിയും.

 

content highlights: uncapped players hit century in IPL