| Sunday, 29th January 2012, 1:00 pm

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സംഘം ഇറാനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പ്രത്യേക നിരീക്ഷക സംഘം ഇറാനിലെത്തി. ആണവ പദ്ധതിയെക്കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഇറാനുമേല്‍ സമ്മര്‍ദ്ദവും ഉപരോധവും ചെലുത്തുന്ന സാഹചര്യത്തിലാണ് ആണവോര്‍ജ്ജ ഏജന്‍സിയുടെ സന്ദര്‍ശനം.

ഐ.എ.ഇ.എ ചീഫ് ഇന്‍സ്‌പെക്ടര്‍ ഹെര്‍മന്‍ നാക്കേര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ഇറാനിലെത്തിയിരിക്കുന്നത്. മൂന്നു ദിവസമാണ് സന്ദര്‍ശനം.

ഇറാന്‍ തങ്ങളുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കണമെന്നും ഹെര്‍മന്‍ നാക്കേര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് ഇറാന്‍ മറുപടി നല്‍കണമെന്ന് ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനില്‍ ആണവായുധം നിര്‍മ്മിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഈ പരിശോധനയിലൂടെ അവസാനിക്കുമെന്നും രാജ്യത്തിന് ആണവ പദ്ധതിയില്‍ സമാധാനപരമായ ലക്ഷ്യമാണുള്ളതെന്ന് ലോകത്തിന് ബോധ്യമാകുമെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ ഇറാന്‍ അമ്പാസിഡര്‍ അസ്ഗര്‍ സോള്‍ട്ടാനിയ പറഞ്ഞു.

അതേസമയം, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂലായ് ഒന്നോടെ പൂര്‍ണമായി നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. 7 അംഗരാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇറാനിലെ കേന്ദ്ര ബാങ്കിന്റെ ആസ്തികള്‍ മരവിപ്പിക്കുന്നതടക്കമുള്ള മറ്റു ചില സാമ്പത്തിക ഉപരോധങ്ങള്‍ക്ക് കൂടി യൂറോപ്യന്‍ യൂണിയന്‍ കരുക്കള്‍ നീക്കുകയാണ്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്നുള്ള എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് യൂറോപ്യന്‍ യൂണിയന്‍.

ഇതിനു മറുപടിയായി യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതി അടുത്ത ആഴ്ച മുതല്‍ നിര്‍ത്തലാക്കാന്‍ ഇറാന്‍ അധികൃതര്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ആണവോര്‍ജ്ജ ഏജന്‍സിയുടെ ഈ സന്ദര്‍ശനം. തങ്ങളുടെ എണ്ണ വ്യാപാരത്തിന് തടസ്സമുണ്ടാക്കിയാല്‍ ലോകത്തെ എണ്ണ ഗതാഗതത്തിന്റെ പ്രാധാന പാതയായ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇറാന്റെ ഭൂഗര്‍ഭ ആണവ സംവിധാനങ്ങളെയും പരീക്ഷണ ശാലകളെയും നശിപ്പിക്കാന്‍ അമേരിക്ക ഉഗ്ര ശേഷിയുള്ള ബോംബുകള്‍ നിര്‍മ്മിക്കുന്നതായി സൈനികരെ ഉദ്ധരിച്ച് ദി വാള്‍സ്ട്രീറ്റ് ജേണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 3.6 ടണ്‍ ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ബോംബുകളാണ് നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തിലുള്ള 20 ബോംബുകള്‍ നിര്‍മിക്കുന്നതിന് 33 കോടി ഡോളറാണത്രെ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ചെലവഴിക്കുന്നത്.

Malayalam News
Kerala News in English

We use cookies to give you the best possible experience. Learn more