എഡിറ്റര്‍
എഡിറ്റര്‍
കൊള്ളയടി സംഘത്തിന്റെ സംഘാടകനായ മുഖ്യമന്ത്രിയെ വേണോ: വി.എസ്
എഡിറ്റര്‍
Sunday 16th June 2013 12:13pm

V.S. Achuthananthan

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ് നായരുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം പുറത്ത് വന്നത് കേരളത്തെ ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

പുതിയ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നും വി.എസ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Ads By Google

രാജിവെച്ച് മുഖ്യമന്ത്രി അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം രാജിവെപ്പിക്കാന്‍ വേറെ വഴി നോക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊള്ളയടി സംഘത്തിന്റെ സംഘാടകനും സഹായിയുമാണെന്നും വി.എസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സോളാര്‍ കമ്പനിക്ക് അനുകൂലമായി കത്ത് നല്‍കിയതായും എമേര്‍ജിങ് കേരളയില്‍ സോളാര്‍ പദ്ധതി ഉള്‍പ്പെടുത്തുമെന്ന് വാക്ക് നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി.എസ്സിന്റെ പ്രതികരണം.

നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയാത്തത്ര വെളിപ്പെടുത്തല്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. എല്ലാം സുതാര്യമാണെന്ന് വിളിച്ച് പറയുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്.
മുഖ്യമന്ത്രി ഉപയോഗിക്കുന്ന ജോപ്പന്റെ ഫോണും സരിതയുടെ നമ്പറുമായി 70 തവണ ബന്ധപ്പെട്ടിട്ടുണ്ട്. ഇതില്‍ 20 തവണ സരിതയെ അങ്ങോട്ട് വിളിച്ചതാണ്. ഇതിലെ ദുരൂഹത പുറത്ത് കൊണ്ടുവരേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്.

മുഖ്യമന്ത്രിയുടെ ദല്‍ഹി സന്ദര്‍ശനത്തിലെ സഹായിയായ തോമസ് കുരുവിളയുടെ വരുമാന സ്രോതസ്സ് അന്വേഷിക്കണം. കോട്ടയത്തെ ദരിദ്രനായ ആള്‍ എങ്ങനെ കോടീശ്വരാനായി എന്നും ഇയാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സ്റ്റാഫല്ലെന്നും വി.എസ് വ്യക്തമാക്കി.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്തതെന്ന് വ്യക്തമാക്കണം. മൊബൈല്‍ അലര്‍ജിയൊന്നുമല്ലല്ലോ. മൊബൈലിന്റെ ബില്ല് അടക്കുന്നത് സര്‍ക്കാരാണോ എന്നും വ്യക്തമാക്കണം. സര്‍ക്കാരല്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി സ്വാകര്യ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് പറയണമെന്നും വി.എസ് ആവശ്യപ്പെട്ടു. പേഴ്‌സണല്‍ സ്റ്റാഫുകളുടെ തലയില്‍ കെട്ടിവെച്ച് ഒഴിയാനുള്ള ശ്രമം നടക്കില്ല.

അറസ്റ്റിലായ സരിതയുടെ ഭര്‍ത്താവാണെന്ന് പറയപ്പെടുന്ന ബിജു ആദ്യ ഭാര്യയെ കൊന്ന കേസില്‍ പിടികിട്ടാപുള്ളിയാണ്. ഇയാളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച ഒരിക്കിയെന്ന് എം.ഐ ഷാനവാസ് എം.പി തന്നെ വ്യക്തമാക്കിയതാണെന്നും വി.എസ് പറഞ്ഞു.

പോലീസ് കസ്റ്റഡിയില്‍ ഇരിക്കേ സരിതയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ നല്‍കുന്ന ദൃശ്യങ്ങളില്‍ നിന്ന് സരിതയ്ക്ക ഉന്നതരുമായി ബന്ധമുണ്ടെന്ന് വ്യക്തമാണ്. പോലീസ് കസ്റ്റഡിയില്‍ ഇങ്ങനെ ചെയ്യുന്നത് നിയമലംഘനമാണ്. ഇതിന്റെ സത്യാവസ്ഥ അറിയണം.

സരിതയ്ക്ക് ഫോണ്‍ നല്‍കാന്‍ ആരാണ് നിര്‍ദേശിച്ചതെന്ന് വ്യക്തമാകണം. പല മന്ത്രിമാര്‍ക്കും  ഉന്നതര്‍ക്കും സരിതയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതാണ്. ഈ ബന്ധങ്ങള്‍ കാരണമാണ് പോലീസ് ഒരു നടപടിയും എടുക്കാത്തത്.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപണ വിധേയരായ സാഹചര്യത്തില്‍ എ.ഡി.ജി.പിയുടെ അന്വേഷണം എന്താകനാണെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു. എ.ഡി.ജി.പി ഹേമചന്ദ്രന്‍ കേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ ബന്ധുവാണ്.

അട്ടപ്പാടിയില്‍ പട്ടിണി മൂലം ആദിവാസികള്‍ മരിക്കുന്നതൊന്നും അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നേരമില്ലെന്നും കേരളത്തില്‍ ഇത്രയേറെ നാണക്കേടുണ്ടാക്കി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണമുയര്‍ന്നിട്ടും കേന്ദ്ര നേതൃത്വം എന്താണ് പ്രതികരിക്കാത്തതെന്നും വി.എസ് ചോദിച്ചു.
ജനസമ്പര്‍ക്ക പരിപാടിക്ക് മുഖ്യമന്ത്രിക്ക് ഐക്യരാഷ്ട്ര സഭ നല്‍കിയ പുരസ്‌കാരം റദ്ദാക്കണം. ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങളൊക്കെ അറിഞ്ഞാല്‍ അങ്ങനെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.

സാധാരണക്കാര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ മാത്രം പ്രവേശനമുള്ള സെക്രട്ടറിയേറ്റില്‍ സരിതയ്ക്ക് എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ വെച്ച് വരെ സരിതയും  മുഖ്യമന്ത്രിയും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.

Advertisement