Administrator
Administrator
ചെങ്ങറ പുനരധിവാസ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
Administrator
Wednesday 8th June 2011 12:33pm

umman-chandyതിരുവനന്തപുരം: ചെങ്ങറ സമരക്കാരുടെ പുനരധിവാസപ്രശ്‌നം പരിഹരിക്കാന്‍ നടപടിയാരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരുണ്ടാക്കിയ പാക്കേജിന്റെ പരിധിയില്‍ നിന്നുതന്നെയാകും ഇവരുടെ പുനരധിവാസപ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ചെങ്ങറ പ്രശ്‌നം പരിഹരിക്കാനുള്ള ചുമതല റവന്യൂമന്ത്രിയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിക്കാന്‍ നിര്‍ദേശിച്ച കാസര്‍കോട്, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലെ ഭൂമി റവന്യൂമന്ത്രി സന്ദര്‍ശിക്കും. 20ാം തീയ്യതി റവന്യൂമന്ത്രി കാസര്‍കോട് സന്ദര്‍ശിക്കും. റവന്യൂമന്ത്രിയ്‌ക്കൊപ്പം കൃഷിമന്ത്രിയും സന്ദര്‍ശനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ 340 കുടുംബങ്ങള്‍ക്കായി 170 ഇരട്ട വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വീടുകള്‍ നിര്‍മ്മിക്കാനുമായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇടിമിന്നലേറ്റ് മരിക്കുന്നവര്‍ക്കും പാമ്പുകടിയേറ്റ് മരിക്കുന്നവര്‍ക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കും.  ഇരുസംഭവങ്ങളിലും മരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ നേരത്തെ വ്യവസ്ഥയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചിക്കാരുടെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ അനുവദിച്ച കേന്ദ്രപദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 11 കോടി രൂപ അനുവദിച്ചു. 2012 നകം പദ്ധതി യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ അനുവദിച്ച 232 കോടി രൂപ നഷ്ടമാകുമെന്നും പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ തടസമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ പത്ത് നിയോജക മണ്ഡലങ്ങളില്‍ പ്രയോജനം ലഭിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement