'ഇത് പൊലീസിന്റെ സദാചാരം' സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ സംസാരിക്കുന്നു
ന്യൂസ് ഡെസ്‌ക്

സുഹൃത്തായ യുവതിയ്ക്ക് ഫ്ളാറ്റെടുത്ത് നല്‍കി എന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി എ.വി ജോര്‍ജ് ഐ.പി.എസിന്റേതായിരുന്നു നടപടി.
കേരള പൊലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നുവെന്നാണ് ഉമേഷ് വള്ളിക്കുന്ന് വിഷയത്തില്‍ പ്രതികരിച്ചത്.

’31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി ‘അവളുടെ പേരില്‍ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു’ എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പൊലീസുകാരന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെ’, അദ്ദേഹം പറഞ്ഞു.

കൂടാതെ പൊലീസിന്റെ സദാചാരമാണ് ഈ നടപടിയിലൂടെ കാണുന്നതെന്നും ഉമേഷ് വള്ളിക്കുന്ന് പറയുന്നു.