തികഞ്ഞ അഭിമാനത്തോടെയും അതിലേറെ ആഹ്ലാദത്തോടെയുമാണ് ഭാരതം പരമാധികാര രാജ്യമായതിന്റെ 63 -ാം വാര്‍ഷികദിനം നമ്മള്‍ ഇന്ന് ആഘോഷിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉത്സവത്തിമിര്‍പ്പോടെ ആബാലവൃദ്ധം ജനങ്ങള്‍ റിപ്പബ്ലിക് ദിന ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും ഒരിക്കല്‍ കൂടി വിളംബരം ചെയ്യുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന സ്ഥാപിതമായതിന്റെ ആഘോഷമാണ് എല്ലാ ജനുവരി 26നും നടക്കുന്നത്. ഭരണനിര്‍വ്വഹണം സംബന്ധിച്ച് ഇത്രയും വിശദമായരീതിയില്‍ എഴുതപ്പെട്ടിട്ടുള്ള മറ്റൊരു ഭരണഘടനയില്ല. മൗലികാവകാശങ്ങള്‍ക്കൊപ്പം മൗലിക കര്‍ത്തവ്യങ്ങളും പ്രതിപാദിച്ചിരിക്കുന്ന അപൂര്‍വ ഭരണഘടനയെന്ന പ്രത്യേകതയും ഇന്ത്യന്‍ ഭരണഘടനയ്ക്കുണ്ട്. ഒരു സ്ഥിതിസമത്വ- മതേതരത്വ ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ സംവിധാനം ചെയ്യുമെന്നും അതിലെ പൗരന്മാര്‍ക്കെല്ലാം നീതിയും സ്വാതന്ത്ര്യവും സമത്വവും പ്രാപ്തമാക്കുമെന്നും ഉള്ള ഉജ്വലമയായ ആമുഖത്തോടെയാണ്് ഇന്ത്യന്‍ ഭരണഘടന തുടങ്ങുന്നതുതന്നെ.
ആറുദശാബ്ദത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ആമുഖത്തോടു സത്യസന്ധത പുലര്‍ത്താന്‍ സാധിച്ചു എന്ന് നമുക്ക് അഭിമാനിക്കാം. ഇന്നു നമ്മുടെ രാജ്യം എന്തായിരിക്കുന്നുവോ, നാം ആരായിരിക്കുന്നുവോ അതിന് ഭരണഘടനയോടു നാം കടപ്പെട്ടിരിക്കുന്നു. ഇത്രയും മഹത്തായ ഭരണഘടനയ്ക്കു രൂപം നല്‍കിയ ശില്‍പികളെ നമുക്ക് സ്മരിക്കുകയും അവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുകയും ചെയ്യാം.
ഇന്ത്യയെ ഒരു പരമാധികാര രാജ്യമാക്കി മാറ്റുന്നതിനും അങ്ങനെ നിലനിര്‍ത്തുന്നതിനും ജീവന്‍ വെടിഞ്ഞവരും രക്തം ചൊരിഞ്ഞവരും ദശലക്ഷങ്ങളാണ്. അവരുടെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളും ജ്വലിക്കുന്ന ഓര്‍മകളുമാണ് നമ്മുടെ രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തിനു വേണ്ടി ജീവനും ജീവിതവും ഹോമിച്ച ആ പോരാളികളുടെ ഓര്‍മകള്‍, ഇന്നു മാത്രമല്ല എപ്പോഴും നമ്മോടുകൂടെ ഉണ്ടായിരിക്കേണ്ടതാണ്.
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്ഘടനയുള്ള കരുത്തുറ്റ രാജ്യം, വിസ്തൃതിയില്‍ ഏഴാം സ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യം, ജനാധിപത്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. അങ്ങനെ എന്തുകൊണ്ടും നമ്മുടെ രാജ്യത്തെ ഓര്‍ത്ത് നമുക്ക് അഭിമാനംകൊള്ളാന്‍ കഴിയും. മാത്രമല്ല, സമീപഭാവിയില്‍ ഭാരതം ലോകത്തെ മുന്‍നിര സാമ്പത്തിക, രാഷ്ട്രീയ ശക്തിയായി മാറുമെന്നാണു നാമെല്ലാം പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടും ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും അതിനെ അതിജീവിച്ച് ഇന്ത്യയ്ക്ക് അതിന്റെ ഉള്‍ക്കരുത്ത് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. എട്ടു ശതമാനത്തിലധികം വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്ന അപൂര്‍വം രാഷ്ട്രങ്ങളിലൊന്ന് ഇന്ത്യയാണ്.
മതേതരവിശ്വാസ പ്രമാണങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും നാടിന്റെയും ജനങ്ങളുടെയും സുരക്ഷയുടെ കാര്യത്തിലും ഈ സര്‍ക്കാര്‍ അണുവിട വ്യതിചലിക്കില്ലെന്ന് ഒരിക്കല്‍കൂടി ഉറപ്പുനല്‍കട്ടെ
രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്രു അടിത്തറ പാകിയ സാമ്പത്തിക നയങ്ങളും യു.പി.എ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികളുമാണ് ഭാരതത്തെ ഇന്ന് പ്രബല ശക്തിയായി വളര്‍ത്തിയെടുക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും. സാമ്പത്തിക വളര്‍ച്ചയോടൊപ്പം വളര്‍ന്നു വരുന്ന അസമത്വത്തിനും അസന്തുലിതാവസ്ഥയ്ക്കും പരിഹാരം കണ്ടെത്താനാണ് യു.പി.എ സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളെല്ലാം സാമ്പത്തിക വിടവ് കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 1,56,000 കോടി രൂപ വിഹിതമുള്ള മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, 94,000 കോടി രൂപയുടെ ഭക്ഷ്യസുരക്ഷാ പദ്ധതി, 21,000 കോടി രൂപയുടെ വിദ്യാഭ്യാസ അവകാശ പദ്ധതി, 71,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളല്‍ തുടങ്ങിയവ ഇന്ത്യന്‍ ഗ്രാമങ്ങളെ മാറ്റിമറിച്ചു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സ്വാതന്ത്ര്യവും പട്ടിണിപ്പാവങ്ങളിലേക്കും ഗ്രാമന്തരങ്ങളിലേക്കും എത്തിക്കാന്‍ യു.പി.എ സര്‍ക്കാരിനു സാധിച്ചു.
കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരും ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രയാണത്തിലാണ്. സര്‍വതല സ്പര്‍ശിയും എല്ലാ വിഭാഗം ജനങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ കരുതലും വികസനവും എന്നതാണ് യുഡിഎഫ് ഉയര്‍ത്തുന്ന മുദ്രാവാക്യം. 2011 മെയ് 18 ന് അധികരമേറ്റ ഉടനേ 100 ദിന കര്‍മ്മപരിപാടി അവതരിപ്പിക്കുകയും അതു വമ്പിച്ച വിജയമാകുകയും ചെയ്തത് സര്‍ക്കാരിന് വലിയ ആത്മവിശ്വാസം പകര്‍ന്നുതന്നു.
ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജനസമ്പര്‍ക്ക പരിപാടിക്കു മുന്നിട്ടിറങ്ങിയത്. വിവിധ ജില്ലകളില്‍ നിന്ന് അഞ്ചു ലക്ഷത്തിലധികം പരാതികളാണ് ജനസമ്പര്‍ക്കപരിപാടിക്കിടയില്‍ എന്റെ മുമ്പില്‍ വന്നത്. അവയില്‍ 2.81 ലക്ഷം പരാതികളില്‍ തീര്‍പ്പുകല്പിച്ചു. അവശേഷിക്കുന്ന പരാതികളില്‍ അടിയന്തിരപരിഹാരം ഉണ്ടാക്കാന്‍ എല്ലാ ജില്ലകളിലും ഞാന്‍ രണ്ടാവട്ടം പര്യടനം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ജനസമ്പര്‍ക്കപരിപാടി തുടര്‍പരിപാടിയായി, ജനങ്ങളുടെ ആശ്വാസമായി നിലകൊള്ളുന്നതാണ്. ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് പാവപ്പെട്ടവരില്‍ നിന്ന് എനിക്കു കിട്ടിയ വിലയേറിയ അനുഭവ പാഠങ്ങള്‍ സര്‍ക്കാരിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ നയിക്കുന്ന മാര്‍ഗദീപം തന്നെയായിരിക്കും.
നൂറുദിന കര്‍മ്മപരിപാടി പൂര്‍ത്തിയായ ഉടനേ സര്‍ക്കാര്‍ ഒരു വര്‍ഷ കര്‍മപരിപാടിയും പ്രഖ്യാപിച്ചിട്ടുണ്ട്. സുതാര്യത, മാലിന്യനിര്‍മാര്‍ജനം, തൊഴിലില്ലായ്മയ്ക്കു പരിഹാരം, മികച്ച അടിസ്ഥാനസൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളും, വിവര വിജ്ഞാനമേഖലയില്‍ കുതിപ്പ്, മാനവശേഷി വികസനവും സുരക്ഷയും തുടങ്ങി സംസ്ഥാനത്തിന്റെ സമഗ്രവും സന്തുലിതവുമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന സപ്തധാരാ പദ്ധതികളാണ് ഇവയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സപ്തധാരാ പദ്ധതികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നതാണ്.
ഒരു വര്‍ഷ പരിപാടിക്ക് ഇടയില്‍ തന്നെ കേരള വിഷന്‍ 2030ന് രൂപം കൊടുക്കുന്നതാണ്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറേത്തേക്ക് ചിന്തിക്കുന്ന ഒരു കര്‍മ്മപരിപാടിക്കു രൂപംകൊടുക്കുന്നത്. ഭദ്രമായ വര്‍ത്തമാന കാലത്തില്‍ ചവുട്ടിനിന്ന് ഭാവിയിലേക്കുള്ള പ്രയാണത്തിന് ഇപ്പോള്‍ തന്നെ തുടക്കംകുറിക്കുകയാണ്.
അതിവേഗ റെയില്‍പാത, കൊച്ചി- കോയമ്പത്തൂര്‍ വ്യവസായിക ഇടനാഴി, തിരുവനന്തപുരം- കോഴിക്കോട് മോണോ റെയിലുകള്‍, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, നാലുവരിപ്പാതകള്‍, ദേശീയജലപാത തുടങ്ങി അടിസ്ഥാനവികസനരംഗത്ത് കേരളം കുതിച്ചുചാട്ടത്തിനു സജ്ജമാകുകയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന എമേര്‍ജിംഗ് കേരള, നിക്ഷേപരംഗത്ത് കേരളത്തിനു പുതിയൊരു പ്രതിച്ഛായ നല്‍കുമെന്ന് എനിക്കുറപ്പുണ്ട്.
ഈ വലിയ കാര്യങ്ങള്‍ക്കിടയില്‍ ചെറിയ കാര്യങ്ങള്‍ വിട്ടുപോകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോഡേക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് എത്താവുന്ന 1,20,000 കോടി രൂപയുടെ അതിവേഗ റെയില്‍ പാതയ്ക്കു നല്‍കുന്ന അതേ പ്രാധാന്യം തന്നെയാണ് ആദിവാസിയുടെ ഒരു തുണ്ടു ഭൂമിക്കും സര്‍ക്കാര്‍ നല്‍കുന്നത്. ഒരു ലക്ഷത്തോളം ഐ.ടി വിദഗ്ധര്‍ക്കു ജോലി ലഭിക്കുന്ന സ്മാര്‍ട്ട് സിറ്റിക്കു നല്‍കുന്ന അതേ പ്രാധാന്യം കടല്‍മാക്രിയുടെ ആക്രമണംമൂലം വലകള്‍ നഷ്ടപ്പെടുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളിക്കും നല്‍കുന്നതാണ്. ചെറിയ മനുഷ്യരും അവരുടെ ചെറിയ കാര്യങ്ങളുമെന്നു പറഞ്ഞ് മറ്റുള്ളവര്‍ തള്ളിക്കളയുന്ന കാര്യങ്ങള്‍, അവരുടെ ജീവല്‍ പ്രശ്‌നങ്ങളാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്.
ഒരു ലക്ഷത്തി അയ്യായിരം കോടി രൂപ മുതല്‍മുടക്കുള്ള കേരളത്തിന്റെ പന്ത്രണ്ടാം പദ്ധതി വിഹിതം വികസനരംഗത്ത് കേരളത്തെ ബഹുകാതം മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് സമയബന്ധിതമായും സുതാര്യമായും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വികസന പ്രക്രിയയില്‍ എല്ലാവരെയും പങ്കെടുപ്പിച്ച് അഭിപ്രായസമന്വയത്തിലൂടെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ്ഥിതി സമത്വത്തിലേക്കുള്ള ചുവടുവയ്പ്പുകളാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ഓരോ നടപടിയും. അതേപോലെ തന്നെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതില്‍ നമ്മള്‍ മറ്റാരേക്കാളും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്ത് മതേതര മൂല്യങ്ങള്‍ ഏറ്റവുമധികം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനം കേരളമാണെന്നതില്‍ നമുക്ക് അഭിമാനിക്കാം.
കേരളത്തിന്റെ വിഖ്യാതമായ ആരോഗ്യ, വിഭ്യാഭ്യാസ രംഗത്തെ മുന്നേറ്റവും വളര്‍ച്ചയും കേരള മോഡല്‍ വികസനവുമൊക്കെ രാജ്യത്തും വിദേശത്തും ചര്‍ച്ചാവിഷയമായിട്ടുണ്ട്. എന്നാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍ ഇതുപോലെ ചര്‍ച്ചചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. മതേതരകാര്യങ്ങളില്‍ വെള്ളമോ, മായമോ ചേര്‍ക്കാത്ത സംസ്ഥാനമാണു നമ്മുടേത്. അതു തന്നെയാണു നമ്മുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനവും.
ഇതിനു വിപരീതമായി ചില അപസ്വരങ്ങള്‍ അവിടെയും ഇവിടെയുമൊക്കെ ഉയരുന്നുണ്ട് എന്നതു വാസ്തവമാണ്. സമീപകാലത്തും ഇത്തരം ബോധപൂര്‍വമായ ചില നീക്കങ്ങളൊക്കെ ചില ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. തികച്ചും നിര്‍ഭാഗ്യകരമായ സംഭവങ്ങളാണിതെന്നു പറയാതെ വയ്യ. അവര്‍ സ്വയം തിരുത്തുന്നില്ലെങ്കില്‍ ജനങ്ങള്‍ അവരെ തിരുത്തുന്ന കാലം വിദൂരമല്ലെന്ന് എനിക്കുറപ്പാണ്. മതേതരവിശ്വാസ പ്രമാണങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും നാടിന്റെയും ജനങ്ങളുടെയും സുരക്ഷയുടെ കാര്യത്തിലും ഈ സര്‍ക്കാര്‍ അണുവിട വ്യതിചലിക്കില്ലെന്ന് ഒരിക്കല്‍കൂടി ഉറപ്പുനല്‍കട്ടെ.
മനുഷ്യനിര്‍മിതമായ എല്ലാ വെല്ലുവിളികളെയും നേരിടുക തന്നെ ചെയ്യും. മുല്ലപ്പെരിയാര്‍ ഡാം അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത്. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കുന്നതാണു കേരളത്തിന്റെ സമീപനം. തമിഴ്‌നാടുമായുള്ള സുദീര്‍ഘമായ നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണു കേരളം ആഗ്രഹിക്കുന്നതെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കട്ടെ.
ഗാന്ധിജി നേടിത്തന്ന സ്വാതന്ത്ര്യത്തെ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാന്‍ ഡോ. അംബേദ്കര്‍ രൂപംകൊടുത്ത വഴികളും മാര്‍ഗങ്ങളുമാണ് ഭരണഘടനയിലുള്ളത്. അവ ഏറ്റവുമധികം നെഞ്ചോടു ചേര്‍ത്തു പിടിച്ചത് കേരളമാണെന്നതില്‍ നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാം.
ഇന്ത്യയെ പരമാധികാര റിപ്പബ്ലിക്കിലേക്കു നയിച്ചവരെയും അതു കാത്തുസൂക്ഷിക്കാന്‍ ത്യാഗം അനുഷ്ഠിച്ചവരെയും രാജ്യത്തെ വളര്‍ച്ചയിലേക്കു നയിച്ചവരെയും നാം അഭിമാനത്തോടെ സ്മരിക്കുമ്പോള്‍, വരുംതലമുറയ്ക്ക് നമ്മെ അഭിമാനപൂര്‍വം ഓര്‍ക്കുവാന്‍ എന്തെങ്കിലും അവശേഷിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം. അതിന് എല്ലാവരുടെയും സഹകരണം തേടുന്നതോടൊപ്പം റിപ്പബ്ലിക്ദിനത്തിന്റെ ആശംസകളും നേര്‍ന്നുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു.
ജയ്ഹിന്ദ്
Malayalam news
Kerala news in English