മാതളനാരങ്ങ | സ്‌കൂള്‍ ഓര്‍മ | ഉമര്‍ തറമേല്‍
Discourse
മാതളനാരങ്ങ | സ്‌കൂള്‍ ഓര്‍മ | ഉമര്‍ തറമേല്‍
ഡോ. ഉമര്‍ തറമേല്‍
Wednesday, 11th August 2021, 4:32 pm
കാഴ്ചയില്‍ സുന്ദരി ലീല ടീച്ചര്‍ ആയിരുന്നെങ്കിലും കലയുടെ മികച്ച ശരീരഭാഷ ഗോമതിടീച്ചറുടേതായിരുന്നു. രണ്ട് തപോവന കന്യമാരെപ്പോലെ അവര്‍ തീര്‍ത്ത കലയുടെ ആശ്രമത്തില്‍ അവരെത്രകാലം കഴിഞ്ഞു എന്നിപ്പോള്‍ ഓര്‍മയില്ല. തിരിച്ചുപോരുമ്പോള്‍ ഞങ്ങളിരുവരും മൗനികളായി. ടീച്ചര്‍മാരുടെ നൃത്തപ്രകടനം കണ്ട കണ്ണുകള്‍ നരകത്തില്‍ പോകുമോ എന്ന ഭയം ഉള്ളിലെവിടെയോ ഉടക്കി നില്‍ക്കുന്നതുപോലെ. അവരിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയില്ല.

ഞങ്ങള്‍ രണ്ടില്‍ നിന്നും മൂന്നാം ക്ലാസിലേക്ക് ജയിച്ച കാലത്താണ് ആ രണ്ടു ടീച്ചര്‍മാര്‍ വന്നത്. ലീലയും ഗോമതിയും. ലീല ടീച്ചര്‍ക്ക് വെളുത്തു തടിച്ച പ്രകൃതം, ഗോമതിയാവട്ടെ ഇരുനിറത്തില്‍ മെലിഞ്ഞിട്ട്. ചലച്ചിത്ര താരലോകത്തെക്കുറിച്ചൊന്നും അറിയില്ലെങ്കിലും അക്കാലത്ത് വെള്ളിത്തിരയില്‍ തിളങ്ങിയിരുന്ന കെ.ആര്‍. വിജയയെയും ശാരദയെയും പോലെ, എന്നാണ് പില്‍ക്കാലത്ത് ഞാന്‍ നിരീക്ഷിച്ചറിഞ്ഞത്.

രണ്ടാളുടെയും ആകര്‍ഷകമായ പ്രകൃതം കുട്ടികളെ അവരോട് അടുത്തവരാക്കി. അവരുടെ സാരിയുടുപ്പ് ഏറെ പ്രത്യേകതയുള്ളതായിരുന്നു. അക്കാലത്തെ വാളക്കുളത്തിന്റെ നാഡിമിടിപ്പിന് അത്രകണ്ട് യോജിച്ചതായിരുന്നില്ല അവരുടെ ഉടുത്തുകെട്ടെന്ന് ചില കുട്ടികളെങ്കിലും പിറു
പിറുത്തു. നമ്മുടെ നാട്ടിലെ സ്ത്രീകളാരും സാരി ഉടുത്ത് കണ്ടിട്ടില്ലാത്ത കാലത്ത് ഏറെ കലാപരമായി ഡ്രസ്സ് ചെയ്യുന്നതില്‍ തിരുവിതാംകൂറില്‍ നിന്നെത്തുന്ന അധ്യാപികമാര്‍ മികവ് കാട്ടിയിരുന്നു.

ഞങ്ങള്‍, കുഞ്ഞിമോന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മാമന്റെ മകന്‍ അബ്ദുറഹിമാനും ഞാനും ഒരേ ക്ലാസില്‍ ആയിരുന്നു, അവന് ഒരു വയസ്സിന്റെ മൂപ്പുണ്ടെങ്കിലും. പുതിയ ടീച്ചര്‍മാരോട് ഞങ്ങള്‍ക്ക് വളരെ ഇഷ്ടം തോന്നി. രസത്തോടെ പഠിപ്പിക്കുക മാത്രമല്ല വാത്സല്യത്തോടെ കുട്ടികളെ ചേര്‍ത്ത് നിര്‍ത്തുന്നതിലും കളിപ്പിക്കുന്നതിലും അവര്‍ പ്രത്യേകം മികവ് കാട്ടി. സ്‌കൂളില്‍ നിന്നും രണ്ട് ഫര്‍ലോങ് അകലെ അരക്കുളം എന്ന് പറയുന്ന വയല്‍ക്കര പ്രദേശത്താണ്, അരക്കുളം ഹാജിയാരുടെ കളപ്പുരയില്‍ അവര്‍ വാടകക്ക് താമസിച്ചിരുന്നത്. അവരുടെ വീട് സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ക്ക് അതിയായ മോഹം തോന്നി. ഞാനും അബ്ദുറഹിമാനും മടിച്ചും ശങ്കിച്ചും അവരോട് സമ്മതം തേടി. ഞങ്ങള്‍ പ്രതീക്ഷിച്ചതിന് വിപരീതമായി അവര്‍ ഏറെ സന്തോഷിക്കുകയും സ്‌നേഹപൂര്‍വം വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.

പഴയ സ്‌കൂളിന്റെ സ്‌കെച്ച്. വര: ആര്‍ട്ടിസ്റ്റ് സുജിത്ത്‌

തൊട്ടടുത്ത ഞായറാഴ്ച അരക്കുളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഗുരുഭൂതരെ കാണാന്‍ പോവുമ്പോള്‍ എന്താണ് സമ്മാനമായി കൊടുക്കേണ്ടത് എന്നതിനെക്കുറിച്ച് പലവട്ടം ആലോചിച്ചു. അന്ന് നാട്ടില്‍ ബേക്കറികള്‍ ഒന്നും ഇല്ല. അങ്ങാടിയിലെ നാലോ അഞ്ചോ മിഠായിക്കടകളില്‍ പാര്‍ലെ ബിസ്കറ്റ് പാക്കറ്റുകളും കടിച്ചാപറ്ച്ചി മുതല്‍ ലാസഞ്ചര്‍ മിഠായികള്‍ വരെയുള്ള ഒരുകൂട്ടം മിഠായികള്‍ ഉണ്ടാവും. അരിമുറുക്ക് അക്കാലത്ത് സുലഭമാണ്. ആലിക്കാക്കയുടെയും മമ്മികാക്കയുടെയും ഹോട്ടലുകളില്‍ പൊറോട്ടയും സുഗന്ധം നല്‍കുന്ന നെയ്യപ്പവുമുണ്ട്. എന്നാല്‍ അതൊക്കെ വിലകൊടുത്ത് വാങ്ങി ഗുരുഭൂതര്‍ക്ക് സമര്‍പ്പിക്കാന്‍ കയ്യില്‍ കാശ് വേണ്ടേ.

അതൊരു നല്ല വേനല്‍ക്കാലമാണെന്ന് ഇന്നും ഓര്‍മിക്കുന്നു. ചക്കയും മാങ്ങയും ധാരാളം പഴുത്തുനില്‍ക്കുന്ന കാലം. ടീച്ചര്‍മാര്‍ക്ക് സമ്മാനമായി നാടന്‍ മാങ്ങയും കൊണ്ടുപോയാലോ എന്നാലോചിച്ചു. അവര്‍ താമസിക്കുന്ന അരക്കുളത്ത് പലമട്ടിലുള്ള മാങ്ങകള്‍ ഉണ്ടെന്ന് കേട്ടറിഞ്ഞപ്പോള്‍ അത് വേണ്ടെന്നുവെച്ചു. അപ്പോഴാണ് നക്ഷത്രംപോലെ ഒരു ആശയം ഞങ്ങളിലേക്ക് കടന്നുവന്നത്. മാതളനാരങ്ങ. മാതോളി നാരങ്ങ എന്നും വാതോളി നാരങ്ങ എന്നും ആണ് ഞങ്ങളുടെ നാട്ടിലെ ജനപ്രിയമായ അതിന്റെ പേര്.

നാരകം പൊതുവേ നാട്ടില്‍ സുലഭമാണ്. പുഴയ്ക്ക് കോട്ടപോലെ അതിരുകെട്ടിയ അമ്മാവന്റെ മുറ്റം അതിനൊരുവശത്ത് മജ്‌ലിസ്‌ എന്നു വിളിക്കുന്ന തുറന്ന പ്രാര്‍ത്ഥനാമുറി. ആ പ്രാര്‍ത്ഥനാ മുറിയില്‍ നിന്ന് നോക്കിയാല്‍ പുഴയുടെ മനോഹരദൃശ്യം. മാതളം പഴുത്ത് പാകമായി നില്‍ക്കുന്ന കാലമാണ്. അമ്മാവനോട് സമ്മതം വാങ്ങി വാനര സാമര്‍ത്ഥ്യമുള്ള അബ്ദുറഹിമാന്‍ എന്ന കുഞ്ഞിമോന്‍ നാരകമരത്തില്‍ ഏറ്റവും മുഴുത്തതും മുന്തിയതുമായ രണ്ട് നാരകം പറിച്ചു. ഏറെ സന്തോഷത്തോടെ രണ്ട് നാരങ്ങയും ഒരു വട്ടയിലാക്കി രാവിലെ ചായകുടി കഴിഞ്ഞ് പത്തുമണിയോടെ ലീല ടീച്ചറെയും ഗോമതി ടീച്ചറെയും കാണാന്‍ ഞങ്ങള്‍ പുറപ്പെട്ടു. ഒരു തീര്‍ത്ഥാടനത്തിന് പോവുന്ന ആഹ്ലാദത്തോടെ, ഞങ്ങള്‍ മലകയറി. മേലെപറമ്പ് പിന്നിട്ട് അരക്കുളം എന്ന ദേശത്ത് എത്താറായി.

പുതുപ്പറമ്പ് അങ്ങാടി

ഒരു രാജ്യത്തുനിന്നും മറ്റൊന്നിലേക്ക് പോകുന്ന പോലെയായിരുന്നു ആ യാത്ര. അതിന് ചില കാരണങ്ങളും ഉണ്ട്. ഒന്നാമതായി, ഇതുവരെ അരക്കുളത്ത് പോയിട്ടില്ല. ചെമ്പെട്ടിപ്പാറയിലേക്ക് ചുള്ളിം വടിയും കളിക്കുന്നത് കാണാനും പഴുത്ത ചുള്ളിക്കയൊടിക്കാനും എപ്പോഴെങ്കിലും ക്ലാസില്‍ നിന്ന് കൂട്ടംകൂടി പോകാറുള്ളപ്പോള്‍ വിജനമായിക്കിടക്കുന്ന ചെമ്പെട്ടിപ്പാറയുടെ എതിര്‍വശത്ത് കല്ലും മണ്ണും കൊണ്ടുണ്ടാക്കിയ ഒരു മതിലും മരചായമടിച്ചുണ്ടാക്കിയ ഒരു ഗെയ്റ്റും കാണാറുണ്ട്. അത് കടന്ന് പ്രവേശിക്കുന്ന സ്ഥലമാണ് അരക്കുളം.

ആ ഗെയ്റ്റില്‍ എത്തുന്നതിനുമുമ്പ് പാറമൂടിക്കിടക്കുന്ന ഭൂമി ചെറിയൊരു കനല്‍പോലെ രണ്ടായി പിളര്‍ന്ന് നില്‍ക്കുന്നത് കാണാം. ആ പാറയിടുക്കുകളില്‍ പലതരം കുറ്റിക്കാടുകളും ചെറുമരങ്ങളുമുണ്ട്. അതിര്‍മട എന്നാണ് വാളക്കുളത്തുകാര്‍ ആ പിളര്‍പ്പിനെ വിളിച്ചിരുന്നത്. അതിലൂടെ ഒറ്റക്ക് പോവാന്‍ ഞങ്ങള്‍ കുട്ടികള്‍ ഭയപ്പെട്ടിരുന്നു. അതിന് കാരണം അക്കാലത്ത് നിലനിന്ന പലതരം വിശ്വാസങ്ങളായിരുന്നു. ആ പിളര്‍പ്പ് അങ്ങ് ചെമ്പുകുളം വരെയുണ്ടെന്നും അതിലൂടെ മാണിക്യസര്‍പ്പങ്ങളുടെയും ദേവതമാരുടെയും പോക്കുവരവുണ്ടെന്നുമൊക്കെ ഞങ്ങള്‍ കേട്ടറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അരക്കുളത്തേക്ക് തുറക്കുന്ന ഗെയ്റ്റ് കടക്കുന്നതുവരെ ഹൃദയമിടിപ്പ് ത്വരിതഗതിയിലായിരുന്നു. അതിര്‍മട കടന്നുപോകുമ്പോള്‍ ഞങ്ങള്‍ ഒന്നും ഉരിയാടാറില്ല.

ഗെയ്റ്റ് ചാരിവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. അത് തുറന്ന് അകത്ത് കടന്നപ്പോള്‍ മനോഹരമായ ഒരു പര്‍ണ്ണശാലയിലെത്തിയതുപോലെ. കുറച്ചുകൂടി നടന്നപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കൊയ്‌തെടുത്ത വൈക്കോല്‍ കുറ്റികളുള്ള നനവ് വറ്റിയ പാടം. പാടം എന്നതിനേക്കാള്‍ ഒരു പള്ളിയാളി പ്രദേശമാണത്. വയലിനക്കരെ ആദ്യമായി ആ കളപ്പുറം കണ്ടു. മറ്റു വീടുകളൊന്നും അവിടെ ഇല്ലാത്തതുകൊണ്ടായിരിക്കണം അക്കാണുന്നത് തന്നെയായിരിക്കും ടീച്ചര്‍മാരുടെ വസതി എന്നുറപ്പിച്ച് വയല്‍ മുറിച്ചുകടന്നു. കളപ്പുര അടുത്ത് കാണാറായപ്പോള്‍ അവിടെ കണ്ട കാഴ്ച ഉള്ളില്‍ ആഹ്ലാദവും അത്ഭുതവും ഉണ്ടാക്കി.

വാളക്കുളം പുതുപ്പറമ്പ് ആദ്യത്തെ സ്‌കൂള്‍ കെട്ടിടം

ഒരു സാരി നിവര്‍ത്തിപ്പിടിച്ച് അതിന്റെ രണ്ടറ്റത്തും പിടിച്ചുകൊണ്ട് ഒരു പ്രത്യേക മട്ടില്‍ നൃത്തം ചെയ്യുകയാണ് അധ്യാപികമാര്‍. എന്ത് ചെയ്യണമെന്നറിയാതെ വയല്‍ക്കരയില്‍ തന്നെ നിന്നു. സ്ത്രീകള്‍ നൃത്തം ചെയ്യുന്നത് അക്കാലത്ത് നമ്മുടെ നാട്ടിലത്ര പഥ്യമുള്ള കാര്യമല്ല. എന്ത് ചെയ്യണമെന്നറിയാതെ മടിച്ച് മടിച്ച് നില്‍ക്കുന്ന ഞങ്ങളെ കണ്ട് പ്രത്യേക പോസില്‍ ചുവടുകള്‍ അവസാനിപ്പിച്ച് വരൂ രണ്ടുപേരും, എന്ന് പറഞ്ഞുകൊണ്ട് അടുത്തേക്ക് ഓടിവരുന്നു. അയ്യോ വരുമെന്ന് പ്രതീക്ഷിച്ചതേയില്ല എന്ന് ഗോമതി ടീച്ചറാണ് പറഞ്ഞത്. ഏതായാലും നന്നായി എന്ന് ലീല ടീച്ചറും.

കൈയിലെ വട്ടി കണ്ട് ആഹാര സമ്മാനപ്പൊതിയൊക്കെ ഉണ്ടല്ലോ എന്നുകൂടി കൂട്ടിച്ചേര്‍ത്തു. വട്ടി കയ്യില്‍ നിന്നും വാങ്ങി മാതള നാരങ്ങ പുറത്തെടുത്ത് ഇതുവരെ കാണാത്ത പോലെ പരസ്പരം നോക്കിനിന്നു. ഒരാള്‍ നാരങ്ങ മുകളിലേക്കെറിഞ്ഞ് അമ്മാനമാടി. മറ്റേ നാരങ്ങയെടുത്ത് മറ്റേയാളും. ആ ലാസ്യ ചലനങ്ങള്‍ക്കിടയില്‍ പരസ്പരം കുസൃതി നിറഞ്ഞ നോട്ടങ്ങള്‍കൊണ്ട്് അവര്‍ പങ്കുവെച്ച ചിരി എന്തായിരുന്നുവെന്ന് അന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല.

കളി കഴിഞ്ഞ് കളം വിടുന്ന കളിക്കാരെപ്പോലെ ഓരോ നാരങ്ങയും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചുകൊണ്ട് അവര്‍ പുരയിലേക്ക് ഞങ്ങളെ കയറ്റിയിരുത്തി ചായ ഉണ്ടാക്കിത്തന്നു. അത് കുടിക്കുന്നത് അതീവ സന്തോഷത്തോടെ അവര്‍ രണ്ടുപേരും നോക്കിനിന്നു. നൃത്തം ഇഷ്ടമായോ? ഗോമതി ടീച്ചര്‍ ചോദിച്ചു. ഇഷ്ടമായില്ല എന്ന ഉപബോധവും ഉള്ളില്‍ തര്‍ക്കിക്കുന്നുണ്ടായിരുന്നു. കുറേനേരം വര്‍ത്തമാനം പറഞ്ഞിരുന്ന് ഞങ്ങളെ യാത്രയാക്കുന്നതിനുമുമ്പേ അവര്‍ ചോദിച്ചു ഇനി നൃത്തം കാണണോ? ഞങ്ങള്‍ മൗനം പാലിച്ചപ്പോള്‍ സമ്മതമാണെന്ന് കരുതി വീണ്ടും അവര്‍ ആ ചെമന്ന സാരി വിടര്‍ത്തിപ്പിടിച്ച് രണ്ടറ്റത്തും പ്രത്യേക പോസില്‍ നിന്ന് നൃത്തച്ചുവടുകള്‍ വെക്കാന്‍ തുടങ്ങി.

ചിത്രീകരണം: സുനില്‍ പൂക്കോട്

കാഴ്ചയില്‍ സുന്ദരി ലീല ടീച്ചര്‍ ആയിരുന്നെങ്കിലും കലയുടെ മികച്ച ശരീരഭാഷ ഗോമതിടീച്ചറുടേതായിരുന്നു. രണ്ട് തപോവന കന്യമാരെപ്പോലെ അവര്‍ തീര്‍ത്ത കലയുടെ ആശ്രമത്തില്‍ അവരെത്രകാലം കഴിഞ്ഞു എന്നിപ്പോള്‍ ഓര്‍മയില്ല. തിരിച്ചുപോരുമ്പോള്‍ ഞങ്ങളിരുവരും മൗനികളായി. ടീച്ചര്‍മാരുടെ നൃത്തപ്രകടനം കണ്ട കണ്ണുകള്‍ നരകത്തില്‍ പോകുമോ എന്ന ഭയം ഉള്ളിലെവിടെയോ ഉടക്കി നില്‍ക്കുന്നതുപോലെ. അവരിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയില്ല.

പില്‍ക്കാലത്ത് സാഹിത്യവും കലയും ഇഷ്ടവിഷയമായി തെരഞ്ഞെടുത്ത് പഠിക്കാനുള്ള പ്രേരണ ഒരുപക്ഷേ ആ ഗുരുഭൂതരുടെ നൃത്തച്ചുവടിലെവിടെയെങ്കിലും എന്നിലേക്ക് പറ്റിയിരിക്കാം എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. നാട്യശാസ്ത്രവും അതുമായി ബന്ധപ്പെട്ട രസസിദ്ധാന്തവുമൊക്കെ പഠിച്ചുതുടങ്ങിയത് പിന്നെയാണ്. അന്നാണ് മാതളനാരങ്ങകൊണ്ട് അമ്മാനമാടിയ അധ്യാപികമാരുടെ കണ്‍കോണുകളില്‍ വിരിഞ്ഞ കുസൃതിച്ചിരിയുടെ അര്‍ത്ഥം ഞാന്‍ ഓര്‍മിച്ചെടുത്തത്. കാലം എത്ര അത്ഭുതകരമായ മട്ടിലാണ് മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്നതെന്ന് ഞാന്‍ ഓര്‍ത്തുപോകാറുണ്ട്.

(കടപ്പാട്- ചന്ദ്രിക ആഴ്ചപ്പതിപ്പ്)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Umar Tharamel writes his school memory