ആശങ്കയോടെയല്ലാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല; തിഹാര്‍ ജയിലില്‍ നിന്നും ഉമര്‍ ഖാലിദ്
DISCOURSE
ആശങ്കയോടെയല്ലാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല; തിഹാര്‍ ജയിലില്‍ നിന്നും ഉമര്‍ ഖാലിദ്
ഉമര്‍ ഖാലിദ്
Friday, 28th May 2021, 2:48 pm
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ഉമര്‍ ഖാലിദ് തിഹാര്‍ ജയിലില്‍ നിന്നും സുഹൃത്തുക്കള്‍ക്കെഴുതിയ കത്തിന്റെ സ്വതന്ത്ര പരിഭാഷ

തിഹാര്‍ ജയിലിലെ എന്റെ ക്വാറന്റൈന്‍ അവസാനിച്ച് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു എനിക്കൊപ്പം കുറ്റാരോപിതയായിരുന്ന നടാഷയുടെ പിതാവ് മഹാവീര്‍ നര്‍വാള്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന നടുങ്ങുന്ന വിവരം ഞാന്‍ അറിഞ്ഞത്.

എനിക്ക് മഹാവീര്‍ജിയെ നേരിട്ട് പരിചയമില്ല. പക്ഷെ നടാഷയുടെ അറസ്റ്റിന് ശേഷം അദ്ദേഹം ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ ഞാന്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബം അതീവ ഗുരുതരമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും എത്ര സമചിത്തതയോടെയും അന്തസ്സോടെയുമാണ് അദ്ദേഹം സംസാരിച്ചത്.

കലാപം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന അപഹാസ്യമായ ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടാഷയുടെ ആക്ടിവിസത്തില്‍ അഭിമാനം കൊള്ളുകയും അവളുടെ നിഷ്‌കളങ്കതയെയും നിരപരാധിത്വത്തെയും പരിപൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു ആ പിതാവ്. എനിക്ക് അവളെക്കുറിച്ചോര്‍ത്ത് ദുഃഖം തോന്നി. ഈ സമയം അവള്‍ അനുഭവിക്കുന്ന വേദനയും ബുദ്ധിമുട്ടും എത്രമാത്രമായിരിക്കുമെന്ന് ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല.

സാധാരണ ദിവസങ്ങളില്‍ പോലും ജയിലില്‍ കിടക്കുന്നത് ദുഷ്‌കരമാണ്. കഴിഞ്ഞ എട്ടു മാസമായി ഞാന്‍ ഒറ്റയ്ക്ക് ഒരു സെല്ലിനകത്താണ്. 20 മണിക്കൂറെങ്കിലും പൂട്ടിയിട്ട നിലയില്‍. എന്നാല്‍ തുടര്‍ന്നുവന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്റെ ജയില്‍ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുകയായിരുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപിക്കാന്‍ തുടങ്ങിയ കഴിഞ്ഞ ഒരു മാസം തൊട്ട് അതീവ ഉത്കണ്ഠയോടെയല്ലാതെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും കുറിച്ചുള്ള വേവലാതികളായിരുന്നു എന്നെ നയിച്ചിരുന്നത്.

ഒന്നും സംഭവിക്കില്ലെന്ന് ഓര്‍ത്ത് സ്വയം ആശ്വസിക്കാറാണ് പതിവ്. പക്ഷേ പത്രത്തില്‍ ദിനംപ്രതി കാണുന്ന മരണ വാര്‍ത്തകള്‍ എന്റെ നിരാശ വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. ആ സമയങ്ങളില്‍ തടവ് മുറി വല്ലാതെ ചുരുങ്ങി എന്നെ ബുദ്ധിമുട്ടിക്കുന്നതായും ഒരു തരം ഭയം എന്റെ ശരീരത്തെയും മനസിനെയും ബാധിക്കുന്നതായും തോന്നി.

അപ്പോഴൊക്കെ വീട്ടിലേക്ക് വിളിക്കാന്‍ ആഴ്ചയില്‍ ഒരു തവണ അനുവദിക്കുന്ന അഞ്ച് മിനുട്ട് ഫോണ്‍ കോളിനും, രണ്ട് തവണ അനുവദിക്കുന്ന വീഡിയോ കോളിനും വേണ്ടി ഞാന്‍ കാത്തിരിക്കും. ഒന്ന് സംസാരിച്ച് തുടങ്ങുമ്പോഴേക്കും സമയം പാഞ്ഞു പോകും. കോള്‍ അവസാനിപ്പിക്കാനുള്ള സമയമാകും. വീട്ടിലേക്ക് വിളിച്ച് സംസാരിക്കുന്ന ഓരോ സെക്കന്റും ഇത്രയും വിലപ്പെട്ടതാണെന്ന് അതുവരെ എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും തോന്നിയിരുന്നില്ല.

ഏപ്രില്‍ പകുതിയോടെയാണ് വീട്ടില്‍ ഉമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം ഞാന്‍ അറിയുന്നത്. എന്റെ അമ്മാവന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് അറിയാനായത്. വീട്ടില്‍ രോഗം പിടിമുറുക്കിയിരിക്കുന്ന സാഹചര്യമായിരുന്നു. അതിനിടയ്ക്ക് ഒരു ദിവസം ഞാന്‍ രാവിലെ എഴുന്നേല്‍ക്കുന്നത് ഒട്ടും വയ്യാതെയാണ്. അതുവരെയില്ലാതിരുന്ന തരത്തിലുള്ള ശരീര വേദനയായിരുന്നു. എനിക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് ഒ.പി ഡിപാര്‍ട്ടമെന്റില്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കുറച്ച് മരുന്നുകള്‍ തന്ന് തിരിച്ചയച്ചു.

ആറ് ദിവസത്തോളം നീണ്ടു നിന്ന രോഗലക്ഷണങ്ങളുടെയും കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ അനുവാദം ലഭിച്ചു. ഞാന്‍ കൊവിഡ് പോസിറ്റീവ് ആയെന്ന് ഫലം വന്നു.

കൊവിഡ് ആയതിന് ശേഷം എനിക്ക് മികച്ച പരിചരണവും ചികിത്സയും തന്നെയാണ് ലഭിച്ചത്. പക്ഷെ ക്വാറന്റൈന്‍ കാലത്ത് എനിക്ക് വീട്ടിലേക്ക് വിളിക്കാനോ വീഡിയോ കോള്‍ ചെയ്ത് പ്രിയപ്പെട്ടവരെ കാണാനോ സാധിച്ചില്ല. വീട്ടിലെ സ്ഥിതി എന്തായിരിക്കുമെന്ന് ഓര്‍ത്ത് പേടിച്ചുകൊണ്ടാണ് സെല്ലിലെ ക്വാറന്റൈന്‍ ദിനങ്ങള്‍ കടന്നുപോയത്.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് അടിയന്തര പരോള്‍ അനുവദിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി നിയമിച്ച ഉന്നതാധികാര സമിതിയുടെ ഉത്തരവ് ക്വാറന്റൈനിലിരിക്കെ വായിക്കാനിടയായി. പക്ഷെ യു.എ.പി.എ ചുമത്തി ജയില്‍ അടക്കപ്പെട്ടവര്‍ക്ക് ഇടക്കാല ആശ്വാസം ലഭിക്കാന്‍ ഒരു വഴിയുമില്ലെന്ന് ഇത്രയും നാളത്തെ അനുഭവം കൊണ്ടുതന്നെ എനിക്ക് ബോധ്യമായിരുന്നു.

സാധാരണ രീതിയിലുള്ള ജാമ്യം ലഭിക്കുക എന്നല്ലാതെ വീട്ടിലെത്താന്‍ എനിക്ക് മറ്റു മാര്‍ഗങ്ങളൊന്നുമില്ല. പക്ഷെ യു.എ.പി.എ ചുമത്തപ്പെട്ടതിനാല്‍ അത് എളുപ്പത്തില്‍ ലഭിക്കുകയുമില്ല. അടുത്തകാലത്തൊന്നും കിട്ടാന്‍ സാധ്യതയുമില്ല.

‘ജാമ്യം ആണ് നിയമം ജയില്‍ അപവാദമാണ്’ എന്ന സുപ്രീം കോടതി നിരീക്ഷണത്തെ പരിഹസിക്കുന്ന നിയമമാണ് യു.എ.പി.എ. ഈ വ്യവസ്ഥകള്‍ ഒരു കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കുന്നത് അതീവ ശ്രമകരമായ ഒന്നാക്കി മാറ്റുകയാണ്. ജാമ്യം ലഭിക്കാന്‍ പോലും ബുദ്ധിമുട്ടായി മാറുന്നു. അതു മാത്രമല്ല, കേസില്‍ വിചാരണ പോലും നടക്കുന്നില്ല.

ഏറെ കാലം നീണ്ടു നില്‍ക്കുന്ന വിചാരണയ്ക്ക് ശേഷമായിരിക്കും നമുക്ക് സ്വതന്ത്രരാകാന്‍ സാധിക്കുകയെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങളുടെ കേസില്‍ ആദ്യത്തെ അറസ്റ്റ് നടന്ന് 14 മാസം പിന്നിടുമ്പോഴും ഇതുവരെ വിചാരണ പോലും നടന്നിട്ടില്ല. ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഒരു അവസരവും ഇന്നുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

ഈ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ഞങ്ങള്‍ 16 പേരും ഇപ്പോഴും വിചാണയ്ക്ക് മുമ്പുള്ള തടവുകാരായി തുടരുകയാണ്. മഹാമാരി കാരണം അത് ഇനിയും വൈകാനാണ് സാധ്യത. വ്യക്തമായി പറഞ്ഞാല്‍ നീണ്ടു പോകുന്ന ഈ നിയമപ്രക്രിയ തന്നെയാണ് ശിക്ഷയും. സാധാരണ സമയങ്ങളില്‍ പോലും മന്ദഗതിയിലായ നമ്മുടെ നിയമ പ്രക്രിയകള്‍, ഇന്നത്തെ ഈ സാഹചര്യത്തില്‍ ക്രൂരമായി തീര്‍ന്നിരിക്കുകയാണ് എന്ന് വേണം പറയാന്‍.

ഞാന്‍ സ്വതന്ത്രനായിരുന്നെങ്കില്‍…

ഇപ്പോഴത്തെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ തയ്യാറാകുമോ? ഇല്ല. എനിക്ക് അത്തരം പ്രതീക്ഷകളൊന്നും തന്നെയില്ല. കാരണം, കഴിഞ്ഞ വര്‍ഷം മഹാമാരി തുടങ്ങുമ്പോഴാണ്, മാധ്യമ ശ്രദ്ധ മുഴുവനും ആരോഗ്യത്തിലും സാമ്പത്തിക മാന്ദ്യത്തിലും ഊന്നല്‍ നല്‍കുന്ന വേളയില്‍ പൗരത്വ പ്രതിഷേധങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിച്ച ഞങ്ങളില്‍ പലരെയും ഈ മഹാമാരിയെ മറയാക്കിയണല്ലോ ജയിലില്‍ അടച്ചത്.

ഈ മഹാമാരിക്കാലത്ത് ഞങ്ങള്‍ സ്വതന്ത്രരായിരുന്നെങ്കില്‍ എന്ന് തന്നെയാണ് ഞാന്‍ വീണ്ടും വീണ്ടും ചിന്തിക്കുന്നത്. സ്വതന്ത്രരായിരുന്നെങ്കില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍ക്കൊപ്പം, അവര്‍ ആരെന്നോ എന്തെന്നോ നോക്കാതെ, ആശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമായിരുന്നു. ഇവിടെ പക്ഷെ ഞങ്ങള്‍, ഏറ്റവും മോശമായ സാഹചര്യത്തില്‍, രോഗങ്ങളോടും, ആശങ്കകളോടും പടവെട്ടിയാണ് കഴിയേണ്ടി വരുന്നത്. ചിലപ്പോഴൊക്കെ നടാഷയ്ക്ക് സംഭവിച്ച പോലെയുള്ള വ്യക്തിപരമായ ദുരന്തങ്ങളും വേട്ടയാടിയേക്കാം.

ജീവനുകള്‍ നഷ്ടമാകുന്നതിന് പുറമെ മഹാമാരി ആളുകളുടെ മാനസികാരോഗ്യത്തെയും നഷ്ടപ്പെടുത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഞങ്ങള്‍ രാഷ്ട്രീയ തടവുകാരെക്കുറിച്ചും ഞങ്ങളുടെ കുടുംബത്തെക്കുറിച്ചും കൂടി ഈ സമയത്ത് നിങ്ങള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ച് പോവുകയാണ്.

ഒരു വര്‍ഷത്തോളം ജയിലിലായിരുന്ന തന്റെ മകളെ ഒന്ന് കാണാന്‍ കൊവിഡ് ബാധിച്ച് കിടക്കുന്ന തന്റെ അവസാന നാളുകളില്‍ പോലും മഹാവീറിന് സാധിച്ചിട്ടില്ല. അവസാന ഘട്ടത്തില്‍ പിതാവിനൊപ്പം ചെലവഴിക്കാന്‍ അനുവദിക്കപ്പെടാതിരുന്ന നടാഷയ്ക്ക് പിതാവിന്റെ സംസ്‌കാരം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കകം ജയിലിലേക്ക് തിരിച്ച് പോകേണ്ടി വരുന്ന അവസ്ഥയും ഒന്ന് ചിന്തിച്ചു നോക്കൂ.

(സുഹൃത്തുക്കളായ ബനോജ്യോത്സ്‌ന ലാഹിരിയോടും അനിര്‍ബന്‍ ഭട്ടാചാര്യയോടും ഉമര്‍ ഖാലിദ് പറഞ്ഞത്.)

 

പരിഭാഷ: കവിത രേണുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Umar Khalid letter to his friends from Thihar jail