മരിച്ചിട്ടും ചിലര്‍ക്ക് പി.ടിയോടുള്ള പക തീര്‍ന്നിട്ടില്ല; മകന്‍ ലഹരിക്കടിമയാണെന്ന പ്രചരണത്തിനെതിരെ ഉമ തോമസ്
Kerala News
മരിച്ചിട്ടും ചിലര്‍ക്ക് പി.ടിയോടുള്ള പക തീര്‍ന്നിട്ടില്ല; മകന്‍ ലഹരിക്കടിമയാണെന്ന പ്രചരണത്തിനെതിരെ ഉമ തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 2:48 pm

കൊച്ചി: മകന്‍ ലഹരിക്കടിമയാണെന്നും, പൊലീസ് അറസ്റ്റ് ചെയ്‌തെന്നുമുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിന് മറുപടിയുമായി തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. പൊലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണെന്ന് മകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

മരിച്ചിട്ടും ചിലര്‍ക്ക് പി.ടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. പി.ടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് പറഞ്ഞു.

സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നല്‍കുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം, ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്റെ സുഹൃത്തിന്റെ മകന്‍ ലഹരിക്ക് അടിമപ്പെട്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു.
തന്റെ മടിയില്‍ വളര്‍ന്ന കുട്ടിയായിരുന്നെന്നും ഇപ്പോള്‍ ലഹരിവിമോചന കേന്ദ്രത്തില്‍ രണ്ടാം തവണ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് പ്രതിപക്ഷനേതാവ് സഭയില്‍ പറഞ്ഞത്.

‘ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാന്‍ അതിമിടുക്കന്‍. പ്രമുഖ എന്‍ജിനീയറിങ് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. എന്നാല്‍, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാം തവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവന്‍ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ്.’ എന്നാണ് സതീശന്‍ പറഞ്ഞത്.

ഇതിനെത്തുടര്‍ന്നാണ് ഈ വ്യക്തി പി.ടി. തോമസിന്റെയും ഉമ തോമസിന്റെയും മകനാണ് എന്ന തരത്തില്‍ വ്യാപകമായ പ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നടന്നത്.

ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചില ഷാജിമാരുടെ എഫ്.ബി പോസ്റ്റ് കണ്ടു.
പൊലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

മൂത്ത മകന്‍ തൊടുപുഴ അല്‍-അസര്‍ കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്
മരിച്ചിട്ടും ചിലര്‍ക്ക് പി.ടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം.
പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.

പി.ടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും.
സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നല്‍കും.

Content Highlight: Uma Thomas MLA’s Reaction About fake propaganda against her son