ചൈനയെ തുറന്നുകാട്ടാൻ ഒളിമ്പിക്സ് വേദി ലക്ഷ്യമിട്ട് ഉയി​ഗർ മുസ്‌ലിം അവകാശ പ്രവർത്തകർ; ബിസിനസുകാർ വഴിയുള്ള നീക്കങ്ങൾ സജീവമാക്കി
World News
ചൈനയെ തുറന്നുകാട്ടാൻ ഒളിമ്പിക്സ് വേദി ലക്ഷ്യമിട്ട് ഉയി​ഗർ മുസ്‌ലിം അവകാശ പ്രവർത്തകർ; ബിസിനസുകാർ വഴിയുള്ള നീക്കങ്ങൾ സജീവമാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th January 2021, 9:49 pm

ബെയ്ജിങ്ങ്: 2022 ൽ ബെയ്ജിങ്ങിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് വേദി ലക്ഷ്യമിട്ട് ഉയി​ഗർ മുസ്‌ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ. ബെയ്ജിങ്ങ് വിന്റർ ഒളിമ്പിക്സ് സ്പോൺസർ ചെയ്യുന്ന സ്വകാര്യ കമ്പനികളിലൂടെ ചൈനീസ് സർക്കാരിനെ സ്വാധീനിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.

ചൈനയിലെ സിൻജിയാങ്ങ് പ്രവിശ്യയിൽ ഉയി​​ഗർ മുസ്‌ലിങ്ങൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാനും അറിയിക്കാനും തങ്ങളുടെ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കണമെന്ന് ആവശ്യപ്പെട്ട് ബെയ്ജിങ്ങ് ഒളിമ്പിക്സ് സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് കത്തയച്ച് സർക്കാരിനെ സ്വാധീനിക്കാനാണ് ഉയി​ഗർ മുസ്‌ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ശ്രമിക്കുന്നത്.

പത്ത് വ്യത്യസ്ത രാജ്യങ്ങളിൽ ഉയി​ഗർ മുസ്‌ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ക്യാമ്പയിനിന് തുടക്കമിടുന്നത്. എയർബിഎൻബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൺ ചെസ്കിക്കാണ് ആദ്യം കത്തയക്കാൻ ഉദ്ദേശിക്കുന്നത്.
വിന്റർ ഒളിമ്പിക്സിനെ വംശഹത്യ ​ഗെയിംസ് എന്നാണ് ക്യാമ്പയിൻ ​ഗ്രൂപ്പ് അം​ഗങ്ങൾ വിളിക്കുന്നത്.

എയർബിഎൻബിയോട് സ്പോൺസർഷിപ്പ് പിൻവലിക്കാനാണ് ക്യാമ്പയിൻ ​ഗ്രൂപ്പ് അം​ഗങ്ങൾ ആദ്യഘട്ടത്തിൽ ആവശ്യപ്പെടുക.
തങ്ങളുടെ നിലപാടുകൾ പുനർവിചിന്തനം നടത്താൻ ചൈനയെ പ്രേരിപ്പിക്കാനാണ് ക്യാമ്പയിനിന് നേതൃത്വം നൽകുന്നവർ ഉദ്ദേശിക്കുന്നത്.

ഒളിമ്പിക്സിന് നിരവധി രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നതിനാൽ കുറേക്കൂടി ശക്തമായ രീതിയിൽ ക്യാമ്പയിൻ നടത്താൻ സാധിക്കും എന്നാണ് സംഘാടകർ കരുതുന്നത്.

കമ്പനി തങ്ങളുടെ ധാർമ്മികമായ മൂല്യങ്ങൾ വെച്ച് സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറുകയോ അല്ലാത്ത പക്ഷം വിന്റർ ഒളിമ്പിക് വേദി ബോധവത്കരണത്തിനായി ഉപയോ​ഗപ്പെടുത്തുമെന്നോ വിശ്വസിക്കുന്നതായി ക്യാമ്പയിനിന് നേതൃത്വം നൽകുന്ന രഹീമ പറഞ്ഞു.

പത്ത് ലക്ഷത്തിലേറെ ഉയിഗര്‍ മുസ്‌ലിങ്ങൾ ചൈനയില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഉയിഗര്‍ മുസ്‌ലിങ്ങളെ പുതിയ കഴിവുകളും തൊഴിലും പഠിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ് ഈ ക്യാംപുകളെന്നാണ് ചൈനയുടെ അവകാശവാദം

എന്നാല്‍ ഈ കേന്ദ്രങ്ങളില്‍ ഉയിഗര്‍ മുസ്‌ലിങ്ങളെ അതിക്രൂരമായ പീഡനത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയമാക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ക്യാംപുകളില്‍ നിന്നും പുറത്തെത്തിയ പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരുന്നു.

‘ക്യാംപുകളില്‍ പലപ്പോഴും പന്നിമാംസം മാത്രം നല്‍കിയിരുന്ന ദിവസങ്ങളുണ്ടായിരുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല.

ജീവിച്ചിരിക്കണമെങ്കില്‍ മുന്നില്‍ വരുന്ന ഏത് ഭക്ഷണവും ഏത് മാംസവും കഴിച്ചേ മതിയാകൂ.’ 2018ല്‍ അറസ്റ്റിലായി പിന്നീട് ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഉംറുകി എന്ന യുവതി പറയുന്നു.

ക്യാംപില്‍ നിന്നും രക്ഷപ്പെട്ട ഡോക്ടറും വിദ്യാഭ്യാസ വിദഗ്ധയുമായ സൈറാഗുല്‍ സൗദ്ബെയും ക്യാംപുകളിലെ പന്നിയിറച്ചി കഴിപ്പിക്കലിനെ കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങളെ നിര്‍ബന്ധിച്ച് പന്നിയിറച്ചി കഴിപ്പിച്ചിരുന്നു. മുസ്ലിങ്ങള്‍ പരിപാവനമായി കരുതുന്ന വെള്ളിയാഴ്ച തന്നെ അവര്‍ ബോധപൂര്‍വം ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ക്രൂരമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമായിരുന്നെന്ന് സൈറാഗുല്‍ വെളിപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Uighur campaigners to target 2022 Beijing Winter Olympics sponsors