സമരം തുടരുമെന്ന് യു.ഡി.എഫ്: 'ഞങ്ങള്‍ ഒളിച്ചോടിയിട്ടില്ല'
Kerala News
സമരം തുടരുമെന്ന് യു.ഡി.എഫ്: 'ഞങ്ങള്‍ ഒളിച്ചോടിയിട്ടില്ല'
ന്യൂസ് ഡെസ്‌ക്
Sunday, 4th October 2020, 12:06 pm

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്നും പിന്മാറുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ച യു.ഡി.എഫ് നിലപാട് മാറ്റുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചുക്കൊണ്ട് സമരം തുടരുമെന്നാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചത്. സര്‍ക്കാരിനെതിരായ സമരത്തില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും എം.എം ഹസന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 12ന് നിയോജകമണ്ഡലങ്ങളില്‍ സമരം നടത്തുമെന്നാണ് യു.ഡി.എഫ് നേതൃത്വം അറിയിച്ചിട്ടുള്ളത്. 5 പേര്‍ വീതം സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടത്താതെയാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള തീരുമാനം നേതൃത്വം സ്വീകരിച്ചതെന്നും ഇത് പാര്‍ട്ടി ഒളിച്ചോടുകയാണെന്നുള്ള പ്രതീതി ജനിപ്പിച്ചെന്നും കെ.മുരളീധരനടക്കമുള്ളവര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം സമരത്തില്‍ നിന്നും പിന്മാറുന്നില്ലെന്ന തീരുമാനം സ്വീകരിച്ച ബി.ജെ.പി ഈ അവസരത്തെ ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നുതന്നെ ആരോപണങ്ങളും ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് സമരം തുടരാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണക്കള്ളകടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുക്കൊണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രതിഷേധസമരങ്ങള്‍ നടന്നിരുന്നു. മറ്റു ജില്ലകളിലും സമരങ്ങള്‍ നടന്നു. പലയിടങ്ങളിലും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ സമരത്തിന് നേതൃത്വത്തിന് നല്‍കിയ എം.എല്‍.എമാര്‍ക്കെതിരെയടക്കം കേസുകളെടുത്തിരുന്നു. സമരത്തില്‍ പങ്കെടുത്ത പലര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പിന്നീട് സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷം സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും സമാനമായ പ്രസ്താവനയാണ് യു.ഡി.എഫ് നടത്തിയിരുന്നത്.

അതേസമയം സമരത്തില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.

ഇപ്പോള്‍ കൊവിഡ് ഏറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് വീണ്ടും സമരവുമായെത്തുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയേക്കാം എന്നാണ് ഉയരുന്ന നിരീക്ഷണങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UDF will restart protests against LDF govt says M M Hassan