എഡിറ്റര്‍
എഡിറ്റര്‍
കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരെ യു.ഡി.എഫ് എം.എല്‍.എമാര്‍
എഡിറ്റര്‍
Wednesday 12th June 2013 12:15pm

tn-prathapan

തിരുവനന്തപുരം: കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരെ യു.ഡി.എഫ് എം.എല്‍.എമാരും രംഗത്ത്.

വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ , എം.വി ശ്രേയാംസ് കുമാര്‍, വി.ടി ബല്‍റാം, ഹൈബി ഈഡന്‍, സി.പി മുഹമ്മദ്, പാലോട് രവി എന്നിവരാണ് പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Ads By Google

കുടിവെള്ള വിതരണത്തിനായി സിയാല്‍ മോഡല്‍ കമ്പനി രൂപീകരിച്ചുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ജലസ്രോതസുകളില്‍ നിന്ന് വെള്ളമെടുത്ത് വില്‍പനയ്ക്ക് വയ്ക്കുന്നതിനോട്  യോജിക്കാന്‍ കഴിയില്ല. ജലചൂഷണം നടത്തുന്ന സ്വകാര്യ സംരംഭങ്ങളെ നിയമപരമായി നിയന്ത്രിക്കണം. ജലസ്രോതസുകളുടെ ഉടമസ്ഥാവകാശം പൊതുസമൂഹത്തിനും പ്രദേശിക ജനവിഭാഗങ്ങള്‍ക്കുമുള്ളതാണെന്നും ഇവര്‍ കത്തില്‍ പറയുന്നു.

കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരെ ഇന്ന് പ്രതിപക്ഷവും നിയമസഭയില്‍ ബഹളമുണ്ടാക്കിയിരുന്നു. സിയാല്‍ മോഡല്‍ കുടിവെള്ളക്കമ്പനി രൂപീകരിക്കുന്നത് വഴി കുടിവെള്ള സ്രോതസുകളും കുടിവെള്ളവിതരണരംഗവും സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ കമ്പനി രൂപീകരണത്തിന്റെ ലക്ഷ്യം കുടിവെള്ളത്തിന്റെ വില കുറയ്ക്കുകയാണെന്നും  ജലവിഭവ വകുപ്പിന്റെ സ്രോതസുകളെ ഒഴിവാക്കി ഉപേക്ഷിക്കപ്പെട്ട പാറമടകള്‍, കുളങ്ങള്‍, ഓരുവെള്ളശേഖരങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ബന്ധപ്പെട്ട ഏജന്‍സികളുടെ അനുവാദത്തോടെ ജലം ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനാണ് പദ്ധതിയെന്നും ജലവിഭവ മന്ത്രി പി.ജെ ജോസഫ് അറിയിച്ചു.

Advertisement