ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കും; യു.ഡി.എഫ്
kERALA NEWS
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കും; യു.ഡി.എഫ്
ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 1:42 pm

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനം. ശബരിമല പ്രശ്‌നങ്ങളില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് എം. വിന്‍സെന്റ് നല്‍കിയ സ്വകാര്യ ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനമായത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കും വരെ പ്രതിഷേധം തുടരും.

നാളെ മുതല്‍ ശബരിമല വിഷയം സര്‍ക്കാരിനെതിരെ യു.ഡി.എഫ് ആയുധമാക്കും. അതേസമയം, സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഭരണഘടനാ ബാധ്യതയും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലെ ഭിന്ന സ്വരവുമാകും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. അതിനിടെയാണ് യുവതീ പ്രവേശന വിധിക്കെതിരെ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് എം. വിന്‍സെറ് നല്‍കിയ സ്വകാര്യ ഹര്‍ജി സ്പീക്കര്‍ തള്ളിയത്.


“കീഴാറ്റൂരിലേത് പാളത്തൊപ്പിയൊക്കെവെച്ച് ബി.ജെ.പി നടത്തിയ നാടകം”: ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിവുസഹിതം നിരത്തി പി. ജയരാജന്‍


ശബരിമല വിശ്വാസികളെ പ്രത്യേക മതമായി കണക്കാക്കി ആചാര സംരക്ഷണത്തിന് നിയമ നിര്‍മ്മാണം വേണമെന്നായിരുന്നു ആവശ്യം. സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ആവശ്യം പരിഗണിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. നിയമവകുപ്പിനും സാമന അഭിപ്രായമാണെന്നും മറുപടിയില്‍ പറയുന്നു.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം അന്തരിച്ച എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖിന് നിയമസഭ ആദരാജ്ഞലി അര്‍പ്പിച്ചു.