'ബോളിവുഡ് മാഫിയ കോണ്‍ഗ്രസിന്റെ തണലില്‍'; സുശാന്തിന്റെ മരണം രാഷ്ട്രീയ കരുവാക്കി ബി.ജെ.പി
national news
'ബോളിവുഡ് മാഫിയ കോണ്‍ഗ്രസിന്റെ തണലില്‍'; സുശാന്തിന്റെ മരണം രാഷ്ട്രീയ കരുവാക്കി ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 8:02 am

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം മഹാരാഷ്ട്രാ – ബീഹാര്‍ രാഷ്ട്രീയത്തില്‍ വലിയതോതിലുള്ള ചര്‍ച്ചയ്ക്കും തര്‍ക്കത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.

സുശാന്തിന്റെ മരണം അന്വേഷിക്കുന്നതില്‍ നിന്ന് മുംബൈ പൊലീസിനെ മാറ്റി സി.ബി.ഐക്ക് കേസ് നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നുവന്നിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ഇപ്പോള്‍ സുശാന്തിന്റെ മരണം ഉദ്ദവ് താക്കറേയ്ക്കും കോണ്‍ഗ്രസിനും എതിരെയുള്ള രാഷ്ട്രീയക്കരുവാക്കിയിരിക്കുകയാണ് ബി.ജെ.പി.

ദേവേന്ദ്ര ഫഡ്‌നാവിസിന് പിന്നാലെ ഉദ്ദവ് താക്കറേയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി.

സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ബോളിവുഡ് മാഫിയയില്‍ നിന്ന് സമ്മര്‍ദത്തിലായതിനാല്‍ കേസില്‍ ഉത്തരവാദികളെ രക്ഷിക്കാന്‍ ഉദ്ദവ് താക്കറെ ശ്രമിക്കുകയാണെന്നാണ് ബി.ജെ.പി നേതാവിന്റെ ആരോപണം.

”കോണ്‍ഗ്രസിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ബോളിവുഡ് മാഫിയയില്‍ നിന്ന് ഉദ്ദവ് ാേതാക്കറെ സമ്മര്‍ദ്ദത്തിലാണ്. അതിനാലാണ് സുശാന്ത് കേസില്‍ ഉത്തരവാദികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്,”സുശീല്‍ മോദി ട്വീറ്റ് ചെയ്തു.

അതേസമയം സുശാന്തിന്റെ മരണം മഹാരാഷ്ട്രയും ബീഹാറും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകരുതെന്ന് ഉദ്ദവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു.

‘ഞങ്ങള്‍ കുറ്റവാളികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. എന്നിരുന്നാലും, ഈ കേസ് മഹാരാഷ്ട്രയ്‌ക്കെതിരെ പ്രശ്നമായി ബീഹാര്‍ ഉപയോഗിക്കരുത്. ഇത് ഏറ്റവും നിന്ദ്യമായ കാര്യമാണ്,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

പ്രതിപക്ഷ നേതാക്കളായ രാഷ്ട്രീയ ജനതാദളിന്റെ തേജസ്വി യാദവ്, ലോക് ജനശക്തി പാര്‍ട്ടിയിലെ ചിരാഗ് പാസ്വാന്‍ തുടങ്ങിയവര്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു. പിന്നാലെ സുശാന്തിന്റെ കേസില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കോടതിയില്‍ പിന്തുണയ്ക്കുമെന്ന് നീതീഷ് കുമാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ