എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയും നരേന്ദ്രമോദിയും പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നും; രൂക്ഷ വിമര്‍ശനവുമായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ
എഡിറ്റര്‍
Sunday 1st October 2017 10:13am

മഹാരാഷ്ട്ര: സഖ്യകക്ഷിയായ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറയുന്നതൊന്നും ചെയ്യുന്നതൊന്നുമാണെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. വിജയദശമി നാളില്‍ ശിവസേനയുടെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും പ്രധാനമന്ത്രിയും ഭയത്തിലൂടെയും നുണകളിലൂടെയും ഭരണം നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബീഫ് വിഷയത്തിലും നോട്ട് നിരോധനത്തിലും ബുള്ളറ്റ് ട്രെയിനിലുമെല്ലാം ഇത്തരം ഇരട്ടത്താപ്പുകളാണ് ബി.ജെ.പി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകാ വിഥന്‍ ഏക് നിശന്‍ (ഒരു ഭരണഘടന, ഒരു പതാക, ഒരു പരമാധികാരം) എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം കശ്മീരില്‍ മെഹബുബ മുഫ്തിയുമായി ഭരണത്തിലേറിയപ്പോള്‍ അവര്‍ മറന്നു. ഭരണത്തിന്റ സുഖം പിടിച്ചപ്പോള്‍ അവര്‍ കശ്മീരിലെ പ്രത്യേക അധികാരമായ ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യം  തന്നെ മറന്നു. പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ അത് റദ്ദ് ചെയ്യാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Also Read ‘മോദി… നിങ്ങള്‍ യോഗിയെ കണ്ടുപഠിക്കൂ…’; ഗോസംരക്ഷണത്തില്‍ യോഗി ആദിത്യനാഥിനെ മാതൃകയാക്കാന്‍ മോദിയോട് വി.എച്ച്.പി


ഇതേപോലെ തന്നെയാണ് നോട്ടു നിരോധനത്തിന്റെ കാര്യവും നോട്ടു നിരോധനത്തിന്റെ സമയത്ത് പാവപ്പെട്ടവരെ മാത്രമേ ക്യൂവില്‍ കണ്ടുള്ളു ഒരു പണക്കാരനെയും അവിടെ കണ്ടില്ല. നോട്ടു നിരോധനം കള്ളപണം പിടിക്കാനായിരുന്നു എന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അതൊന്നും നടന്നില്ല. നോട്ടു നിരോധനത്തെ അനുകൂലിച്ചവരെ ദേശസ്‌നേഹികളായും അതിനെ എതിര്‍ത്തവരെ രാജ്യദ്രോഹികളായുമാണ് അവര്‍ ചിത്രീകരിച്ചത്. അവര്‍ ഒരു കാര്യം മനസ്സിലാക്കണം ഒരാള്‍ക്കും മറ്റൊരാളെ രാജ്യസ്‌നേഹം പഠിപ്പിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.

പശുവിന്റെ കാര്യത്തിലും ഇതേ നയം തന്നെയാണ് അവര്‍ പിന്തുടരുന്നത്. മഹാരാഷ്ട്രയില്‍ അവര്‍ ബീഫ് നിരോധിക്കുമ്പോള്‍ ഗോവയില്‍ അവരുടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും കേരളത്തില്‍ അവരുടെ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ബീഫ് കഴിക്കുന്നതിന് അവരുടെ ജനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണയും നല്‍കിയിട്ടുണ്ട് ഇതും അവരുടെ ഇരട്ടത്താപ്പ് ആണ് അദ്ദേഹം പറഞ്ഞു.

ഇതേ ഇരട്ടത്താപ്പ് തന്നെയാണ് ജി.എസ്.ടിയിലും പാക്കിസ്ഥാന്റെയും കാര്യത്തിലും ബി.ജെ.പി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement