ചാംപ്യന്‍സ് ലീഗില്‍ ഡിസാസ്റ്റര്‍ വെനസ്‌ഡേ; യുവന്റസിനും റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി; ബയേണ്‍ മ്യൂണിക്കിന് സമനില
Football
ചാംപ്യന്‍സ് ലീഗില്‍ ഡിസാസ്റ്റര്‍ വെനസ്‌ഡേ; യുവന്റസിനും റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി; ബയേണ്‍ മ്യൂണിക്കിന് സമനില
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th December 2018, 8:43 am

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യുവേഫ ചാംപ്യന്‍സ് ലീഗിന് അപ്രതീക്ഷിത ക്ലൈമാക്‌സ്. കപ്പ് ഫേവറിറ്റുകളായ റയല്‍ മാഡ്രിഡിന്റേയും യുവന്റസിന്റേയും പരാജയത്തോടെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് വിരാമമായത്.

ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു യങ് ബോയ്‌സ് യുവന്റസിനെ തോല്‍പിച്ചത്. തോറ്റെങ്കിലും ഗ്രൂപ്പ് ചാംപ്യന്‍മാരായി യുവെ അവസാന പതിനാറിലെത്തി. എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ യങ് ബോയ്‌സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചാണ് യു.സി.എല്ലിനോട് വിട പറഞ്ഞത്.

ഗ്വില്ലൗമെ ഹൊറാവുവിന്റെ ഇരട്ട ഗോള്‍ മികവിലാണ് യുവെയെ യങ് ബോയ്‌സ് തകര്‍ത്തത്. ക്രിസ്റ്റിയാനോയുടെ അസിസ്റ്റില്‍ പൗളോ ഡിബാലയാണ് യുവന്‍സിന്റെ ഏകഗോള്‍ നേടിയത്.

ആക്രമണത്തിലും പന്തടക്കത്തിലും പതിവുപോലെ യുവെ മുന്നിട്ട് നിന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലെ പിഴവാണ് വിനയായത്.

മറ്റൊരു മത്സരത്തില്‍ റഷ്യന്‍ ക്ലബ് സി.എസ്.കെ.എ. മോസ്‌കോ എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ മാഡ്രിഡിനെ തോല്‍പിച്ചു. ജയിച്ചെങ്കിലും ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി മോസ്‌കോ നാട്ടിലേക്ക് മടങ്ങി.

ഫൈദൂര്‍ ഷലോവിന്റേയും ജോര്‍ജി ഷെനിക്കോവിന്റേയും ആമറിന്റേയും മികവിലാണ് മോസ്‌കോ സ്പാനിഷ് വമ്പന്‍മാരെ അട്ടിമറിച്ചത്.

കണക്കുകളില്‍ റയല്‍ മുന്നിലാണെങ്കിലും സാന്റിയാഗോവില്‍ മോസ്‌കോയുടെ പ്രകടനമായിരുന്നു കളിപ്രേമികള്‍ കണ്ടത്. തോറ്റെങ്കിലും ഗ്രൂപ്പ് ചാംപ്യന്‍മാരായി റയല്‍ അവസാന പതിനാറിലെത്തി.

പ്രീമിയര്‍ ലീഗില്‍ അവസാന മത്സരങ്ങളിലെ പ്രകടനം നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായില്ല. സ്പാനിഷ് ടീം ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡിനെ തോല്‍പിച്ചത്.

പതിനേഴാം മിനിറ്റില്‍ കാര്‍ലോസ് സൊളറാണ് വലന്‍സിയയ്ക്കായി ആദ്യം വലകുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫില്‍ ജോണ്‍സിന്റെ സെല്‍ഫ് ഗോളും ചേര്‍ന്നതോടെ ഗോള്‍ നില രണ്ടായി. മാര്‍ക്കസ് റാഷ്‌ഫോഡാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്.

90 മിനിറ്റ് ആവേശം അലതല്ലിയ അയാക്‌സ്- ബയേണ്‍ മത്സരം ആവേശഭരിതമായ സമനിലയില്‍ കലാശിച്ചു. പതിമൂന്നാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയുടെ ഗോളില്‍ ബയേണ്‍ ആദ്യം മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ ടാഡിച്ചിന്റെ ഗോളില്‍ അയാക്‌സിന് നിര്‍ണായക സമനില. ഇരുടീമും ആക്രമിച്ച് കളിച്ചതോടെ 82ആം മിനിറ്റില്‍ അയാകിസിന് അനുകൂല പെനല്‍റ്റി. കിക്കെടുക്കാനെത്തിയ ടാഡിച്ചിന് പിഴച്ചില്ല. അയാക്‌സ് ഒരു ഗോളിന് മുമ്പില്‍.

ജയം ലക്ഷ്യമിട്ട് ആക്രമിച്ച ബയേണ്‍ ഒടുവില്‍ ലക്ഷ്യം കണ്ടു. എണ്‍പത്തിയേഴാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി മുതലാക്കി സൂപ്പര്‍താരം ലെവി ബയേണ്‍ അയാക്‌സിനൊപ്പം.

നിര്‍ണായകമായ മൂന്ന് മിനിറ്റിന്റെ അവസാന നിമിഷത്തില്‍ അയാക്‌സിനെ ഞെട്ടിച്ച് ബയേണിന്റെ ഫ്രഞ്ച് താരം കിങ്സ്ലി കോമന്‍ ബയേണിന് ലീഡ് നേടി കൊടുത്തു. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍ക്കാന്‍ തയ്യാറല്ലാതിരുന്ന അയാക്‌സ് ഇഞ്ചുറി ടെമിന്റെ അഞ്ചാം മിനിറ്റില്‍ നിക്കോളാസിലൂടെ നിര്‍ണായക സമനിലഗോള്‍. ഒടുവില്‍ യു.സി.എല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിന് സമനിയോടെ അന്ത്യം.

മത്സരത്തില്‍ ബയേണിന്റെ തോമസ് മുള്ളര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഗ്രൂപ്പില്‍ നിന്ന് ചാംപ്യന്‍മാരായി ബയേണും റണ്ണേഴ്‌സ് അപ്പായി അയാക്‌സും അവസാന പതിനാറിലെത്തി.