ഏക സിവില്‍കോഡ്: പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി ജൂലൈ 28 വരെ നീട്ടി ലോ കമ്മീഷന്‍
national news
ഏക സിവില്‍കോഡ്: പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി ജൂലൈ 28 വരെ നീട്ടി ലോ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th July 2023, 10:48 pm

ന്യൂദല്‍ഹി: വലിയ തോതിലുള്ള പ്രതികരണങ്ങളെ തുടര്‍ന്ന് ഏക സിവില്‍കോഡ് വിഷയത്തില്‍ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി ലോ കമ്മീഷന്‍. ജൂലൈ 28 വരെയാണ് സമയം നീട്ടിയത്.

ഇതുവരെ ഓണ്‍ലൈനായി മാത്രം 50 ലക്ഷത്തിലേറെ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ലോ കമ്മീഷന്‍ വ്യക്തമാക്കുന്നത്. നേരിട്ടും വലിയ തോതില്‍ അഭിപ്രായങ്ങളും പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. നിരവധി സംഘടനകള്‍ നേരിട്ടും ലോ കമ്മീഷനെ സമീപിക്കുന്നുണ്ട്.

നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കമ്മീഷന്റെ പുതിയ നീക്കം. ജൂണ്‍ 14നാണ് ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ലോ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയത്. സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം അഭിപ്രായം രേഖപ്പെടുത്താം.

പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടണമെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഈ ആവശ്യമുന്നയിച്ചിരുന്നു എന്നും ലോ കമ്മീഷന്‍ വിശദീകരണ കുറിപ്പില്‍ അറിയിച്ചു. ഇനിയും പ്രതികരണം അറിയിക്കേണ്ടവര്‍ക്ക് വെബ്‌സൈറ്റിലൂടെ അഭിപ്രായം അറിയിക്കാമെന്നും ലോ കമ്മീഷന്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 അതേസമയം, ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് പ്രസ്താവനകള്‍ നടത്തിയത്. കടുത്ത പ്രതിഷേധങ്ങള്‍ കാരണം സിവില്‍കോഡ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ദളിത്, ക്രിസ്ത്യന്‍ മേഖലകളിലുള്ളവര്‍ക്ക് ബാധകമാക്കില്ലെന്ന് വരെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പറയേണ്ടി വന്നിരുന്നു.

കേരളത്തില്‍ ഭരണകക്ഷിയായ ഇടതുപക്ഷവും പ്രതിപക്ഷമായ യു.ഡി.എഫും ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. വിവിധ ക്രിസ്ത്യന്‍, മുസ്‌ലിം സമുദായ സംഘടനകളും, ചില ദളിത് സംഘടനകളും കടുത്ത ഭാഷയില്‍ സിവില്‍കോഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

നാളെ സിവില്‍കോഡ് വിഷയത്തില്‍ സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാര്‍ കോഴിക്കോട് വെച്ച് നടക്കും. മുസ്‌ലിം ലീഗ് ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളില്‍ ലീഗ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സെമിനാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: UCC reviews can be submitted until july 28