യെമനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് യു.എ.ഇ
World News
യെമനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് യു.എ.ഇ
ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 8:24 pm

സനാ: യെമനിലെ തങ്ങളുടെ സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന് യു.എ.ഇ. സൈനിക ഇടപെടലിന് പകരം സമാധാനശ്രമങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിന് വേണ്ടിയാണ് നീക്കമെന്നും യു.എ.ഇ വക്താവ് പറഞ്ഞു.

ഹുദൈദയിലടക്കം യെമനില്‍ യു.എ.ഇയ്ക്ക് സൈനിക സാന്നിധ്യമുണ്ടെന്നും പുതിയ നീക്കം തന്ത്രപരമാണെന്നും യു.എ.ഇ വിശദീകരിക്കുന്നു. അതേസമയം പ്രാദേശിക സൈനിക വിഭാഗങ്ങള്‍ക്കുള്ള പിന്തുണ തുടരുമോയെന്ന കാര്യത്തില്‍ യു.എ.ഇ പ്രതികരിച്ചിട്ടില്ല.

ഇറാന്‍-അമേരിക്ക തര്‍ക്കം കൂടുതല്‍ രൂക്ഷമായതും സുരക്ഷാ പ്രശ്‌നങ്ങളുമാണ് യു.എ.ഇ സൈന്യത്തെ പിന്‍വലിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സൗദിയ്ക്ക് നേരെ ഹൂതി വിമതര്‍ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടാവുന്നുണ്ട്.

ഏദനിലെ ചില ഭാഗങ്ങളില്‍ നിന്നും യെമനിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും യു.എ.ഇ സൈന്യത്തെ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ മേഖലയില്‍ ഹൂതികള്‍ക്കെതിരെ പ്രാദേശിക സൈനിക വിഭാഗങ്ങളെ രൂപീകരിച്ച ശേഷമാണ് യു.എ.ഇയുടെ പിന്‍വാങ്ങല്‍.

2015ലാണ് സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തിലുള്ള സഖ്യസേന യെമനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെടുന്നതും യുദ്ധം ആരംഭിയ്ക്കുന്നതും. 2015ന് ശേഷം ഒരു ലക്ഷത്തിനടുത്താളുകളാണ് യെമനില്‍ കൊല്ലപ്പെട്ടത്.