പാകിസ്താന്‍ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടീമിനെ നേരിടാന്‍ സുനില്‍ ഷെട്ടിയും ബോബി ഡിയോളും; തീ പാറും പേരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ യു.എ.ഇ
Sports News
പാകിസ്താന്‍ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടീമിനെ നേരിടാന്‍ സുനില്‍ ഷെട്ടിയും ബോബി ഡിയോളും; തീ പാറും പേരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ യു.എ.ഇ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th March 2022, 2:52 pm

യു.എ.ഇ ഫ്രണ്ട്ഷിപ് കപ്പില്‍ പാകിസ്താനെ നേരിടാനൊരുങ്ങി സുനില്‍ ഷെട്ടിയും ബോബി ഡിയോളും. മാര്‍ച്ച് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളണിനിരക്കുന്ന പാകിസ്താന്‍ ലെജന്‍ഡ്‌സും ബോളിവുഡിന്റെ സ്വന്തം സ്‌റ്റൈലിഷ് താരങ്ങള്‍ അണിനിരക്കുന്ന ബോളിവുഡ് കിംഗ്‌സും ഏറ്റുമുട്ടും.

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ച് രാത്രി 8.15നാണ് മത്സരം അരങ്ങേറുന്നത്.

ഇമ്രാന്‍ നസീറിന്റെയും സല്‍മാന്‍ ബട്ടിന്റെയും കരുത്തിലാണ് പാകിസ്താന്‍ ലെജന്‍ഡ്‌സ് കളത്തിലിറങ്ങുന്നത്. രാജ്യാന്തര ക്രിക്കറ്റിലെയും പി.എസ്.എല്ലിലെയും പരിചയ സമ്പത്താണ് പാകിസ്താന്‍ ടീമിന് അടിത്തറയൊരുക്കുന്നത്.

എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല, ക്രിക്കറ്റിലും ഒരു കൈ നോക്കിയവര്‍ തന്നെയാണ് ബോളിവുഡ് കിംഗ്‌സിന് വേണ്ടി കളത്തിലിറങ്ങുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി.സി.എല്‍) കളം നിറഞ്ഞ ഷബീര്‍ അലുവാലിയ, അഫ്താബ് ശിവ്ദാസനി എന്നിവരാണ് ബോളിവുഡ് കിംഗ്‌സിന്റെ കരുത്ത്.

 

എന്നാല്‍ മത്സരം പാകിസ്താന് അനുകൂലമായിരിക്കുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സല്‍മാന്‍ ബട്ട് അടക്കമുള്ള പ്രൊഫഷണല്‍ താരങ്ങളോട് പിടിച്ചുനില്‍ക്കാന്‍ മാത്രമായിരിക്കും സുനില്‍ ഷെട്ടിയും സംഘവും ശ്രമിക്കുന്നതെന്നും അവര്‍ വിലയിരുത്തുന്നു.

സാധ്യതാ ഇലവന്‍

ബോളിവുഡ് കിംഗ്‌സ്:

സുനില്‍ ഷെട്ടി, സൊഹൈല്‍ ഖാന്‍, അഫ്താബ് ശിവ്ദാസനി, റിതേഷ് ദേശ്മുഖ്, ബോബി ഡിയോള്‍, ഷബീര്‍ അലുവാലിയ, സാഖിബ് സലീം, കുനാല്‍ ഖേമു, ശരദ് കേല്‍കര്‍, വത്സല്‍ സേത്, അപൂര്‍വ ലാഖിയ

പാകിസ്താന്‍ ലെജന്‍ഡ്‌സ്:

ഇമ്രാന്‍ നസീര്‍, സല്‍മാന്‍ ബട്ട്, മൊഹമ്മദ് യൂസഫ്, യാസിര്‍ ഹമീദ്, റാണ നവേദ്, മുഹമ്മദ് ഇര്‍ഫാന്‍, റാസ ഹസന്‍, തൗഫീഖ് ഉമര്‍, റാഹത് അലി, സുല്‍ഫിഖര്‍ ബാബര്‍, അബ്ദുര്‍ റഹ്‌മാന്‍

Content Highlight:  UAE Friendship Cup 2022: Bollywood Kings of Suniel Shetty and Bobby Deol takes on  Pakistan Legends