മങ്കിപോക്‌സ്; യു.എ.ഇ ആരോഗ്യ മന്ത്രാലയം പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
World News
മങ്കിപോക്‌സ്; യു.എ.ഇ ആരോഗ്യ മന്ത്രാലയം പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2022, 9:11 am

അബുദാബി: രാജ്യത്ത് മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ യു.എ.ഇ ആരോഗ്യമന്ത്രാലയം പ്രതിരോധ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ (MoHaP) ആണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

രോഗ ബാധിതര്‍ പൂര്‍ണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയില്‍ തുടരണം, രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം ക്വാറന്റീനില്‍ കഴിയണം എന്നിങ്ങനെയാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സമ്പര്‍ക്കത്തിലുള്ളവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നും ഇത് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രോഗം ബാധിച്ചവരുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും ആരോഗ്യനില അധികൃതര്‍ നിരീക്ഷിക്കണമെന്നും രോഗം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. രോഗം സംബന്ധിച്ച് ഭീതിയും അഭ്യൂഹങ്ങളും പ്രചരിക്കാതിരിക്കാന്‍ ഇത് സഹായകരമാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

മങ്കിപോക്‌സ് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ തിരിച്ചറിയുന്നതിനായുള്ള ഒരു റാപിഡ് സര്‍വയലന്‍സ് സിസ്റ്റമാണ് യു.എ.ഇ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ നിലവില്‍ നാല് കേസുകളാണ് യു.എ.ഇയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതുവരെ 20ഓളം രാജ്യങ്ങളിലായി 200ലധികം മങ്കിപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയത്.

യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, സ്പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലും യു.എസ്, കാനഡ, ഓസ്ട്രേലിയ, എന്നീ രാജ്യങ്ങളിലുമടക്കമാണ് നിലവില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതോടെ യു.എ.ഇയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെ മേയ് 24നായിരുന്നു യു.എ.ഇയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നിന്നെത്തിയ യുവതിയിലാണ് രോഗം കണ്ടെത്തിയത്.

കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് മങ്കിപോക്‌സ് പടരാറുള്ളത്.

കടുത്ത പനി, ശരീരവേദന, തലവേദന, ദേഹത്ത് തിണര്‍ത്ത് പൊന്തുന്നത്, ക്ഷീണം എന്നിവയാണ് മങ്കിപോക്‌സിന്റെ സാധാരണ ലക്ഷണങ്ങള്‍. കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗം സാധാരണയായി രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം ഭേദമാകാറുണ്ട്.

എന്നാല്‍ രോഗം ഗുരുതരമായാല്‍ മുഖത്തും കൈകളിലും മുറിവുകളുണ്ടാകുകയും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്‌തേക്കും.

കുട്ടികളില്‍ രോഗം കൂടുതല്‍ ഗുരുതരമാകാറുണ്ടെന്നും വിവിധ പഠനങ്ങള്‍ പറയുന്നു.

അതേസമയം, രോഗം തടയുന്നതിനുള്ള നിര്‍ദേശങ്ങളും ദുബായ് ഹെല്‍ത്ത് അതോറിറ്റി (DHA) പുറപ്പെടുവിച്ചിട്ടുണ്ട്;

സോപ്പും വെള്ളവുമോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ കഴുകി വൃത്തിയാക്കുക, വന്യ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക,

മാംസം ഭക്ഷിക്കുമ്പോള്‍ നല്ലപോലെ വേവിക്കുക, മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുക, രോഗം ബാധിച്ച മൃഗങ്ങളുമായും മനുഷ്യരുമായും ബന്ധപ്പെട്ട വസ്തുക്കള്‍ ഒഴിവാക്കുക, ചൊറിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായി അടുത്തിടപഴകാതിരിക്കുക – എന്നിവയാണ് നിര്‍ദേശങ്ങള്‍.

Content Highlight: UAE declares isolation and quarantine procedures for Monkeypox positive and suspected cases