എഡിറ്റര്‍
എഡിറ്റര്‍
ഉത്തരകൊറിയയുടെ ഭീഷണി; ദക്ഷിണ കൊറിയയ്ക്ക് പിന്തുണയുമായി യു.എസ്
എഡിറ്റര്‍
Friday 29th March 2013 7:31am

വാഷിങ്ടണ്‍: ഉത്തരകൊറിയ യുദ്ധ ഭീഷണി ശക്തമാക്കിയ സാഹചര്യത്തില്‍ ദക്ഷിണ കൊറിയയ്ക്കറ പിന്തുണയുമായി യു.എസ് എത്തി.

ദക്ഷിണകൊറിയയെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയതിന് ശേഷം അണ്വായുധം വഹിക്കാവുന്ന രണ്ട് അമേരിക്കന്‍ ബി-2 ബോംബര്‍ വിമാനങ്ങള്‍ ഇന്നലെ ദക്ഷിണകൊറിയയ്ക്കു മുകളിലൂടെ ഏറെ നേരം വട്ടമിട്ടു പറന്നു.

Ads By Google

യു.എസ് ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. യുഎസിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബിടു വിമാനങ്ങള്‍ തുടര്‍ച്ചയായി 21,000 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് മടങ്ങിയത്.

ദീര്‍ഘദൂര ആക്രമണ ശേഷിയുള്ള ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുമെന്ന സന്ദേശമാണ് യു.എസ് ഇതിലൂടെ നല്‍കിയത്.

ഇതിനിടെ ഉത്തരകൊറിയയുടെ ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍, ദക്ഷിണ കൊറിയന്‍ പ്രതിരോധ സെക്രട്ടറി കിംക്വാന്‍ ജിന്നുമായി ചര്‍ച്ച നടത്തി.

ഇന്നലെ ദക്ഷിണ കൊറിയയുമായുള്ള അവസാന സൈനിക ഹോട്ട് ലൈന്‍ ബന്ധവും ഉത്തര കൊറിയ വിച്‌ഛേദിച്ചു.

ഈ നടപടിയോടെ ഈ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ വഷളാക്കും. ഏത് നിമിഷവും യുദ്ധത്തിന് തയ്യാറാകാനും സൈനികര്‍ക്ക് ഉത്തരകൊറിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ ദക്ഷിണ കൊറിയന്‍ സൈനികര്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ ഗ്രനേഡ് എറിഞ്ഞത് അല്‍പസമയം സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനവും യുഎസ് ഉപരോധവും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചു.

ഉത്തര കൊറിയന്‍ സേനാ പ്രതിനിധി ദക്ഷിണ കൊറിയയ്ക്ക് അയച്ച സന്ദേശത്തിലാണ് ഹോട്‌ലൈന്‍ ബന്ധം വിച്ഛേദിക്കുന്നതായി അറിയിച്ചത്.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ , ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണം എന്നിവയുടെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതിയും കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ആവശ്യമെങ്കില്‍ ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കുമെതിരെ ആണവ ആക്രമണം നടത്തുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിന് സജ്ജരാകാന്‍ സൈനികര്‍ക്ക് നിര്‍ദേശവും നല്‍കി. 2009ലും ഇതുപോലെ ദക്ഷിണ കൊറിയ ഹോട്‌ലൈന്‍ ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

Advertisement