കോഴിക്കോട്: ഉപമുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കേണ്ടത് യു.ഡി.എഫാണെന്ന് ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണി.[]
ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് യു.ഡി.എഫിലോ തന്റെ പാര്‍ട്ടിയിലോ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.[]
വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒന്നിലധികം സീറ്റുകള്‍ക്ക് അവകാശമുണ്ട്, സമയം വരുമ്പോള്‍ യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും മാണി പറഞ്ഞു.
ഇതേസമയം രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ അനുകൂലിച്ച മാണി, മന്ത്രി സഭയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നെന്ന് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.
സംസ്ഥാന മന്ത്രിസഭയുടെ പുനസംഘടനയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ചെങ്കിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല.
ഇതിനിടെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ സ്വവസതിയില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അതേസമയം മന്ത്രിസഭാ പുനഃസംഘടനയെ പറ്റി കൂടുതല്‍ സംസാരിക്കാനില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന തന്റെ അജന്‍ഡയിലുള്ളതല്ലെന്നും, രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനത്തെപ്പറ്റി അഭിപ്രായം പറയുന്നില്ലെന്നും, ഇക്കാര്യത്തില്‍
കെ.പി.സി.സിയും, മുഖ്യമന്ത്രിയും, ഹൈക്കമാന്‍ഡുമായും ആലോചിച്ചു നടപടികള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഉപമുഖ്യമന്ത്രിയാവാന്‍ മാത്രമല്ല മുഖ്യമന്ത്രിയാവാന്‍ പോലും മാണി യോഗ്യനാണന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കില്ലെന്നും, കോണ്‍ഗ്രസ്സാണ് മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയാവേണ്ടതുമൊക്കെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.