ദല്‍ഹി അക്രമം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
DELHI VIOLENCE
ദല്‍ഹി അക്രമം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th February 2020, 3:52 pm

ന്യൂദല്‍ഹി: ദല്‍ഹി സംഘര്‍ഷത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. എന്‍.ഡി.ടി.വി ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെയാണ് ആക്രമണുണ്ടായത്.

എന്‍.ഡി.ടി.വി എക്‌സിക്യൂട്ടീവ് എഡിറ്ററായ നിധി റസ്ദാനാണ് തന്റെ സഹപ്രവര്‍ത്തകര്‍ അക്രമത്തിനിരയായ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കാനാരംഭിച്ച ജനക്കൂട്ടം പിന്നീട് ഇരുവരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചതെന്നും ട്വീറ്റില്‍ പറയുന്നു.

‘എന്റെ സഹപ്രവര്‍ത്തകരായ അരവിന്ദ് ഗുണശേഖര്‍, സൗരഭ് ശുക്ല എന്നിവര്‍ ദല്‍ഹിയില്‍ ആള്‍ക്കൂട്ടാക്രമണത്തിനിരയായി. ‘നമ്മുടെ ആള്‍ക്കാര്‍ – ഹിന്ദുക്കള്‍’ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവര്‍ ഇരുവരെയും അടിക്കുന്നത് നിര്‍ത്തിയത്. ‘ നിധി ട്വിറ്ററില്‍ കുറിച്ചു. നിധി സംഭവത്തെ കടുത്ത് ഭാഷയില്‍ അപലപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ അനുകൂലികള്‍ ആരംഭിച്ച ആക്രമണം നിയന്ത്രണാതീതമായി സംഘര്‍ഷാവസ്ഥയില്‍ എത്തുകയായിരുന്നു. ഇതുവരെ ഏഴോളം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. യമുന വിഹാര്‍, വിജയ് പാര്‍ക്ക് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഒപ്പം കരവല്‍ നഗര്‍, മോജ്പൂര്‍ എന്നിവിടങ്ങളിലും പുതിയ ആക്രമണമുണ്ടായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗോകുല്‍പുരില്‍ ഒരു ടയര്‍ കട അക്രമി സംഘം തീയിട്ട് നശിപ്പിച്ചു. നേരത്തെ ഗോകുല്‍പുരി മേഖലയില്‍ രണ്ടു പേര്‍ കൂടി വെടിയേറ്റ് ആശുപത്രിയിലായിരുന്നു. ഗോകുല്‍പുരിയിലെ മുസ്തപാബാദില്‍ ആണ് നേരത്തെ ആക്രമണമുണ്ടായത്.വീടുകള്‍ക്കും കടകള്‍ക്കും അക്രമകാരികള്‍ തീയിട്ടിരുന്നു. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.