എഡിറ്റര്‍
എഡിറ്റര്‍
കാലിഫോര്‍ണിയയില്‍ നിന്ന് കാനഡയിലേക്ക് പോയ ട്രക്ക് അപകടത്തില്‍ പെട്ട് കത്തി; രണ്ട് മലയാളികള്‍ മരിച്ചു
എഡിറ്റര്‍
Wednesday 5th April 2017 10:09pm

ഹൂസ്റ്റണ്‍: കാലിഫോര്‍ണിയയില്‍ നിന്ന് കാനഡയിലേക്ക് പോയ ട്രക്ക് അപകടത്തില്‍ പെട്ട് കത്തി രണ്ട് മലയാളികള്‍ വെന്ത് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി തോമസ് പറമ്പത്ത് (45), ആറന്‍മുള സ്വദേശി ശ്രീജു രാജപ്പന്‍ (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ അമേരിക്കയിലെ ടെക്‌സാസിലുള്ള വീലര്‍ കൗണ്ടിയിലെ ഷാംറോക്ക് സിറ്റിക്ക് അടുത്താണ് അപകടമുണ്ടായത്.

കാനഡയിലെ ടൊറന്റോയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് പോയ ശേഷം മടങ്ങി വരികയായിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ട്രക്ക് മീഡിയനില്‍ ഇടിച്ചു കയറി അപ്പുറത്തെ റോഡും കടന്ന് മരത്തിലിടിച്ച ശേഷം കത്തുകയായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുന്ന വിധത്തില്‍ കത്തിക്കരിഞ്ഞുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി അപകടം നടന്നുവെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് ട്രക്കിന്റെ ഉടമസ്ഥനായ മലയാളിക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ട്രക്കിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചതു കൊണ്ടാണ് കാര്യങ്ങള്‍ ബുദ്ധിമുട്ടിലായത്.


Also Read: ‘ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടുപോകേണ്ടത് പ്രതികളെയാണ്; എന്റെ അമ്മയെയല്ല’: പൊലീസ് അസ്ഥാനത്ത് നിരാഹാരമിരിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി 


കാലിഫോര്‍ണിയയില്‍ നിന്ന് പച്ചക്കറിയുമായി ടൊറന്റോയ്ക്ക് പോകവേയാണ് ട്രക്ക് അപകടത്തില്‍ പെട്ടത്. ടൊറന്റോയിലെ ന്യൂമാര്‍ക്കറ്റില്‍ താമസിക്കുന്ന തോമസ് നാലു വര്‍ഷമായി ഈ റൂട്ടില്‍ വണ്ടി ഓടിക്കുന്ന ആളാണെന്ന് ട്രക്കിന്റെ ഉടമ പറഞ്ഞു. തോമസിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മസ്‌കറ്റില്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ശ്രീജു ടൊറന്റോയ്ക്കടുത്ത് ഒന്റാരിയോ ലണ്ടനിലാണ് താമസിക്കുന്നത്. കുഞ്ഞിനെ നാട്ടിലാക്കിയ ശേഷം ശ്രീജുവിന്റെ ഭാര്യ ഞായറാഴ്ചയാണ് കാനഡയില്‍ മടങ്ങിയെത്തിയത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ ശ്രീജു ഫോണില്‍ ഭാര്യയുമായി സംസാരിച്ചിരുന്നു.

ശ്രീജുവിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനും, തോമസിന്റെ മൃതദേഹം കാനഡയിലേക്കു കൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. മൃതദേഹങ്ങള്‍ ഫ്യൂണറല്‍ ഹോമിലേക്കു മാറ്റി. ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതതരുടെ സഹായത്തോടെ ആവശ്യമായ കടലാസുപണികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചു വരികയാണ്.

Advertisement