പാകിസ്ഥാന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക് ; നിരോധനം ഇന്ത്യയുടെ നിര്‍ദേശപ്രകാരമെന്ന് ട്വിറ്റര്‍
national news
പാകിസ്ഥാന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക് ; നിരോധനം ഇന്ത്യയുടെ നിര്‍ദേശപ്രകാരമെന്ന് ട്വിറ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 2:59 pm

ന്യൂദല്‍ഹി: പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ നിരോധനം. ട്വിറ്റര്‍ തന്നെയാണ് പാക് സര്‍ക്കാരിന്റെ അക്കൗണ്ട് ഇന്ത്യയില്‍ നിന്ന് നീക്കം ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

നിലവില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സന്ദര്‍ശിച്ചാല്‍ ‘അക്കൗണ്ട് വിത്‌ഹെല്‍ഡ് (Account Withheld)’ എന്നായിരിക്കും കാണുക. ഇന്ത്യ നിയമപരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് നീക്കം ചെയ്തതെന്ന ട്വിറ്ററിന്റെ വിശദീകരണവും ഇതിനോടൊപ്പം കാണാം.

ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രധാന അഞ്ച് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളോ ഇവര്‍ പങ്കുവെച്ച പ്രത്യേക കണ്ടന്റുകളോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ചത് മുന്നൂറിലധികം പരാതികളാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

2021ലെ അവസാന ആറു മാസങ്ങളില്‍ മാത്രം ലഭിച്ച പരാതികളുടെ കണക്കാണിത്. ഇതില്‍ ഇന്ത്യയില്‍ നിന്നും 114 പരാതികളാണ് ട്വിറ്ററിന് ലഭിച്ചത്.

തുര്‍ക്കി, റഷ്യ, പാകിസ്ഥാന്‍ തുടങ്ങിയവയാണ് സോഷ്യല്‍ മീഡിയ കണ്‍ന്റുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യപ്പെടുന്ന മറ്റ് മൂന്ന് പ്രധാന രാജ്യങ്ങള്‍. 2021നേക്കാള്‍ നിലവിലെ സ്ഥിതി കൂടുതല്‍ രൂക്ഷമായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

‘ലോകമെമ്പാടുമുള്ള വെരിഫൈഡ് ജേണലിസ്റ്റുകളുടെയും വാര്‍ത്താ ഔട്ട്ലെറ്റുകളുടെയും 349 അക്കൗണ്ടുകളാണ് ഇത്തരത്തില്‍ പരാതിയില്‍ ഉല്‍പ്പെടുന്നത്. നിലവില്‍ 103% വര്‍ധനവാണ് വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്,’ ട്വിറ്റര്‍ പറയുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധനം ആവശ്യപ്പെട്ട് കൂടുതല്‍ പരാതികള്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് കണക്കുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ (114), തുര്‍ക്കി (78), റഷ്യ (55), പാകിസ്ഥാന്‍ (48) എന്നിങ്ങനെയാണ് കണക്കുകള്‍.

Content Highlight: Twitter withheld account of Pak government from India as per demanded by central government, reports