സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
I League
‘പോയി ഗോകുലം എഫ്.സിയെ കണ്ടു പഠിക്കെടോ!’; നാലു കൊല്ലമായിട്ടും ബ്ലാസ്റ്റേഴ്‌സിന് നേടാന്‍ കഴിയാത്ത നേട്ടവുമായി ഗോകുലം എഫ്.സി; ബ്ലാസ്റ്റേഴ്‌സിനെ പരിഹസിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th February 2018 5:13pm

കൊല്‍ക്കത്ത: ഇന്ത്യയില്‍ പ്രധാന കായിക വിനോദമായി ക്രിക്കറ്റ് മാറിയിട്ട് നാളുകളായി. പക്ഷെ അപ്പോഴും കേരളവും ബംഗാളുമൊക്കെ ഫുട്‌ബോളിനെ അടക്കിപ്പിടിച്ച നാടുകളാണ്. ഇപ്പോള്‍ ഐ.എസ്.എല്‍ എത്തിയതോടെ ഫുട്‌ബോളിന് രാജ്യത്തുള്ള സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്.

കേരളയീയരുടെ ഫുട്‌ബോള്‍ ആവേശത്തിന് ഊര്‍ജ്ജം പകരുന്നത് രണ്ട് ടീമുകളാണ്. ആന കൊമ്പുള്ള കേരളാ ബ്ലാസ്റ്റേഴ്സും, ഐ ലീഗിലിലെ കരുത്തുറ്റ ഗോകുലം കേരളാ എഫ്.സിയും. ഇവരിപ്പോള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കയാണ്.

കൊല്‍ക്കത്തയിലെ സ്റ്റേഡിയത്തില്‍ വെച്ച് ബ്ലാസ്റ്റേഴ്സിന് ഇതുവരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല, എന്നാല്‍ കേരളത്തിന്റ ഐ  ലീഗിലിലെ ചുണകുട്ടികളായ ഗോകുലം കേരളാ എഫ്.സി ആ ക്ഷീണം തീര്‍ത്തിരിക്കുകയാണ്. മോഹന്‍ബഗാനെ 2-1 ന് തോല്‍പിച്ചാണ് ഗോകുലം വിജയിച്ചത്.

നാലു കൊല്ലത്തിനിടയില്‍ ഒരിക്കല്‍ പോലും കൊല്‍ക്കത്തന്‍ ടീമായ എ.ടി.കെയെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. എന്നാല്‍ ആ നാണക്കേട് ഗോകുലം തിരുത്തിയിരിക്കുകയാണ്. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളിയും ഗോകുലം എഫ്.സി പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നേരിട്ടിരുന്നു. സമനിലയായിരുന്നു മത്സരഫലം. പ്ലേഓഫിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇതോടെ മങ്ങുകയും ചെയ്തു. ഇപ്പോഴും കൊല്‍ക്കത്തയില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ടീമുള്ളത്.

17ാം തിയ്യതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് അടുത്ത മത്സരം. അതിന് മുന്നോടിയായി വീണുകിട്ടിയ ഇടവേള ആസ്വദിക്കുകയാണ് താരങ്ങള്‍. ഇതിനിടെ ഇന്നലെ സാള്‍ട്ട് ലേക്കില്‍ നടന്ന ഗോകുലം കേരള എഫ്.സിയും മോഹന്‍ ബഗാനും തമ്മിലുള്ള മത്സരം കാണാന്‍ ബ്ലാസ്റ്റേഴ്സ് മാനേജര്‍ ഡേവിഡ് ജെയിംസുമെത്തിയിരുന്നു.

ഐ ലീഗിനെ അംഗീകരിക്കുന്നതാണ് ഡേവിഡിന്റെ സമീപനമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഡേവിഡ് ജെയിംസിനെതിരെ ഗോകുലത്തിന്റെ കോച്ച് ബിനോ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഡേവിഡ് പരിശീലകനേ അല്ലെന്നായിരുന്നു ബിനോ പറഞ്ഞത്.

ജെയിംസ് മത്സരം കാണാന്‍ എത്തിയെന്ന് മാത്രമല്ല കളിയുടെ അപ്ഡേഷനുകള്‍ ട്വിറ്റര്‍ വഴി ആരാധകരുമായി പങ്കു വെക്കുകയും ചെയ്തു. ഒടുവില്‍ കൊല്‍ക്കത്തന്‍ ടീമിനെ ഗോകുലം അട്ടിമറിച്ചപ്പോള്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

Advertisement