വരുമാനം ഇടിയുന്നു; ട്വിറ്ററില്‍ സബ്ക്രിപ്ഷന്‍ ഉണ്ടാവാന്‍ സാധ്യത
Business
വരുമാനം ഇടിയുന്നു; ട്വിറ്ററില്‍ സബ്ക്രിപ്ഷന്‍ ഉണ്ടാവാന്‍ സാധ്യത
ന്യൂസ് ഡെസ്‌ക്
Friday, 24th July 2020, 10:59 pm

കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പരസ്യ വരുമാനം ഇടിഞ്ഞ ട്വിറ്റര്‍ വരുമാന സ്രേതസ്സ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വഴികള്‍ തേടുന്നു. ട്വിറ്ററില്‍ സബ്ക്രിപ്ഷന്‍ മോഡല്‍ പ്രബല്യത്തില്‍ വരുത്താന്‍ പദ്ധതിയുണ്ടെന്നാണ് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി അറിയിച്ചിരിക്കുന്നത്. വരുമാനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഈ വര്‍ഷം പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാവുമെന്നാണ് ജാക്ക് ഡോര്‍സി അറിയിച്ചിരിക്കുന്നത്.

ട്വിറ്ററിലെ സബ്ക്രിപ്ഷന്‍ ഓപ്ഷനെ പറ്റി അടുത്തിടെ ചില റിപ്പോര്‍ട്ടുകളുണായിരുന്നു. ഗ്രൈഫണ്‍ എന്ന കോഡ് നേമില്‍ ഒരു സബ്ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതോടനുബന്ധിച്ച് ട്വിറ്റര്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത.

ട്വിറ്റര്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളിലൂടെയാണ് കമ്പനി ഇത്രയും നാള്‍ വരുമാനമുണ്ടാക്കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ പല പരസ്യദാതാക്കളും പിന്‍മാറിയതോടെ ഈ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം രണ്ടാം പാദത്തിലുള്ള വരുമാനത്തില്‍ 23 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

ഇത് കൂടാതെ അമേരിക്കയിലെ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിലുള്ള പ്രതിഷേധ സൂചകമായി പരസ്യ ബഹിഷ്‌കരണവും നടത്തിയിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നും കമ്പനിക്കുണ്ടായ സാമ്പത്തിക നഷ്ടമെത്രയെന്ന് ഇതു വരെ പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ ആഴ്ച പല അമേരിക്കന്‍ പ്രമുഖരുടെയും ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് കമ്പനിക്ക് തിരിച്ചടിയായിരിക്കെയാണ് പുതിയ വാര്‍ത്ത പുറത്തു വരുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ആയിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്. മൈക്രോസോഫ്റ്റ് ഉടമ, ബില്‍ഗേറ്റ്‌സ്, ടെസ്ല ഉടമ എലണ്‍ മസ്‌ക്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, പ്രമുഖ സെലിബ്രിറ്റി കിം കര്‍ദാഷിന്‍ വെസ്റ്റ്, തുടങ്ങിയവരുടെ അക്കൗണ്ടും ആണ് ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെ പണം തട്ടാനായിരുന്നു ശ്രമം നടന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ