മൂണ്‍ ജേ ഇന്നിന് കിട്ടിയത് മോദി ജാക്കറ്റോ നെഹ്റു ജാക്കറ്റോ? ട്വിറ്ററില്‍ തര്‍ക്കം
Social Tracker
മൂണ്‍ ജേ ഇന്നിന് കിട്ടിയത് മോദി ജാക്കറ്റോ നെഹ്റു ജാക്കറ്റോ? ട്വിറ്ററില്‍ തര്‍ക്കം
ന്യൂസ് ഡെസ്‌ക്
Thursday, 1st November 2018, 9:44 am

സോള്‍: തനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നല്‍കിയ ജാക്കറ്റിനു ട്വിറ്ററില്‍ നന്ദി പറഞ്ഞ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഇങ്ങനെയൊരു പ്രതികരണം ഒരു പക്ഷെ പ്രതീക്ഷിച്ചു കാണില്ല. മോദി സമ്മാനിച്ചത് “മോദി ജാക്കറ്റ്” അല്ലെന്നും, ജാക്കറ്റിന്റെ യഥാര്‍ത്ഥ പേര് “നെഹ്റു ജാക്കറ്റ്” എന്നാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പരാതികള്‍ ഉയരുന്നത്.

തനിക്ക് പാകമായുള്ള “മോദി ജാക്കറ്റു”കള്‍ക്ക് നന്ദി പറഞ്ഞ കൊറിയന്‍ പ്രസിഡന്റ്, ലഭിച്ച സമ്മാനത്തിന്റെ ഫോട്ടോ കൂടി ട്വിറ്ററില്‍ കൊടുത്തിട്ടുണ്ട്. കൈ ഇല്ലാത്ത തരത്തിലുള്ള ഇന്ത്യന്‍ രീതിയിലുള്ള വസ്ത്രമാണിത്. പ്രധാനമന്ത്രി സ്ഥിരമായി ഉപയോഗിക്കുന്ന വസ്ത്രമായതിനാലാവും, ജാക്കറ്റുകളിലെല്ലാം “മോദി ജാക്കറ്റ്” എന്നെഴുതിയിരുന്നു.

ALSO READ: മണ്‍വിള തീപിടുത്തത്തില്‍ അന്വേഷണവുമായി പൊലീസും ഫയര്‍ഫോഴ്‌സും; കെട്ടിടം തകര്‍ന്നുവീഴാന്‍ സാധ്യത

“ഇത് പരമ്പരാഗത ഇന്ത്യന്‍ രീതിയിലുള്ള “മോദി ജാക്കറ്റാ”ണ്. ഇത് വളരെ സൗകര്യപൂര്‍വം തന്നെ സൗത്ത് കൊറിയയിലും ധരിക്കാം. ഞാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ മോദിയുടെ ജാക്കറ്റിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. അതിനാലായിരിക്കണം എന്റെ അതേ സൈസിലുള്ള ജാക്കറ്റുകള്‍ അദ്ദേഹം അയച്ചു തന്നത്. ഞാന്‍ അദ്ദേഹത്തിന് എന്റെ നന്ദി അറിയിക്കുന്നു.” മൂണ്‍ ജേ ഇന്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ ട്വീറ്റിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. പ്രധാനമന്ത്രി മോദി എല്ലാം മാറ്റിയെടുക്കുകയാണെന്നും ഒരു ജാക്കറ്റിനെപ്പോലും അദ്ദേഹം വെറുതെ വിടുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.

“ജാക്കറ്റുകള്‍ അയച്ചുകൊടുത്തത് വളരെ നല്ല കാര്യം തന്നെ. എന്നാല്‍ അദ്ദേഹത്തിന് ജാക്കറ്റിന്റെ പേര് മാറ്റാതെ കൊടുക്കാമായിരുന്നില്ലേ? എന്റെ അറിവില്‍ ഈ ജാക്കറ്റുകളുടെ പേര് “നെഹ്റു ജാക്കറ്റു”കള്‍ എന്നാണു. 2014ന് മുന്‍പ് രാജ്യം ഇല്ലായിരുന്നു എന്ന മട്ടിലാണ് നമ്മുടെ പ്രധാനമന്ത്രി പെരുമാറുന്നത്”.ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. അഹമ്മദാബാദിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ നെയ്ത്തുകാരായ ജിതേന്ദ്ര, ബിപിന്‍ എന്നിവരാണ് ഈ ജാക്കറ്റുകള്‍ നെയ്തത്.

ALSO READ: പാചകവാതകവില വീണ്ടും വര്‍ധിപ്പിച്ചു; വില വര്‍ധന അഞ്ച് മാസത്തിനിടെ ആറാം തവണ

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഇത്തരം ജാക്കറ്റുകള്‍ ഉപയോഗിച്ചിരുന്നു. അനൗദ്യോഗിക ചടങ്ങുകളില്‍ ഇത്തരം കൈ ഇല്ലാത്ത ജാക്കറ്റുകളാണ് അദ്ദേഹം ധരിച്ചത്. എന്നാല്‍ കൂടുതല്‍ സമയവും നീളന്‍ കൈയുള്ള “ഷെര്‍വാണി” തരത്തിലുള്ള, മുട്ടിനു താഴെ വരെയെത്തുന്ന ജാക്കറ്റുകള്‍ ഉപയോഗിക്കാനാണ് അദ്ദേഹം താല്പര്യം കാണിച്ചത്. ഈ ജാക്കറ്റിന്റെ തന്നെ നവീകരിച്ച രൂപമാണ് ഇപ്പോള്‍ “മോദി ജാക്കറ്റ്” എന്ന പേരില്‍ മൂണ്‍ ജേ ഇന്നിന്റെ കൈകളിലെത്തിയത്.

ഈയിടക്ക് “സോള്‍ സമാധാന പുരസ്‌കാരം” പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കുന്നതിനെതിരെ ദക്ഷിണ കൊറിയയില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. ഇതിനിടെയാണ് ദക്ഷിണ കൊറിയയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ പുതിയ ശ്രമം.

WATCH THIS VIDEO: