എഡിറ്റര്‍
എഡിറ്റര്‍
കൊന്നിട്ടും തീരാത്ത പകയ്ക്ക് ട്വിറ്ററിന്റെ താക്കീത്; എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനും അവഹേളിക്കാനും അനുവദിക്കില്ലെന്ന് ട്വിറ്റര്‍
എഡിറ്റര്‍
Thursday 7th September 2017 12:00am

ന്യൂദല്‍ഹി: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അപമാനിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ ചെയ്യുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് ട്വീറ്ററിന്റെ താക്കീത്. ഗൗരിയുടെ കൊലപാതകത്തിന് പിന്നാലെ ഇവര്‍ക്കെതിരെ അപഹാസ്യ പ്രസ്താവനകളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ചൊവ്വാഴ്ച്ച വൈകിട്ടാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ ശക്തമായി നില കൊണ്ട ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെമ്പാടും പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

മാധ്യമ മേഖലയില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നുമെല്ലാം പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകയെ നക്‌സല്‍ അനുഭാവിയെന്നും രാജ്യദ്രോഹിയെന്നും വിശേഷിപ്പിച്ചു കൊണ്ടുമുള്ള ട്വീറ്റുകളും മറ്റുമായി സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് താക്കീതുമായി ട്വീറ്റര്‍ രംഗത്തെത്തിയത്.


Also Read:  ‘പ്രതിഷേധത്തിന്റെ അലയൊലികള്‍’


‘തങ്ങളുടെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ആളുകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പു വരുത്തണം. എന്നാല്‍ അഭിപ്രായ പ്രകടനത്തില്‍ ഒരു അതിര്‍വരമ്പുണ്ട്. അതു മറികടക്കരുത്. ആളുകളെ അപമാനിക്കാനോ വ്യക്തിത്വത്തെ കരിവാരി തേക്കാനോ ഒരാളുടെ ശബ്ദത്തെ നിശബ്ദമാക്കാനോ അനുവദിക്കില്ല’. എന്നായിരുന്നു ട്വിറ്ററിന്റെ ഔദ്യോഗിക വക്താവിന്റെ പ്രതികരണം.

ഗൗരിയ്‌ക്കെതിരെ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ ചെയ്യുന്നവരെ സസ്‌പെന്റ് ചെയ്യുകയോ അല്ലെങ്കില്‍ എന്നന്നേക്കുമായി ബാന്‍ ചെയ്യുകയോ ചെയ്യുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

Advertisement