സ്വന്തം പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഒന്നും മിണ്ടാനില്ലാത്ത അമിത് ഷാ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ പങ്കിനെ കുറിച്ച് പഠിപ്പിക്കേണ്ട: തുഷാര്‍ ഗാന്ധി
national news
സ്വന്തം പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഒന്നും മിണ്ടാനില്ലാത്ത അമിത് ഷാ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരികളുടെ പങ്കിനെ കുറിച്ച് പഠിപ്പിക്കേണ്ട: തുഷാര്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2023, 4:18 pm

കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ സായുധ വിപ്ലവകാരികളുടെ സംഭാവനയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയേണ്ട ആവശ്യമില്ലെന്ന് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധി.

സ്വാതന്ത്ര്യ സമരത്തില്‍ വിപ്ലവകാരികള്‍ക്കുള്ള പങ്ക് ‘ബാപ്പു’ തന്നെ അംഗീകരിച്ചതാണെന്നും അത് അമിത് ഷാ പറയേണ്ട കാര്യമില്ലെന്നുമാണ് തുഷാര്‍ ഗാന്ധി പറഞ്ഞത്.

സ്വാതന്ത്ര്യസമര കാലത്തെ അഹിംസാ പ്രസ്ഥാനത്തിന്റെ ഒരു വിവരണം മാത്രമേ ‘വിദ്യാഭ്യാസത്തിലൂടെയും ചരിത്രത്തിലൂടെയും ഐതിഹ്യങ്ങളിലൂടെയും നിര്‍ബന്ധിതമാക്കിയിട്ടുള്ളൂ’ എന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം സായുധ വിപ്ലവകാരികളുടെ സംഭാവന ഉള്‍പ്പെടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നുവെന്നും അമിത് ഷാ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായായിരുന്നു തുഷാറിന്റെ പ്രതികരണം.

”ഇതൊക്കെ പറയാന്‍ ഞങ്ങള്‍ക്ക് ഒരു അമിത് ഷായുടെ ആവശ്യമില്ല. തന്നെക്കുറിച്ചോ താന്‍ ഉരുത്തിരിഞ്ഞുവന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചോ ഒന്നും പറയാനില്ലാത്തതിനാലാണ് ഷായ്ക്ക് ഇക്കാര്യങ്ങള്‍ പറയേണ്ടി വരുന്നത്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയത് തന്റെ മാത്രം ശ്രമങ്ങള്‍ കൊണ്ടല്ലെന്ന് ബാപ്പു തന്നെ സമ്മതിച്ചതാണ്.

അദ്ദേഹം എല്ലാവര്‍ക്കും അംഗീകാരം നല്‍കിയിരുന്നു. വിപ്ലവകാരികളുടെ മുന്‍കാല ശ്രമങ്ങള്‍ക്ക് പോലും മഹാത്മാഗാന്ധി അംഗീകാരം നല്‍കിയിരുന്നു. നേതാജിയുടെ (സുഭാഷ് ചന്ദ്രബോസ്) സംഭാവനകളും അദ്ദേഹം അംഗീകരിച്ചിരുന്നു,” തുഷാര്‍ ഗാന്ധി പറഞ്ഞു.

കോഴിക്കോട് വെച്ച് നടക്കുന്ന കേരള ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ ആറാമത് എഡിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹാത്മ’ എന്ന ഐഡന്റിറ്റി അവിശ്വസനീയമാണെന്നും തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിവുകള്‍ക്കപ്പുറം ഉയര്‍ന്നുവന്ന സാധാരണക്കാരനായ മനുഷ്യനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മനസ്സിലാക്കേണ്ടതുണ്ടെന്നും തുഷാര്‍ ഗാന്ധി വ്യക്തമാക്കി.

ദ ലോസ്റ്റ് ഡയറി ഓഫ് കസ്തൂര്‍, മൈ ബാ (The lost diary of Kastur, My Ba) എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് കെ.എല്‍.എഫ് വേദിയില്‍ സംസാരിക്കവെയായിരുന്നു തുഷാര്‍ ഗാന്ധിയുടെ പ്രതികരണം.

Content Highlight: Tushar Gandhi says Don’t need Amit Shah to tell about revolutionaries’ role in freedom movement