ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദിയുടെ പങ്ക് തെളിയിക്കുന്ന ഓഡിയോ വീഡിയോ രേഖകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട്
Middle East
ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദിയുടെ പങ്ക് തെളിയിക്കുന്ന ഓഡിയോ വീഡിയോ രേഖകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 10:34 am

 

ഇസ്താംബുള്‍: ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത് എന്നത് തെളിയിക്കുന്ന ഓഡിയോ വീഡിയോ രേഖകള്‍ തുര്‍ക്കിയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം യു.എസ് ഉദ്യോഗസ്ഥരെ തുര്‍ക്കിഷ് സര്‍ക്കാര്‍ അറിയിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഒക്ടോബര്‍ രണ്ടിന് തന്റെ വിവാഹ ആവശ്യത്തിനായുള്ള രേഖ ശരിയാക്കുന്നതിനായാണ് ഖഷോഗ്ജി സൗദി കോണ്‍സുലേറ്റിലെത്തിയത്. കോണ്‍സുലേറ്റിന് ഉള്ളില്‍ കടന്ന അദ്ദേഹത്തെ സൗദി സെക്യൂരിറ്റി സംഘം കസ്റ്റഡിയിലെടുക്കുകയും പിന്നീട് കൊലപ്പെടുത്തി മൃതദേഹം തുണ്ടുകളാക്കുകയും ചെയ്യുന്നതാണ് റെക്കോര്‍ഡിങ്ങിലുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഖഷോഗ്ജിയുടെ കൊലയ്ക്കു പിന്നില്‍ സൗദി സംഘമാണെന്നതിനുള്ള ശക്തമായ തെളിവായി ഓഡിയോ റെക്കോര്‍ഡിങ്ങുകളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read: നവദമ്പതികളടക്കം പതിനെട്ടാം പടികയറി ശബരിമലയിലെത്തിയതിന് തെളിവുകള്‍ പുറത്ത്

“കോണ്‍സുലേറ്റിനുള്ളില്‍ കടന്നതിനുശേഷം ജമാലിന് എന്താണ് സംഭവിച്ചതെന്നത് വ്യക്തമാക്കുന്നതാണ് എംബസിയ്ക്കുള്ളിലെ വോയിസ് റെക്കോര്‍ഡിങ്.” റെക്കോര്‍ഡിങ്ങിനെക്കുറിച്ചുള്ള കാര്യം പറഞ്ഞ വ്യക്തി അറിയിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

“നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ശബ്ദവും അറബി സംസാരിക്കുന്നവരുടെ ശബ്ദവും കേള്‍ക്കാം. എങ്ങനെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പീഡിപ്പിച്ചതെന്നും കൊലപ്പെടുത്തിയതെന്നും ഇതില്‍ നിന്ന് മനസിലാവും.” അയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖഷോഗ്ജിയെ മര്‍ദ്ദിക്കുന്നതിന്റെ ശബ്ദവും ഇതില്‍ വ്യക്തമാണെന്ന് മറ്റൊരാള്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി രാജകുടുംബവുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന ഖഷോഗ്ജി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വിമര്‍ശനവുമായി പിന്നീട് രംഗത്തുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സൗദി വിട്ട് വര്‍ജീനിയയില്‍ അഭയം തേടിയത്.