ചാനല്‍ പരിപാടിയില്‍ എര്‍ദോഗനെ വിമര്‍ശിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി
World News
ചാനല്‍ പരിപാടിയില്‍ എര്‍ദോഗനെ വിമര്‍ശിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd January 2022, 10:28 am

ഇസ്താംബുള്‍: പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗനെ വിമര്‍ശിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകയെ തടവിലാക്കി തുര്‍ക്കി. രാജ്യത്തെ ടെലിവിഷന്‍ രംഗത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരിലൊരാളായ സെദേഫ് കബാസിനെതിരെയാണ് എര്‍ദോഗന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

ശനിയാഴ്ച രാത്രി സെദേഫ് അവതരിപ്പിച്ച പരിപാടിയില്‍ എര്‍ദോഗനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. തുടര്‍ന്ന് ഈ പരിപാടിയുടെ വീഡിയോ അവര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. 9 ലക്ഷത്തോളം ഫോളോവേഴ്‌സാണ് സെദേഫിന് ട്വിറ്ററിലുള്ളത്.

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സെദേഫിന്റെ വീട്ടിലേക്ക് പൊലീസെത്തി. തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു.

‘ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തക ടെലിവിഷന്‍ ചാനലില്‍ കയറിയിരുന്ന് നമ്മുടെ പ്രസിഡന്റിനെ കണ്ണുംപൂട്ടി അധിക്ഷേപിക്കുന്നതിന് പിന്നില്‍ ഒരൊറ്റ ഉദ്ദേശമേയുള്ളു, രാജ്യം മുഴുവന്‍ വിദ്വേഷം പടര്‍ത്തുകയെന്നത് മാത്രം.

ഈ ധാര്‍ഷ്ട്യത്തെയും മര്യാദക്കേടിനെയും ഞാന്‍ അതിശക്തമായി അപലപിക്കുന്നു. തികച്ചും നിരുത്തരവാദിത്തപരമായ പ്രവര്‍ത്തിയാണിത്,’ എര്‍ദോഗന്റെ വക്തവായ ഫഹരേത്തിന്‍ അല്‍ത്തൂണ്‍ ട്വീറ്റ് ചെയ്തു.

തുര്‍ക്കിയിലെ നിയമപ്രകാരം പ്രസിഡന്റിനെ അപമാനിക്കുന്നത് ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. സെദേഫിനെതിരെ സമാനമായ നടപടിയുണ്ടാകുമോയെന്ന ആശങ്കയിലാണ് ലോകം.

സെദേഫിനെ അറസ്റ്റ് ചെയ്തതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് തുര്‍ക്കി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പ്രതികരണം.

മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന എര്‍ദോഗന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തികള്‍ക്കെതിരെ നേരത്തെയും വ്യാപകവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2016ല്‍ എര്‍ദോഗനെതിരെയുണ്ടായ മിലിട്ടറി അട്ടിമറി ശ്രമങ്ങള്‍ക്ക് ശേഷം സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന നിരവധി മാധ്യമപ്രവര്‍ത്തകര്‍ തടവിലായിട്ടുണ്ട്.

എര്‍ദോഗന്‍ ഭരണത്തെ വിമര്‍ശിക്കുകയോ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയോ ചെയ്ത റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ 153ാം സ്ഥാനത്താണ് തുര്‍ക്കിയുടെ സ്ഥാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Journalist Sedef Kabas Arrested For Criticising Turkey’s President Erdogan