ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ കുഞ്ചാക്കോ ബോബന്‍ മടിച്ചു, വീട്ടില്‍ പോയി സംസാരിച്ചിട്ടാണ് കൊണ്ടുവന്നത്: തുളസി ദാസ്
Film News
ദിലീപിനൊപ്പം സിനിമ ചെയ്യാന്‍ കുഞ്ചാക്കോ ബോബന്‍ മടിച്ചു, വീട്ടില്‍ പോയി സംസാരിച്ചിട്ടാണ് കൊണ്ടുവന്നത്: തുളസി ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th March 2022, 2:32 pm

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് തുളസിദാസ്.
പി.കെ ജോസഫ് എന്ന സംവിധായകന്റെ കീഴില്‍ സിനിമ സംവിധാനത്തെ കുറിച്ച് പഠിച്ച തുളസി ദാസ് 1989ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

കൗതുക വാര്‍ത്തകള്‍, മിമിക്‌സ് പരേഡ്, ചാഞ്ചാട്ടം, കാസര്‍കോട് ഖാദര്‍ ഭായ്, ഏഴരപ്പൊന്നാന, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുങ്കുമച്ചെപ്പ്, കിലുകില്‍ പമ്പരം, സൂര്യപുത്രന്‍, ദോസ്ത്, അവന്‍ ചാണ്ടിയുടെ മകന്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.

ഇപ്പോഴിതാ ദിലീപിനേയും കുഞ്ചാക്കോ ബോബനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ദോസ്ത് എന്ന ചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പറയുകയാണ് അദ്ദേഹം.

ദിലീപ് ഉള്ളതിനാല്‍ കുഞ്ചാക്കോ ബോബന്‍ ആദ്യം ചിത്രത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചുവെന്നും പിന്നീട് താന്‍ വീട്ടില്‍ പോയി സംസാരിച്ച് കൊണ്ടുവരുകയായിരുന്നുവെന്നും തുളസി ദാസ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് തുളസി ദാസ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘മായപ്പൊന്‍മാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ദിലീപ് ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ദോസ്ത് എന്ന സിനിമയെ പറ്റി പറഞ്ഞപ്പോള്‍ തന്നെ ആ കഥാപാത്രം തനിക്ക് ചെയ്യണമെന്ന് ദിലീപ് വാശി പിടിച്ച് എന്നോട് പറഞ്ഞതാണ്. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കാണുന്നത്,’ തുളസി ദാസ് പറഞ്ഞു.

‘കുഞ്ചാക്കോ ബോബനും ദിലീപും തമ്മില്‍ സിനിമ ചെയ്യാന്‍ മടിച്ചുനിന്ന സമയമാണത്. അതിന് മുമ്പ് ലോഹിതദാസ്, രാജസേനന്‍ എന്നിവരുടെ ചിത്രങ്ങള്‍ ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ചെയ്തില്ല.

പക്ഷേ ഞാന്‍ അവരുടെ വീട്ടില്‍ പോയി കുഞ്ചാക്കോ ബോബനോടും അച്ഛനോടും സംസാരിച്ചു. ചാക്കോച്ചന്റെ റോള്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പ് തരണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്. തുല്യപ്രാധാന്യമുള്ള നായകന്മാരാണ് ചിത്രത്തിലുള്ളത് എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞ് മനസിലാക്കിയാണ് കൊണ്ടുവന്നത്. ദോസ്ത് എന്ന സിനിമ മികച്ച അഭിപ്രായമാണ് ഉണ്ടാക്കി തന്നത്,’ തുളസി ദാസ് കൂട്ടിച്ചേര്‍ത്തു.


Content Highlight: Tulsi Das says  Kunchacko Boban initially refused to be a part of the film because of Dileep’s presence