പടിയിറക്കത്തിനു മുമ്പ് യു.എ.ഇക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ട്രംപ്, ബൈഡന്‍ വന്നാല്‍ നടക്കുമോ എന്ന് ആശങ്ക
World News
പടിയിറക്കത്തിനു മുമ്പ് യു.എ.ഇക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ട്രംപ്, ബൈഡന്‍ വന്നാല്‍ നടക്കുമോ എന്ന് ആശങ്ക
ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2020, 3:56 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിയുന്നതിനു മുമ്പ് യു.എ.ഇയുമായി ധാരണയായ എഫ് 35 യുദ്ധവിമാന ഇടപാട് നടത്താനൊരുങ്ങി ട്രംപ്. ഈ ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട കരാര്‍ യു.എസ് കോണ്‍ഗ്രസിനു മുന്നില്‍ അനുമതിക്കായി വെച്ചിരിക്കുകയാണ് യു.എസ് പ്രതിരോധ വകുപ്പ്.

50 എഫ് 35 ജെറ്റുകള്‍, 18 എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍, 10 ബില്യണ്‍ ഡോളര്‍ ആയുധ പാക്കേജ് എന്നിവ ഉള്‍പ്പെടെ 23.4 ബില്യണ്‍ ഡോളറിന്റെ കരാറാണിത്.

‘23.37 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന നിരവധി നൂതന സൈനിക സാമഗ്രികള്‍ വാങ്ങാനുള്ള യു.എ.ഇയുടെ പ്രൊപ്പോസലിന് അംഗീകാരം നല്‍കാനുള്ള ഞങ്ങളുടെ നീക്കത്തെക്കുറിച്ച് കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിക്കാന്‍ ഇന്ന് വകുപ്പിനോട് നിര്‍ദ്ദേശിച്ചു,’ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജനുവരി 20 ന് പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേറും മുമ്പ് ഈ ഡീല്‍ സാധ്യമാക്കാണ് ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ശ്രമം. യു.എസ് കോണ്‍ഗ്രസിലെ നിയമ നിര്‍മാതാക്കള്‍ ഈ ഇടപാടിനെ എതിര്‍ക്കുന്നെങ്കില്‍ വില്‍പ്പന തടയാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ 30 ദിവസത്തെ സമയം ലഭിക്കും.

യു.എ.ഇ ഇസ്രഈലുമായി സമാധാന കരാര്‍ ഒപ്പു വെച്ചതിനു ശേഷം അമേരിക്ക യു.എ.ഇയുമായി ധാരണയായതാണ് ഈ യുദ്ധവിമാന ഇടപാട്. ബൈഡന്‍ അധികാരത്തിലേറിയാല്‍ ഈ ഇടപാട് വേഗത്തില്‍ നടക്കുമോ എന്നതില്‍ യു.എ.ഇക്കും ആശങ്കയുണ്ട്.

എഫ് 35 ജെറ്റുകള്‍

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ക്രാഫ്റ്റുകളായാണ് എഫ്-35 നെ കണക്കാക്കുന്നത്. ഇസ്രഈലിന് 16 എഫ് 35 വിമാനങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയില്‍ നിലവില്‍ ഇസ്രഈലിന് മാത്രമാണ് ഈ യുദ്ധ വിമാനം വാങ്ങാനായത്. ഇസ്രഈലിനു ഭീഷണിയാവുന്ന ആയുധ ഇടപാട് അറബ് രാജ്യങ്ങളുമായി നടത്തുന്നതിന് അമേരിക്കയ്ക്ക് തടസ്സമുണ്ട്. അമേരിക്കയും ഇസ്രഈലും തമ്മിലുള്ള പ്രത്യേക കരാര്‍ ആണ് ഇതിനു കാരണം.

1973 ലെ അറബ്-ഇസ്രഈല്‍ യുദ്ധത്തിനു ശേഷം ഇസ്രഈലിന്റെ അയല്‍ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനു മുമ്പ് ഇസ്രഈലിന് പ്രഥമ പരിഗണന നല്‍കുമെന്നും പശ്ചിമേഷ്യയിലെ ഇസ്രഈലിന്റെ സൈന്യത്തെ സംരക്ഷിക്കുമെന്നും യു.എസ് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നു. ഈ ധാരണ പ്രാബല്യത്തില്‍ വരുത്തിയിട്ടുമുണ്ട്. അതേസമയം ഇസ്രഈലിന് യഥാര്‍ത്ഥത്തില്‍ വില്‍പ്പന തടയാന്‍ കഴിയില്ലെങ്കിലും വില്‍പ്പനയെ എതിര്‍ക്കാന്‍ പറ്റും.

യു.എ.ഇ വര്‍ഷങ്ങളായി ഈ യുദ്ധ വിമാനം സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം മാത്രമാണ് അമേരിക്ക എഫ് 35 ജെറ്റുകള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ തയ്യാറായത്.

യു.എ.ഇക്ക് പുറമെ ഖത്തറും അമേരിക്കയില്‍ നിന്ന് ഈ ആയുധം വാങ്ങാന്‍ നീക്കം നടത്തുന്നുണ്ട്. ഖത്തറിന്റെ നീക്കം ഇസ്രഈല്‍ ഗൗരവമായി കാണുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Trump administration formally notifies Congress of sale of F-35 jets to UAE