എഡിറ്റര്‍
എഡിറ്റര്‍
ഗോമാതാവിനെ വെട്ടിനുറുക്കി പാക്ക് ചെയ്ത് അയച്ചുതരും; അവിടെ ഇരുന്ന് തിന്നിട്ട് വന്നാമതി: കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Friday 8th September 2017 1:12pm

തിരുവനന്തപുരം: ബീഫ് കഴിക്കാനായി വിദേശികളാരും ഇന്ത്യയിലേക്ക് വരേണ്ടെന്നും സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിച്ച ശേഷം ഇവിടേക്ക് വന്നാല്‍ മതിയെന്നുമുള്ള കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ വലിച്ചുകീറി സോഷ്യല്‍ മീഡിയ.

ഞങ്ങള്‍ ഗോമാതവിനെ വെട്ടിനുറുക്കി പാക്ക് ചെയ്ത് കയറ്റുമതി ചെയ്തുതരുമെന്നും അത് അവിടെ ഇരുന്ന് തിന്നിട്ടു വന്നാമതിയെന്നും പറഞ്ഞാണ് ചിലര്‍ കണ്ണന്താനത്തെ ട്രോളുന്നത്.

ബീഫ് കഴിക്കാന്‍ ആരും ഇന്ത്യയിലേക്ക് വരണ്ടാന്ന് കണ്ണന്താനം മന്ത്രി ..ശരിയാണ്… ചങ്ങായിമാര്‍ ആവശ്യം പോലെ എക്‌സ്‌പോര്‍ട്ട് ചെയ്യുന്നുണ്ടല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ലല്ലു ശശിധരന്റെ പ്രതികരണം.

ബീഫ് കഴിക്കാന്‍ ആരും ഇങ്ങോട്ടു വരണ്ടെന്നു കണ്ണന്താനം. ഇതായിരുന്നല്ലേഡോ കുമ്മനം താന്‍ പറഞ്ഞ മലയാളികള്‍ക്കുള്ള മോഡിയുടെ ഓണസമ്മാനമെന്നാണ് മുന്‍ മോഡല്‍ രശ്മി നായരുടെ ചോദ്യം.

കേരളാ ഹൗസില്‍ മുഖ്യമന്ത്രി നല്കിയ വിരുന്നില്‍ ബീഫ് കഴിച്ച് തിരികെ ചെന്നപ്പോഴാകണം അല്‍ഫോന്‍സ് ഗോരക്ഷക് കണ്ണന്താനത്തോട് ഇനി രാജ്യത്തിന് പുറത്തുപോകുമ്പോള്‍ മാത്രം ബീഫ് കഴിച്ചാല്‍ മതിയെന്ന് മോഡിയും അമിത്തും പറഞ്ഞിരിക്കുകയെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എ ഷാജിയുടെ പ്രതികരണം.

മോദിയുടെ പ്രീതി പിടിച്ചു പറ്റാന്‍ മോദിയെ ക്രിസ്തു ആക്കി, കേരളത്തില്‍ വന്നു മലയാളികളുടെ പ്രീതി പിടിച്ചു പറ്റാന്‍ ബീഫ് കഴിക്കാം എന്ന് പറഞ്ഞു, ഇപ്പോള്‍ അവിടെ പോയി സങ്കികളുടെ പ്രീതി പിടിച്ചു പറ്റാന്‍ ബീഫ് കഴിക്കാന്‍ പാടില്ല എന്ന് പറയുന്നു, അധികാരത്തിനും, സ്ഥാനമാനങ്ങള്‍ക്കും വേണ്ടി മനുഷ്യന്‍ പെടുന്ന പെടാ പാട് കാണുമ്പൊള്‍ സഹതാപം തോന്നുന്നു. എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിക്കുന്നത്.

ഗോള്‍ പോസ്റ്റ് മാറ്റല്‍ ഞങ്ങളുടെ ജന്മാവകാശമാണ്. അതിപ്പൊ ബീഫ് ജി ആയാലും ഉള്ളി ജി ആയാലും നോട്ട് ജി ആയാലും പെട്രോള്‍ ആയാലും ആധാര്‍ ആയാലും എന്ത് തേങ്ങ ആയാലും.. എന്ന് പറഞ്ഞാണ് ചിലര്‍ കണ്ണന്താനത്തെ ട്രോളുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഗോവധനിരോധനവും ബീഫ് നിരോധനവും ഇന്ത്യയുടെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ബീഫ്് കഴിക്കാനായി വിദേശികള്‍ ഇവിടേക്ക് വരേണ്ടെന്ന മന്ത്രിയുടെ മറുപടി.

വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ടൂറിസ്റ്റുകള്‍ അവരുടെ രാജ്യത്ത് നിന്ന് ബീഫ് കഴിച്ച ശേഷം ഇങ്ങോട്ട് വന്നാല്‍ മതിയെന്നായിരുന്നു കണ്ണന്താനം പറഞ്ഞു.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement