Administrator
Administrator
കൗതുകവസ്തുക്കളിലൂടെ കേരളചരിത്രമറിയാം
Administrator
Sunday 8th May 2011 1:19pm

തിരുവനന്തപുരം: നഗരഹൃദയത്തിലെ ചരിത്രമുറങ്ങുന്ന മന്ദിരത്തില്‍ അത്യാകര്‍ഷകമായരീതിയില്‍ കേരള ചരിത്ര, പൈതൃക മ്യൂസിയം. തിരുവിതാംകൂര്‍ ചീഫ്‌സെക്രട്ടറിയുടെ ഔദ്യോഗിക വസതിയും പിന്നീട് മന്ത്രിമന്ദിരവുമായ പാര്‍ക്ക് വ്യൂവിലാണ് ടൂറിസം വകുപ്പും സാംസ്‌ക്കാരിക,മ്യൂസിയം വകുപ്പുകളും ചേര്‍ന്ന് ചരിത്രമ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. പ്രസിദ്ധമായ നാപ്പിയര്‍ മ്യസിയത്തിനു സമീപമുള്ള ഈ പൈതൃകമന്ദിരം ഏറെക്കാലം ടൂറിസം വകുപ്പിന്റെ ആസ്ഥാനവുമായിരുന്നു.

പ്രദര്‍ശനത്തിലുപരി പഠനത്തിന് സഹായകമായവിധത്തിലാണ് മ്യൂസിയത്തിലെ സജ്ജീകരണങ്ങളെന്ന് ടൂറിസം സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. ആദ്യം കേരളചരിത്രത്തെക്കുറിച്ച് ഹ്രസ്വചിത്രപ്രദര്‍ശനം. ഓരോ പ്രദര്‍ശന വസ്തുവിനും മുമ്പ് ലഘുവിവരണം. കുടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കിയോസ്‌ക്. തുടര്‍ന്ന് പ്രദര്‍ശന വസ്തുകണ്ടശേഷം ഡിജിറ്റല്‍സ്‌ക്രീനില്‍ അനുബന്ധചിത്രങ്ങളും വിവരങ്ങളും ലഭിക്കും. ഇതിനു പുറമെയാണ് ഗൈഡുകളുടെ സേവനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രകാശവിന്യാസവും പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുന്നതാണ്. ഈ രീതിയില്‍ ശാസ്ത്രീയമായി ക്രമീകരിച്ചിരിക്കുന്ന മ്യൂസിയങ്ങള്‍ ലോകത്തുതന്നെ അപൂര്‍വ്വമാണെന്നും ഡോ. വേണു പറഞ്ഞു.

കേരളചരിത്രം പഠിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും ഈ മ്യൂസിയം ഏറെ സഹായകമാകും. പ്രാചീന ശിലായുഗത്തിലേയും മഹാശിലായുഗത്തിലേയും നവീന ശിലായുഗത്തിലേയും കേരളം ഉള്‍പ്പെടുന്ന ഭൂവിഭാഗത്തിന്റെ ചരിത്രം വിളിച്ചോതുന്ന പ്രദര്‍ശന വസ്തുക്കള്‍ പുനസൃഷ്ടിച്ചത് മ്യൂസിയത്തിലുണ്ട്. ഓരോകാലത്തെയും തെരഞ്ഞെടുത്ത ഏതാനും കൌതുകവസ്തുക്കളുടെ മാതൃകകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളതെങ്കിലും മുഴുവന്‍ കാലഘട്ടത്തെക്കുറിച്ചും അറിയാനും പഠിക്കാനും കഴിയുമെന്നതാണ് സവിശേഷതയെന്നും ഡോ. വേണു വിശദീകരിച്ചു.

7000 ചതുരശ്ര അടി സ്ഥലത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഖനനവേളയില്‍ ലഭിച്ച പുരാവസ്തുക്കള്‍ ചരിത്ര പൈതൃക മ്യൂസിയത്തിലുണ്ട്. കേരളത്തിന്റെ 3000 വര്‍ഷത്തെ ചരിത്രം വിളിച്ചോതുന്നതാണ് ഇവിടുത്തെ നാണയങ്ങളുടെ ശേഖരം. പ്രാചീന കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന റോമന്‍ ദിനാരി, കാശ്, ചക്രം, പണം തുടങ്ങിയ വ്യത്യസ്ത നാണയങ്ങള്‍ ഇവിടെ കാണാം. കേരളത്തില്‍ നടന്നിട്ടുള്ള വൈദേശിക കടന്നുകയറ്റങ്ങളും വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങളും പ്രദര്‍ശന വസ്തുക്കളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും.

കേരളത്തിന്റെ സംഗീത, ശില്പ കലാപാരമ്പര്യം, പ്രാചീന ക്ഷേത്രകലകള്‍, പ്രാചീനസമൂഹങ്ങളുടെ ജീവിതശൈലി എന്നിങ്ങനെ ചരിത്രത്തിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്ന പ്രദര്‍ശനമാണ് പരമിതമായ സ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്നത്. കല്ലിലും, തടിയിലും, ലോഹത്തിലും വിവിദ കാലഘട്ടങ്ങളില്‍ തീര്‍ത്ത വിഗ്രഹങ്ങളും ശില്‍പ്പങ്ങളും പ്രദര്‍ശനത്തിലുണ്ട്. പെരിയാരിന്റെ തീരത്ത് ഖനനത്തില്‍ ലഭിച്ച നവീന ശിലായുഗത്തിലേതെന്നു കരുതുന്ന കഴുവും കോഴിക്കോട് കുരുവെട്ടൂരില്‍ കണ്ടെടുത്ത 2000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നു കരുതുന്ന , മൃതദേഹം മറവു ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മണ്‍കുടവും മ്യൂസിയത്തിലുണ്ട്. വിവിധ സംഗീത,വാദ്യ ഉപകരണങ്ങള്‍ അവയുടെ കാലവും ചരിത്രവും വ്യക്തമാകും വിധമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തെയ്യവും കളമെഴുത്തും ചുവര്‍ചിത്രങ്ങളും കാണാനും അവയെക്കുറിച്ച് മനസ്സിലാക്കാനും അവസരമൊരുക്കിയിട്ടുണ്ട്.

പുരാതന കേരളീയഗൃഹങ്ങളുടെ മുഖമുദ്രയായിരുന്ന പൂമുഖവും നാലുകെട്ടും നടുമുറ്റവും അടുക്കളയുമെല്ലാം ഇവിടെ കാണാം. കേരളീയഗൃഹങ്ങളില്‍ പണ്ടുപയോഗിച്ചിരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും പ്രദര്‍ശനത്തിനുണ്ട്. പഴയ തലമുറയ്ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളും പുതുതലമുറയ്ക്ക് അറിവിന്റെ അക്ഷയഖനിയുമാണ് ഈ ചരിത്രപൈതൃക മ്യുസിയം.

പ്രായപൂര്‍ത്തിയായവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയും ഈടാക്കിയാണ് പ്രവേശനം. വിദേശ സഞ്ചാരികള്‍ക്ക് 200 രൂപയാണ് പ്രവേശന ഫീസ്.പുരാവസ്തു പഠനത്തിലും ചരിത്രത്തിലും മികവുതെളിയിച്ച ഗൈഡുകളെയാണ് മ്യൂസിയത്തില്‍ നിയോഗിച്ചിട്ടുള്ളത്.

Advertisement