ത്രിപുരയിലെ കര്‍ഷക റാലിയില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ബി.ജെ.പി
India
ത്രിപുരയിലെ കര്‍ഷക റാലിയില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
Saturday, 16th November 2019, 12:52 pm

അഗര്‍ത്തല: ത്രിപുരയിലെ കര്‍ഷക റാലിയില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കും നേരെ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം.

ത്രിപുരയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന കര്‍ഷക സമരത്തില്‍ ആയിരങ്ങളായിരുന്നു പങ്കെടുത്തത്. സംസ്ഥാന സർക്കാർ സമരത്തിന് അനുമതി നിഷേധിച്ചിരുന്നു.

കര്‍ഷക സമരത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ഷകരുടെ പ്രതിഷേധ റാലി കഴിഞ്ഞ് അഗര്‍ത്തലയില്‍ നിന്ന് മടങ്ങിയെത്തിയ സി.പി.ഐ.എം അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയായിരുന്നു സൗത്ത് ത്രിപുര ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് ആക്രമണം നടന്നത്.

സബ്രൂം സബ്  ഡിവിഷനിലെ സി.പി.ഐ.എമ്മിന്റെ നേതാവായ മണിക്ക് ദേബ്‌നാഥ് ആണ് ആക്രമിക്കപ്പെട്ടവരിൽ ഒരാൾ. അക്രമികള്‍ ഇദ്ദേഹത്തിന്റെ തലയടിച്ച് പൊട്ടിക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റാലി കഴിഞ്ഞ് മടങ്ങിപ്പോകുന്നവരെ പൊതുഗതാഗതം സംവിധാനം ഉപയോഗിക്കാന്‍ അനുവദിക്കാതെയും ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതായി പരാതി ഉണ്ടായിരുന്നു.

അക്രമ സംഭവങ്ങളെ അപലപിച്ച് ആള്‍ ഇന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) രംഗത്തെത്തി. ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര, സംസഥാന സർക്കാരുകൾ കര്‍ഷകര്‍ക്കായി ഒരു പദ്ധതികളും ആവിഷ്‌കരിച്ചില്ലെന്നും കര്‍ഷകര്‍ക്കെതിരായ നയങ്ങളാണ് കൈക്കൊള്ളുന്നത് എന്നും കർഷകർ ആരോപിച്ചു.

12 ആവശ്യങ്ങളടങ്ങിയ ചാര്‍ട്ടര്‍ ഉയര്‍ത്തിക്കൊണ്ട് കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ മാണിക്ക് സര്‍ക്കാരായിരുന്നു നേതൃത്വം നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണത്തിലേറി ഇരുപതു മാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും കൃഷിക്കാര്‍ക്ക് നല്‍കേണ്ട മിനിമം ആനുകൂല്യം പോലും നിഷേധിച്ചും കാര്‍ഷിക മേഖലയിലെ വിവിധ സബ്‌സിഡികള്‍ കുറച്ചുകൊണ്ടും പാവപ്പെട്ട കര്‍ഷകരുടെ വരുമാന സ്രോതസ്സ് നശിപ്പിക്കുകയാണ് ബി.ജെ.പിയെന്നും മുന്‍ എം.പിയും ജി.എം.പി പ്രസിഡന്റുമായ ജിതേന്ദ്ര ചൗധരി പറഞ്ഞു.

ബുധനാഴ്ച രാവിലെ അഗര്‍ത്തലയിലെ മെലാര്‍മത്ത് പ്രദേശത്ത് നിന്ന് ആരംഭിക്കേണ്ടിയിരുന്ന റാലി ഭരണകൂടത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.  പിന്നീട് അഖിലേന്ത്യാ കിസാന്‍ സഭയും (എ.ഐ.കെ.എസ്) ത്രിപുര ഖേത് മസ്ദൂറും ഒത്തുചേര്‍ന്ന് നഗരത്തിലെ മൊഹാനിയില്‍ ഒത്തുചേര്‍ന്ന് കൂറ്റന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയായിരുന്നു.