എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീങ്ങളെ സ്‌നേഹിക്കുന്നവരെ ഇവിടെ കൊണ്ടുവരും; യുവാക്കള്‍ ഹിന്ദുമതത്തിലേക്ക് മാറാന്‍ തയ്യാറായാല്‍ വിവാഹം നടത്തും: തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു
എഡിറ്റര്‍
Thursday 28th September 2017 8:39am

കണ്ണൂര്‍:തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിനി രംഗത്ത്. യോഗാ കേന്ദ്രത്തിന്റെ മറവില്‍ മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്നും മുസ്‌ലിം യുവാക്കളെ പ്രേമിച്ച, അല്ലെങ്കില്‍ വിവാഹം കഴിച്ച ഹിന്ദു യുവതികളാണ് ഇവിടെ കൂടുതലായി ഉള്ളതെന്നും പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ ഓഡിയോ ഡൂള്‍ന്യൂസിനു ലഭിച്ചു. തൃശൂരിലെ സാമൂഹിക പ്രവര്‍ത്തകന്‍ പെണ്‍കുട്ടിയുമായി സംസാരിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

മുസ്‌ലിം യുവാക്കളെ പ്രേമിച്ച ഹിന്ദു പെണ്‍കുട്ടികളാണ് ഇവിടെ കൂടുതലായി ഉള്ളത്. ഇവരെ കൗണ്‍സില്‍ ചെയ്ത് പ്രണയിക്കുന്ന യുവാക്കളുടെ ഫോണ്‍ നമ്പറും മറ്റും സംഘടിപ്പിക്കും. ശേഷം അവരെ വിളിച്ച് നിങ്ങള്‍ മതംമാറാന്‍ തയ്യാറാണെങ്കില്‍ വിവാഹം നടത്തിത്തരാമെന്ന് പറയുകയാണ് ചെയ്യുന്നതെന്നാണ് രണ്ടു പെണ്‍കുട്ടി
പറയുന്നത്. ഇത്തരത്തില്‍ ചില യുവാക്കളെ മതംമാറ്റം നടത്തിയതായും രണ്ടു പെണ്‍കുട്ടി പേരെടുത്ത് പറയുന്നുണ്ട്.


Also Read: ‘ഇങ്ങോട്ട് ഇറങ്ങിപ്പോകരുത്’ ജോധ്പൂരില്‍ ബാബ രാംദേവിനെതിരെ ജനരോഷം: പ്രതിഷേധം ഭയന്ന് മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലംവിട്ട് യോഗഗുരു; വീഡിയോ കാണാം


വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇത്തരംമതംമാറ്റവും വിവാഹവുമെന്നും  പെണ്‍കുട്ടി പറയുന്നു. മറ്റുമതത്തില്‍പ്പെട്ട പെണ്‍കുട്ടികളുമായി ഇവിടെ ഹിന്ദു യുവാക്കള്‍ എത്താറുണ്ടെന്നും പെണ്‍കുട്ടിയെ ഹിന്ദുമതത്തിലേക്ക് മതംമാറ്റിയശേഷം വിവാഹം നടത്തിക്കൊടുക്കാറാണ് ഇവിടെ നിന്നും ചെയ്യുന്നതെന്നും അശ്വതി പറയുന്നു.

പെണ്‍കുട്ടി പറഞ്ഞത്:

‘ഞങ്ങള്‍ വെയ്സ്റ്റ് കളയാന്‍ വേണ്ടി പോയതായിരുന്നു. അടുക്കളയുടെ പുറകില്‍. അവിടെയൊരു പാത്രം വെച്ചിട്ടുണ്ടായിരുന്നു. അത് കമഴ്ത്തിവെച്ച് അതിനുമുകളില്‍ കയറി ഞങ്ങള്‍ ചാടുകയായിരുന്നു.

ഞങ്ങള്‍ തന്നെയാണ് കിച്ചനില്‍ മെയ്ന്‍. മറ്റാരും വറാറില്ല. ഞങ്ങള്‍ മറ്റൊരു സെന്ററിലാണ്. അവിടെയുള്ള ചേച്ചിമാര്‍ക്ക് ഫുഡ് ഉണ്ടാക്കുകയാണ് ഞങ്ങളുടെ പണി.

അപ്പുറത്തെ സെന്ററില്‍ പത്തറുപത് പേരുണ്ട്. അവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലീങ്ങളുമെല്ലാമുണ്ട്. മുസ്‌ലിം യുവാക്കളെ സ്‌നേഹിച്ചവരാണ് അവിടെ കൂടുതലുള്ളത്.

ആദ്യം ഞാനും അപ്പുറത്തെ സെന്ററിലായിരുന്നു. പനി വന്നതിനെ തുടര്‍ന്നാണ് ഇങ്ങോട്ടേക്ക് മാറിയത്. പിന്നെ ഇവിടെയായി. ഞാനിപ്പോഴുണ്ടായിരുന്ന സെന്ററില്‍ പത്തോളം പേരെയുള്ളൂ. അതില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമാണ് പുറത്തുനിന്നുള്ളത്. ബാക്കിയുള്ളവര്‍ അവിടെ പ്രവര്‍ത്തിക്കുന്നവരാണ്.

മറ്റൊരു പെണ്‍കുട്ടി ഒരു മുസ്‌ലിം പയ്യനുമായി പ്രണയത്തിലാണ്. അവളോട് സാറ് പറഞ്ഞത്

മുസ്‌ലീങ്ങളെ സ്‌നേഹിക്കുന്നവരെ ഇവിടെ കൊണ്ടുവരും. എന്നിട്ട് ഈ സാറ് അവരോട് പറയും നിങ്ങളുടെ ചെറുക്കന്മാരുടെ നമ്പര്‍ കൊണ്ടുവാ ഫേസ്ബുക്ക് ഐഡിയും തായെന്ന്. എന്നിട്ട് അവരോട് പറയും നിങ്ങള്‍ക്ക് ഹിന്ദുമതത്തിലോട്ട് വരാന്‍ താല്‍പര്യമാണെങ്കില്‍ നിങ്ങളുടെ കല്ല്യാണം ഞാന്‍ നടത്തിത്തരും, വീട്ടുകാരുടെ സമ്മതം ഇല്ലാതെ തന്നെയെന്ന്.

തിരുവനന്തപുരത്തുനിന്നും ഒരു കുട്ടി വന്നിരുന്നു. അത് ഒളിച്ചോടിയിട്ട് വന്നതാണ്. ഒരു മുസ്‌ലീം പെണ്‍കുട്ടിയുമായി. അപ്പോള്‍ തന്നെ ആ കുട്ടിയെ ഹിന്ദുവിലേക്ക് മാറ്റിയിട്ട് അവരെന്നെ കല്ല്യാണം കഴിപ്പിച്ചുകൊടുത്തു.

മെനിഞ്ഞാന്ന് ഒരു കല്ല്യാണം നടന്നു. നബീല്‍ എന്നു പറഞ്ഞ ഏട്ടനെ ഹിന്ദുവാക്കി ശ്രീനാഥാക്കി. വീട്ടുകാര്‍ക്ക് ഇതൊന്നും അറിയില്ല. മക്കള് ചെയ്ത തെറ്റ് തിരുത്തിക്കാന്‍ എന്ന് വിശ്വസിച്ചാണ് വീട്ടുകാര്‍ ഇവിടെ വിടുന്നത്. എന്നാല്‍ ഇവിടെ ചെയ്യുന്നത് മുസ്‌ലീങ്ങളെയും ക്രിസ്ത്യാനികളെയും സ്‌നേഹിക്കുന്നവരെ സപ്പോട്ട് ചെയ്ത് അവരെ മതംമാറാന്‍ തയ്യാറാണെങ്കില്‍ വിവാഹം നടത്തിക്കൊടുക്കുകയാണ്.

രണ്ടാഴ്ച മുമ്പാണ് യോഗാ കേന്ദ്രത്തില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടത്. രാത്രി രണ്ടു പെണ്‍കുട്ടികളെ
ശ്രദ്ധയില്‍പ്പെട്ട ഒരു ടാക്‌സി ഡ്രൈവര്‍ ഇവരെ വീട്ടിലേക്കു തിരിക്കാന്‍ സഹായിക്കുകയായിരുന്നു. മുട്ടോളം ചെളിയിലായിരുന്നു താന്‍ കാണുമ്പോള്‍ ഈ പെണ്‍കുട്ടികള്‍ എന്നാണ് സംഭവത്തെക്കുറിച്ച് ടാക്‌സി ഡ്രൈവര്‍ പറയുന്നത്. കയ്യിലുണ്ടായിരുന്ന മൊട്ടുകമ്മല്‍ നേരെ നീട്ടി രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് യാത്രാചിലവിനുള്ളില്‍ കാശും നല്‍കി റെയില്‍വേ സ്റ്റേഷനിലെത്തിക്കുകയാണുണ്ടായതെന്നും ഡ്രൈവര്‍ പറയുന്നു.

Advertisement