തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ബി.ജെ.പിയിലേക്ക്; മറ്റ് എം.പിമാരുമായി ബ.ജെ.പി നിരന്തര ബന്ധം പുലര്‍ത്തുന്നതായി റിപ്പോര്‍ട്ട്
national news
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ബി.ജെ.പിയിലേക്ക്; മറ്റ് എം.പിമാരുമായി ബ.ജെ.പി നിരന്തര ബന്ധം പുലര്‍ത്തുന്നതായി റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Wednesday, 9th January 2019, 9:20 pm

കൊല്‍ക്കത്ത: ബിഷ്ണുപുരില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗമിത്ര ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഒരു ആന്റിയുടെയും മരുമകന്റേയും പാര്‍ട്ടിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറി എന്നാരോപിച്ചായിരുന്നു രാജി.

തൃണമുല്‍ കോണ്‍ഗ്രസ് വിടുന്ന ആദ്യ ലോക്‌സഭാ എം.പിയാണ് സൗമിത്ര ഖാന്‍. നേരത്തെ, 2017ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിയായിരുന്ന മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഞാനൊരു യുവ നേതാവാണ്. എനിക്ക് തെരഞ്ഞെടുപ്പുകളിലെ കള്ളത്തരങ്ങള്‍ കണ്ടു നിില്‍ക്കാന്‍ കഴിയില്ല എന്ന് ഖാന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, സൗമിത്രാ ഖാനെയും ബോല്‍പുരില്‍ നിന്നുള്ള മറ്റൊരു ലോക്‌സഭാ എം.പി അനുപം ഹസാരയെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു.

Also Read:  പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ മതനിരപേക്ഷതക്ക് അപവാദം; റാംപുനിയാനി

ബംഗാളില്‍ സിന്‍ഡിക്കേറ്റ് രാജും പൊലീസ് രാജുമാണുള്ളതെന്ന് സൗമിത്ര ആരോപിച്ചു. തന്റെ മണ്ഡലം ഉള്‍പ്പെടുന്ന ബാങ്കുരയില്‍ ഇത് വളരെ പ്രകടമാണ്. രാജ്യത്തെ മറ്റിടങ്ങളെല്ലാം സമാധാനം പുലരുമ്പോള്‍ ബംഗാളിലെ ക്രമസമാധാനനില ദിനേന വഷളാവുകയാണ്.

“തെക്കന്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ചിലരാണ് പാര്‍ട്ടി നിയന്ത്രിക്കുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി ആരും പ്രവര്‍ത്തിക്കുന്നില്ല.ഓരോ തവണ ഇതിനെതിരെ സംസാരിക്കാന്‍ ശ്രമിക്കുമ്പോഴും എനിക്ക് ഭീഷണി നേരിടേണ്ടി വന്നു” ഖാന്‍ പറഞ്ഞു.

ഖാന്‍ ഇന്ന് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജെനറല്‍ സെക്രട്ടറിയും നിലവില്‍ ബി.ജെ.പി നേതാവുമായ മുകുള്‍ റോയിയുമായി കൂടിക്കാഴ്ച്ച നടത്തി. തൃണമൂല്‍ കോണ്‍ഗ്രസിലെ മറ്റ് എം.പിമാരുമായി ബ.ജെ.പി നിരന്തര ബന്ധം പുലര്‍ത്തുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഫോട്ടോ കടപ്പാട്: എ.എന്‍.ഐ