തൃണമൂല്‍ സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് പരാതി നല്‍കി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ
national news
തൃണമൂല്‍ സ്ഥാനാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് പരാതി നല്‍കി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th April 2021, 10:06 pm

കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് ബാധിച്ച് തൃണമൂല്‍ സ്ഥാനാര്‍ത്ഥി മരിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് പരാതി നല്‍കി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ. ഖാര്‍ദാഹ് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ കാജല്‍ സിന്‍ഹയുടെ ഭാര്യ നന്ദിത സിന്‍ഹയാണ് പരാതിയുമായി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനാസ്ഥയാണ് തന്റെ ഭര്‍ത്താവിന്റെ ജീവനെടുത്തതെന്നും കൊവിഡ് വ്യാപന കാലത്ത് ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയ കമ്മീഷന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും നന്ദിത പറഞ്ഞു.

‘കൊറോണ വൈറസിനെതിരെ രാജ്യം മുഴുവന്‍ പോരാടുമ്പോള്‍ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു കമ്മീഷന്റെ ശ്രമം. തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതും നമ്മള്‍ കണ്ടതാണ്. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്നറിയിച്ച് രണ്ട് തവണ തൃണമൂല്‍ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നതാണ്. അവര്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല,’ പരാതിയില്‍ പറയുന്നു.

അതേസമയം ബംഗാളില്‍ കൊവിഡ് വ്യാപിക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് തൃണമൂല്‍ നേതാവ് സൗഗത റോയി പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കൈകളില്‍ കൊവിഡ് രോഗികളുടെ രക്തമാണെന്നാണ് തൃണമൂല്‍ സൗഗത റോയി പറഞ്ഞത്.

കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളി കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൗരവത്തില്‍ എടുത്തില്ലെന്നും അതുകൊണ്ടാണ് കൊവിഡിന്റെ ‘ സൂപ്പര്‍ സ്പ്രെഡിന്’ കാരണമായതെന്നുമാണ് സൗഗത റോയി പറഞ്ഞിരുന്നു.

കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശേഷിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന് അത് ചെവിക്കൊണ്ടില്ലെന്നും റോയി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Trinamool Candidate Dies Of Covid, Wife Accuses Election Body Of Murder